ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) പരീക്ഷിച്ചതായി ഉത്തര കൊറിയ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്തുകൊണ്ടാണ് ഉത്തര കൊറിയ ഇപ്പോൾ മിസൈൽ പരീക്ഷണം നടത്തിയത്? ഈ മിസൈൽ എത്ര അപകടകരമാണ്? ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം ലോകത്തിന് ഒരു ആശങ്കയാണോ? ഇത്തരത്തിൽ നിരവധി സംശയങ്ങളാണ് നിലനിൽക്കുന്നത്.
ആണവ പ്രതിരോധം ശക്തിപ്പെടുത്തുക എന്നതാണ് ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ ലക്ഷ്യം എന്നാണ് വിദഗ്‌ദർ പറയുന്നത്. യുഎസ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അമേരിക്കയുടെ ശ്രദ്ധ ആകർഷിക്കുന്നതിനും ഉക്രെയ്നിലെ യുദ്ധത്തിന് പിന്തുണ നൽകാൻ ഉത്തരകൊറിയ റഷ്യയിലേക്ക് സൈന്യത്തെ വിന്യസിച്ചുവെന്ന വിമർശനത്തിന് മറുപടി നൽകുന്നതിനുമാണ് പരീക്ഷണം ലക്ഷ്യമിടുന്നതെന്നും പറയപ്പെടുന്നു.
ഈ വിക്ഷേപണത്തിൽ ഉത്തര കൊറിയക്ക് സാങ്കേതിക വൈദഗ്ധ്യം നൽകാൻ റഷ്യ മുൻകയ്യെടുത്തതായും ചില വിദഗ്ധർ കരുതുന്നുണ്ട്. ഉക്രെയ്‌ൻ റഷ്യ യുദ്ധത്തിൽ റഷ്യയിലേക്ക് സൈന്യത്തെ അയക്കുന്നതിന് പകരമായി റഷ്യയിൽ നിന്ന് പുതിയ ഐസിബിഎം സാങ്കേതികവിദ്യ ഉത്തര കൊറിയ സ്വന്തമാക്കുമെന്ന് ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രി ബുധനാഴ്ച പറഞ്ഞിരുന്നു.
റഷ്യയിലേക്ക് സൈന്യത്തെ മാത്രമല്ല പീരങ്കികളും റോക്കറ്റുകളും മിസൈലുകളും നിറച്ച 13,000 ഷിപ്പിംഗ് കണ്ടെയ്‌നറുകളും ഉത്തര കൊറിയ അയച്ചിട്ടുണ്ടെന്നാണ് ദക്ഷിണ കൊറിയ പറയുന്നത്.
എന്നാൽ ഉത്തര കൊറിയൻ സൈനിക ഉദ്യോഗസ്ഥർ പറയുന്നത് പ്യോങ്‌യാങിന്റെ മിസൈൽ പദ്ധതി വളരെ പുരോഗമിച്ചതാണെന്നും അതിന് മറ്റു രാജ്യങ്ങളുടെ സഹായം ആവശ്യമില്ല എന്നുമാണ്. 'ഹ്വാസോങ്-19' എന്ന് പേരിട്ടിരിക്കുന്ന 'ഐസിബിഎം' മിസൈലിനെ ലോകത്തിലെ ഏറ്റവും ശക്തമായ മിസൈലായാണ് ഉത്തരകൊറിയ വിശേഷിപ്പിക്കുന്നത്.
ഉത്തര കൊറിയയുടെ ഈ മിസൈൽ പരീക്ഷണം രാജ്യത്തിന്റെ സുരക്ഷാ ഭീഷണിയെ ചെറുക്കാൻ കിം ജോങ് അൻ നടത്തുന്ന സൈനിക നടപടിയായാണ്. സുരക്ഷക്കായി ആണവായുധ ശേഖരം ശക്തിപ്പെടുത്തുക എന്നത് ഉത്തരകൊറിയയുടെ നയമാണെന്നും അത് ഉത്തര കൊറിയ ഉപേക്ഷിക്കില്ലെന്നുമാണ് മിസൈൽ പരീക്ഷണത്തെ അടിസ്ഥാനപ്പെടുത്തി റിപ്പോർട്ടുകൾ പറയുന്നത്.
അടുത്തയാഴ്ച യുഎസ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര കൊറിയ മിസൈൽ പരീക്ഷണമോ ആണവപരീക്ഷണമോ നടത്തിയേക്കുമെന്നും ദക്ഷിണ കൊറിയ മുന്നറിയിപ്പ് നൽകി. യുഎസിനുള്ള മറുപടിയായാണ് ഉത്തര കൊറിയ ഈ പരീക്ഷണം നടത്തിയതെന്ന് കൊറിയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ യൂണിഫിക്കേഷനിലെ സീനിയർ അനലിസ്റ്റ് ഹോങ് മിൻ എഎഫ്‌പിയോട് പറഞ്ഞു. ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്ന് അമേരിക്കയിലേക്ക് എത്തിക്കാൻ കഴിയുന്ന മിസൈലാണ് ഇത് എന്നതാണ് അമേരിക്കക്കൊരു ഭീഷണിയായി മാറുന്നതും.
വ്യാഴാഴ്ചത്തെ മിസൈൽ വിക്ഷേപണം വളരെ പ്രധാനപ്പെട്ട ഐസിബിഎം പരീക്ഷണമായിരുന്നുവെന്നാണ് ഉത്തരകൊറിയ അവകാശപ്പെടുന്നത്. ഇത്തരം മിസൈലുകൾക്ക് കുറഞ്ഞത് 5,500 കിലോമീറ്റർ (3,400 മൈൽ) ദൂരപരിധിയുണ്ട്. അവ പ്രാഥമികമായി ആണവായുധങ്ങൾ എത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്. അതിനാൽ ഈ മിസൈൽ പരീക്ഷണം യുഎസിനുള്ള കിം ജോങ് ഉന്നിന്റെ ഭീഷണിയായിരിക്കാം. യുഎസിനെതിരെ ആണവായുധങ്ങൾ വിക്ഷേപിക്കാനുള്ള ശേഷി റഷ്യയ്ക്കും ഉത്തരകൊറിയയ്ക്കും ഉണ്ടെന്നാണ് ഈ വിക്ഷേപണം കാണിക്കുന്നത് എന്നാണ് ഹോങ് മിൻ പറയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..