സാൻഫ്രാൻസിസ്കോ > നിർമിത ബുദ്ധി രംഗത്തെ ഭീമൻമാരായ ഓപ്പൺ എഐയിലെ മുൻ ജീവനക്കാരനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യക്കാരനും ഓപ്പൺ എഐയിലെ മുൻ ഗവേഷകനുമായ സുചിർ ബാലാജിയെയാണ് (26) മരിച്ച നിലയിൽ കണ്ടെത്തിയത്. സാൻഫ്രാൻസിസ്കോയിലുള്ള വസതിയിൽ നവംബർ 26നാണ് സുചിറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ആഗസ്തിലാണ് ഓപ്പൺ എഐയ്ക്കെതിരെ സുചിർ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ചാറ്റ് ജിപിടിയുടെ പ്രവർത്തനത്തിന് എഐ ഉപയോഗിക്കുന്നത് അനുമതിയില്ലാത്തതും പകർപ്പവകാശമുള്ളതുമായ ഡാറ്റകളാണെന്നും കമ്പനി ഗുരുതരമായ പകർപ്പവകാശ ലംഘനമാണ് നടത്തുന്നതെന്നുമാണ് രാജി വച്ച ശേഷം സുചിർ വെളിപ്പെടുത്തിയത്. ഇത് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ചാറ്റ് ജിപിടി പോലുള്ള സാങ്കേതിക വിദ്യകൾ ഇൻ്റർനെറ്റിനെ തകരാറിലാക്കുന്നുണ്ടെന്നും ഓപ്പൺ എഐയുടെ രീതികൾ ഇൻ്റർനെറ്റിനും സമ്മതമില്ലാതെ ഡാറ്റ ഉപയോഗിക്കുന്നത് ഉടമകൾക്കും അപകടമാണെന്നും സുചിർ ബാലാജി അഭിപ്രായപ്പെട്ടിരുന്നു.
ബാലാജിയുടെ ആരോപണങ്ങൾക്കുപിന്നാലെ നിരവധി പേർ ഓപ്പൺ എഐക്കെതിരെ കേസ് നൽകിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..