25 November Monday

പതിനെട്ട്‌ വയസിന്‌ മുമ്പ്‌ എട്ടിൽ ഒരു സ്ത്രീ ലൈംഗികാതിക്രമത്തിന്‌ ഇരയാവുന്നു; യുണിസെഫ്‌ റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

photo credit:x

ന്യൂയോർക്ക്‌> പതിനെട്ട്‌ വയസ്‌ പൂർത്തിയാകുന്നതിന്‌ മുമ്പ്‌ ലോകത്തിലെ എട്ടിൽ ഒരു സ്ത്രീ ലൈംഗികാതിക്രമത്തിന്‌ ഇരയാവുന്നതായി യുണിസെഫ്‌ റിപ്പോർട്ട്‌. 37കോടിയിലധികം സ്ത്രീകളും പെൺകുട്ടികളുമാണ്‌ ഇത്തരത്തിൽ ആക്രമണത്തിന്‌ ഇരയാക്കപ്പെട്ടിട്ടുള്ളത്‌. അന്താരാഷ്ട്ര ബാലികാദിനത്തിന് മുന്നോടിയായാണ് യുണിസെഫ്‌ റിപ്പോർട്ട്‌ പുറത്തുവിട്ടത്. ലൈംഗിക ചുവയുള്ള സംസാരം, ലൈംഗികാവയവ പ്രദര്‍ശനം എന്നിവയുള്‍പ്പടെയുള്ള അതിക്രമങ്ങള്‍ക്ക് 65 കോടിയിലേറെ പേര്‍  ഇരയായിട്ടുണ്ടെന്നും സംഘടന പറയുന്നു.  

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളെ  നമ്മുടെ ധാർമ്മിക ബോധത്തിനുമേലുള്ള കളങ്കമാണെന്ന് യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പറഞ്ഞു. കുട്ടിക്ക് സുരക്ഷിതത്വം തോന്നേണ്ട സ്ഥലങ്ങളിലാണ്‌ ഇത്‌ പലപ്പോഴും സംഭവിക്കുന്നതെന്നും അറിയാവുന്നതും വിശ്വസിക്കുന്നതുമായ ഒരാളാൽ അവർ ആക്രമിക്കപ്പെടുന്നുവെന്നും കാതറിൻ ചൂണ്ടിക്കാട്ടി.

റിപ്പോർട്ടനുസരിച്ച്‌ സബ്-സഹാറൻ ആഫ്രിക്കിലാണ്‌ ഇത്തരത്തിൽ കുട്ടികൾ ഏറ്റവും കൂടുതൽ അതിക്രമങ്ങൾക്ക്‌ ഇരയാക്കപ്പെട്ടിട്ടുള്ളത്‌.  7.9 കോടി  സ്ത്രീകളും പെൺകുട്ടികളുമാണ്‌ ഇവിടെ ആക്രമിക്കപ്പെട്ടത്‌. കിഴക്കൻ, തെക്ക്-കിഴക്കൻ ഏഷ്യയിൽ 7.5 കോടി, മധ്യ, ദക്ഷിണേഷ്യയിൽ 7.3 കോടി, യൂറോപ്പിലും വടക്കേ അമേരിക്കയിലും  6.8 കോടി, ലാറ്റിൻ അമേരിക്കയിലും കരീബിയയിലും 4.5 കോടി സ്‌ത്രീകളും കുട്ടികളുമാണ്‌ ആക്രമിക്കപ്പെട്ടിട്ടുള്ളത്‌. സംഘർഷങ്ങളും യുദ്ധവും ഇതിന്റെ ആഘാതം കൂട്ടുന്നതായും റിപ്പോർട്ടിൽ പറയുന്നു. അഭയാർഥി ക്യാമ്പുകളിലും യുഎൻ സമാധാന ദൗത്യങ്ങൾക്ക് കീഴിലുള്ള പ്രദേശങ്ങളിലും പെൺകുട്ടികൾ  സുരക്ഷിതരല്ലെന്നും കാതറിൻ  കൂട്ടിച്ചേർത്തു.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കൂടുതലും സംഭവിക്കുന്നത് കൗമാരത്തിലാണ്, 14 നും 17 നും ഇടയിൽ പ്രായമുള്ളവരാണ്‌ കൂടുതലായും ഇരയാക്കപ്പെടുന്നത്‌.  ഇത്തരത്തിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ ആഗോള തലത്തിൽ  ഇടപെടലുകൾ നടത്തേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്‌.

ലൈംഗികാതിക്രമങ്ങളെ അതിജീവിക്കുന്നവർ നേരിടുന്ന മാനസിക ബുദ്ധിമുട്ടുകളും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.  ഉത്കണ്ഠയും വിഷാദരോഗം  പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ,  ലൈംഗികമായി പകരുന്ന അസുഖങ്ങൾ, ലഹരിവസ്തുക്കളുടെ ദുരുപയോഗം, ആരോഗ്യകരമായ ബന്ധങ്ങൾ രൂപീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്കുള്ള സാധ്യതയും കൂടുതലാണ്. ആൺകുട്ടികളും ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നതായി  റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്‌.

കുട്ടികൾക്കെതിരായ അതിക്രമങ്ങളെ സംബന്ധിച്ച്‌ അടുത്ത മാസം ആഗോളതലത്തിൽ മന്ത്രിമാരുടെ യോഗം നടക്കാനിരിക്കെയാണ്‌ യുണിസെഫിന്റെ റിപ്പോർട്ട്‌ പുറത്തുവന്നിരിക്കുന്നത്‌.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top