26 December Thursday
വിമാന സര്‍വീസുകളിൽ പേജറിനും 
വാക്കി ടോക്കിക്കും വിലക്ക്‌

ഭീതിയുടെ മുൾമുനയിൽ ലബനൻ ; സ്‌ഫോടന പരമ്പരയിൽ 37 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024


ബെയ്‌റൂട്ട്‌
രാജ്യമെമ്പാടും ആയിരക്കണക്കിന് ‌ പേജറുകളും വാക്കി ടോക്കികളും  പൊട്ടിത്തെറിച്ച്‌ നിരവധിപേർ കൊല്ലപ്പെട്ടതോടെ ഭീതിയുടെ മുൾമുനയില്‍ ലബനന്‍ ജനത. രണ്ട്‌ ദിവസമായി ലബനനെ പിടിച്ചുകുലുക്കിയ സ്‌ഫോടന പരമ്പരകളില്‍ മരണം 37 ആയി. മൂവായിരത്തോളം പേർ പരിക്കേറ്റ്‌ ചികിത്സയിലാണ്‌. 287 പേർ ഗുരുതരാവസ്ഥയില്‍. വിമാനത്താവളങ്ങളിലും വിമാന സര്‍വീസുകളിലും പേജര്‍, വാക്കി ടോക്കി എന്നിവ വിലക്കി. സംശയകരമായ എല്ലാ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും നശിപ്പിക്കാൻ ബോംബ്‌ സ്‌ക്വാഡിനെ നിയോഗിച്ചു. രാജ്യത്ത് വ്യാപകമായി  മൊബൈൽഫോണുകൾ സ്വിച്ച്‌ ഓഫ്‌ ചെയ്‌തു. ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ ഉപയോഗിക്കാന്‍ ജനങ്ങള്‍ ഭയക്കുന്നു. ഏത്‌ സമയത്തും എവിടെയും സ്‌ഫോടനം ഉണ്ടാകുമെന്ന ഭീതി നിലനില്‍ക്കുന്നു.

ലബനീസ് സായുധസംഘമായ ഹിസ്‌ബുള്ളയെ ലക്ഷ്യംവച്ചാണ് സ്‌ഫോടനം നടത്തിയതെങ്കിലും  നൂറുകണക്കിന് സാധാരണക്കാര്‍ക്കും പരിക്കേറ്റു. ഒരേ സമയം നാലായിരത്തോളം പേജറുകളാണ് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളില്‍ പൊട്ടിത്തെറിച്ചത്. കുട്ടികള്‍ അടക്കമുള്ളവര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെയാണ് തൊട്ടടുത്തദിവസം വാക്കിടോക്കി സ്‌ഫോടന പരമ്പര ഉണ്ടായത്.  പരിക്കേറ്റവരിൽ 60 ശതമാനം പേർക്കും കണ്ണിനും മുഖത്തുമാണ്‌ പരിക്ക്‌. നിരവധി പേർക്ക്‌ കാഴ്‌ച നഷ്‌ടമായി, വിരലുകൾ അറ്റു.  ലബനന്റെ പരമാധികാരത്തിൻമേലുള്ള കടന്നാക്രമണമാണ്‌ നടക്കുന്നതെന്നും ഇസ്രയേലിന്റെ യുദ്ധവ്യാപന സൂചനയായി ഇപ്പോഴത്തെ സാഹചര്യങ്ങളെ കാണേണ്ടിവരുമെന്നും ലബനൻ പ്രധാനമന്ത്രി നജീബ്‌ മിക്കാറ്റി പറഞ്ഞു. ഇസ്രയേല്‍ ചാരസംഘടനയായ മൊസ്സാദാണ് ആക്രമണത്തിന് പിന്നിലെന്ന് വിവിധ രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഇതിനോട് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍  യുദ്ധത്തിന്റെ പുതിയഘട്ടം ആരംഭിച്ചതായി ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ​ഗാലന്റ് പ്രതികരിച്ചു.

സാധാരണ മനുഷ്യർ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ സ്ഫോടകവസ്തു നിറയ്ക്കുന്നതിനെ ഐക്യരാഷ്ട്രസഭ അപലപിച്ചു. ലബനന്റെ അഭ്യർഥനയെത്തുടർന്ന്‌ സംഭവവികാസങ്ങൾ ചർച്ച ചെയ്യാനായി വെള്ളിയാഴ്‌ച യുഎൻ രക്ഷാ കൗൺസിൽ യോഗം ചേരും. 

തെക്കന്‍ ലബനനില്‍ 
ആക്രമണം
പേജര്‍-, വാക്കിടോക്കി സ്‌ഫോടന പരമ്പരയെ തുടർന്നുള്ള ഭീതി നിലനിൽക്കവെ തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ ബോംബാക്രമണം. പേജർ, വാക്കി ടോക്കി സ്‌ഫോടന പരമ്പരയെ ശക്തമായി അപലപിച്ച് ഹിസ്‌ബുള്ള തലവൻ ഹസ്സൻ നസറള്ള രം​ഗത്തുന്നതിന്‌  തൊട്ടുമുമ്പായിരുന്നു സംഭവം. ലബനനെ ലക്ഷ്യംവച്ച്‌ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചെന്ന് സിഎന്‍എന്‍ റിപ്പോര്‍‌ട്ടുചെയ്തു. ഏതു നിമിഷവും ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന്‌ ഹസ്സൻ നസറള്ള ഇസ്രയേലിന് മുന്നറിയിപ്പ് നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top