22 December Sunday

യുഎസിൽ ദക്ഷിണേഷ്യക്കാർക്കെതിരെ വിദ്വേഷം വർധിക്കുന്നു; റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

photo credit: X

അമേരിക്കയിൽ  ദക്ഷിണേഷ്യൻ വിദ്വേഷം വർധിക്കുന്നതായി റിപ്പോർട്ട്‌. സ്‌റ്റോപ്പ്‌ എഎപിഐ ഹേറ്റ്‌ (ഏഷ്യൻ അമേരിക്കൻസ് പസഫിക് ഐലൻഡേഴ്സ്)ന്റെ "എംപവേർഡ്‌/ ഇംപീരിയൽഡ്‌: ദി റൈസ്‌ ഓഫ്‌ സൗത്ത്‌ ഏഷ്യൻ റപ്രസെന്റേഷൻ ആൻഡ്‌ ആന്റി സൗത്ത്‌ ഏഷ്യൻ റേസിസം" എന്ന  റിപ്പോർട്ടിലാണ്‌ യുഎസിൽ

ദക്ഷിണേഷ്യക്കാർക്കെതിരെയുള്ള  വിദ്വേഷം വർധിക്കുന്നതായി പറയുന്നത്‌. 2023 ജനുവരി മുതൽ 2024 ആഗസ്ത്‌ വരെയുള്ള കണക്കുകളാണിത്‌. ഓൺലൈൻ വഴിയുള്ള വിദ്വേഷ പ്രചരണത്തെ മാത്രം അടിസ്ഥാനമാക്കിയാണ്‌ ഈ കണക്ക്‌.

ഓൺലൈൻ ഇടങ്ങളിൽ ഏഷ്യൻ വിരുദ്ധ വിദ്വേഷം ക്രമാതീതമായി ഉയരുന്നതായാണ്‌ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ. അതിൽ ഏറ്റവും കൂടുതൽ ദക്ഷിണേഷ്യക്കാർക്കെതിരെയാണ്‌. ഏഷ്യൻ വിരുദ്ധ അധിക്ഷേപങ്ങളിൽ 60 ശതമാനവും ദക്ഷിണേഷ്യക്കാരെ ലക്ഷ്യമിട്ടിട്ടുള്ളതാണ്‌. കണക്കുകൾ പ്രകാരം ദക്ഷിണേഷ്യൻ വിരുദ്ധതയും അധിക്ഷേപങ്ങളും കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയായി. അതായത്‌ ഏകദേശം 23,000-ൽ നിന്ന് 46,000-ലധികം ആയി ഉയർന്നിട്ടുണ്ടെന്ന്‌ റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു. അമേരിക്കൻ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി വിദ്വേഷ പ്രചരണത്തിന്റെ തൊത്‌ വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

2022-ലെ യുഎസ് സെൻസസ് ബ്യൂറോയിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ഏകദേശം 4.8 ദശലക്ഷം ഇന്ത്യക്കാരാണ്‌ അമേരിക്കയിലുള്ളത്‌ . പ്യൂ റിസർച്ച് സെന്റർ പറയുന്നതനുസരിച്ച്, അമേരിക്കയിലെ മൊത്തം ഏഷ്യക്കാരിൽ 20 ശതമാനം ഇന്ത്യക്കാരാണ്‌.

2024 ആഗസ്തിൽ 973 ഭീഷണികളാണ്‌ ഏഷ്യക്കാർക്കെതിരെ ഉണ്ടായിട്ടുള്ളത്‌. ഈ ഭീഷണികളിൽ 75 ശതമാനവും ദക്ഷിണേഷ്യക്കാരെ ലക്ഷ്യം വച്ചിട്ടുള്ളതാണ്. "ഇന്ത്യ ഒരു ദരിദ്ര രാജ്യമാണ്", "ഇന്ത്യയിലേക്ക് മടങ്ങുക", "ഭീകരവാദികൾ", "വൃത്തികെട്ട ഇന്ത്യക്കാർ" തുടങ്ങിയ വാക്കുകളാണ്‌ വിദ്വേഷത്തിനായി കൂടുതലായും ഉപയോഗിക്കുന്നതെന്ന്‌ സ്‌റ്റോപ്പ്‌ എഎപിഐ ഹേറ്റ്‌ റിപ്പോർട്ട്‌ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top