ധാക്ക > വിവാദമായ സംവരണനിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട് 532 പേരെ ഇതുവരെ അറസ്റ്റ് ചെയ്‌തതായി പൊലീസ്. മുഖ്യ പ്രതിപക്ഷ കക്ഷിയായ ബംഗ്ലാദേശ് നാഷണൽ പാർടി (ബിഎൻപി) നേതാക്കളും ഇക്കൂട്ടത്തിലുണ്ടെന്ന് പൊലീസ് വക്താവ് ഫാറുഖ് ഹുസൈൻ പറഞ്ഞു.
ബിഎൻപിയുടെ തലമുതിർന്ന നേതാവ് ആമിർ ഖൊർസു മഹ്‌മുദ് ചൗധുരി, പാർടി വക്താവ് റുഹുൽ കബിർ റിസ്‌വി അഹ്‌മദ്, മുൻ ദേശീയ ഫുട്‌ബോൾ താരവും ബിഎൻപി നേതാവുമായ അമിനുൽ ഹഖ്, ജമാഅത്ത ഇസ്ലാമി ജനറൽ സെക്രട്ടറി മിയ ഗൊല പർവാർ എന്നീ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്‌തു. ബിഎൻപി പ്രവർത്തകരും നേതാക്കളുമായ നൂറുകണക്കിന് പേരെ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് പാർടി വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. പ്രക്ഷോഭത്തിനിടെ 151 വിദ്യാർഥികൾ കൊല്ലപ്പെട്ടിരുന്നു. മൂന്ന് പൊലീസുകാരും കൊല്ലപ്പെട്ടു.
അതേസമയം 1971ലെ വിമോചനയുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ പിൻഗാമികൾക്ക് സർക്കാർ ജോലിയിൽ നൽകിയ 30 ശതമാനം സംവരണം അഞ്ചു ശതമാനമാക്കി കുറച്ച സുപ്രീംകോടതി വിധിയ്‌ക്ക് പിന്നാലെ സംഘർഷത്തിൽ കാര്യമായ അയവ് വന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. എന്നാൽ രാജ്യത്തെ ഇന്റർനെറ്റ്, ടെലികോം ബന്ധങ്ങൾ ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. ഇന്റർനെറ്റ് പുനസ്ഥാപിക്കണമെന്നും മൂന്ന് ദിവസം മുമ്പ് പ്രഖ്യാപിച്ച രാജ്യവ്യാപക കർഫ്യൂ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഞായർ രാത്രി വിദ്യാർഥികൾ പ്രതിഷേധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..