ധാക്ക > ബംഗ്ലാദേശിൽ പടർന്നുപിടിച്ച് ഡെങ്കിപ്പനി. മരണം 400കടന്നെന്ന് റിപ്പോർട്ട്. രാജ്യത്ത് ഡെങ്കിപ്പനിയെത്തുടർന്ന് 78,595 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കി.
നവംബർ പകുതിയോടെ രാജ്യത്ത് 4,173 രോഗികൾ ചികിത്സയിലുണ്ട്. അവരിൽ 1,835 പേർ തലസ്ഥാനമായ ധാക്കയിലും 2,338 പേർ മറ്റിടങ്ങളിലുമാണ്. താപനിലയും മൺസൂൺ കാലവും പനി പടരുന്നതിന് കാരണമായെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. "ഒക്ടോബറിൽ പോലും മൺസൂൺ പോലെയുള്ള മഴയ്ക്ക് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു, ഇത് അസാധാരണമാണ്," ജഹാംഗീർനഗർ സർവകലാശാലയിലെ സുവോളജി പ്രൊഫസർ കബീറുൽ ബാഷർ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം രോഗാണുക്കളെ വഹിക്കുന്ന ഈഡിസ് ഈജിപ്റ്റി കൊതുകിന് വളരാനുള്ള അനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഗരങ്ങളിലെ ജനസാന്ദ്രത രോഗത്തിന്റെ വ്യാപനത്തെ വർദ്ധിപ്പിക്കുന്നു. സാധാരണയായി ജൂൺ മുതൽ സെപ്തംബർ വരെയുള്ള മഴക്കാലത്ത് ഡെങ്കി റിപ്പോർട്ട് ചെയ്യാറുണ്ട്. എന്നാൽ ഈ വർഷം ഡെങ്കിപ്പനിബാധിച്ചവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉള്ളത്. നേരത്തെ കണ്ടെത്തി ശരിയായ ചികിത്സ നൽകിയാൽ ഡെങ്കിപ്പനി മൂലമുള്ള മരണം ഒരുശതമാനത്തിൽ താഴെയായി കുറയ്ക്കാൻ കഴിയുമെന്ന് ഡോ എബിഎം അബ്ദുള്ള പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..