10 October Thursday

സാഹിത്യത്തിനുള്ള നൊബേൽ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങിന്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

photo credit: X

സ്റ്റോക്‌ഹോം > 2024 ലെ സാഹിത്യത്തിനുള്ള നൊബേൽ  ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങിന്. ചരിത്രത്തിലാദ്യമായാണ്‌ സാഹിത്യത്തിൽ ദക്ഷിണ കൊറിയ നൊബേൽ  നേടുന്നത്‌. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യ ജീവിതത്തിന്റെ ദുർബലത തുറന്നുകാട്ടുകയും ചെയ്യുന്നു ഹാൻ കാങിന്റെ  രചനകൾ എന്നതാണ്‌  അവരെ പുരസ്കാരത്തിന് അർഹയാക്കിയതെന്ന്‌ നൊബേൽ സമ്മാന സമിതി പറഞ്ഞു.

1970ൽ ദക്ഷിണ കൊറിയയിലെ ഗ്വാങ്ജുവിലാണ് ഹാൻ കാങ് ജനിച്ചത്. 1993ൽ മുൻഹാക് -ഗ്വാ- സാഹോയിൽ (സാഹിത്യവും സമൂഹവും) "വിന്റർ ഇൻ സിയോൾ" എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചുകൊണ്ടാണ്‌ ഹാൻ കാങ് സാഹിത്യലോകത്തിലേക്ക്‌ കടന്നുവരുന്നത്.  അഞ്ച് കവിതകളാണ്‌ ഈ സമാഹാരത്തിൽ ഉൾപ്പെട്ടിരുന്നത്‌. പിന്നീട്‌ റെഡ് ആങ്കർ,  യെയോസു,  ഫ്രൂട്ട്സ് ഓഫ് മൈ വുമൺ (2000), യുവർ കോൾഡ്‌ ഹാൻഡ്‌സ്‌ (2002), ദി വെജിറ്റേറിയൻ (2007), ബ്രെത്ത് ഫൈറ്റിംഗ് (2010), ഗ്രീക്ക് ലെസൺസ് (2011), ഹ്യൂമൻ ആക്റ്റ്സ് (2014), ദി വൈറ്റ് ബുക്ക് (2016), തുടങ്ങിയ നോവലുകളും ഐ പുട്ട് ദി ഈവനിംഗ് ഇൻ ദ ഡ്രോയർ (2013) എന്ന കവിതാസമാഹാരവും പ്രസിദ്ധീകരിച്ചു.  ദി വെജിറ്റേറിയൻ എന്ന പുസ്തകത്തിന്‌ 2016 ലെ അന്താരാഷ്ട്ര ബുക്കർ പ്രൈസ്‌ ലഭിച്ചിരുന്നു. ബുക്കറും ദക്ഷിണ കൊറിയ ആദ്യമായി നേടുന്നത്‌ ഹാൻ കാങിലൂടെയാണ്‌.

'ഐ ഡു നോട്ട് ബിഡ് ഫെയർവെൽ' ആണ്‌ ഹാൻ കാങിന്റെ ഏറ്റവും പുതിയ നോവൽ. ഈ കൃതി 2023ൽ ഫ്രാൻസിൽ മെഡിസിസ് പുരസ്‌കാരവും 2024ൽ എമിൽ ഗൈമെറ്റ് പുരസ്‌കാരവും കരസ്ഥമാക്കിയിരുന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top