കാപ്രി> കാഴ്‌ചയിൽ മങ്ങിയ, യാതൊരു ഭംഗിയുമില്ലാത്ത ഒരു പഴയ പെയിന്റിംഗ്. തന്റെ ഭാര്യയുടെ ഇഷ്ടക്കേട് വകവെക്കാതെ കാപ്രിയിലെ ഒരു ആക്രിക്കച്ചവടക്കാരൻ തന്റെ വീടിന്റെ സ്വീകരണമുറിയിൽ വച്ചു. എന്നാൽ വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ആ സത്യം പുറത്തു വരുന്നത്. ഒരു പഴയ പെയിന്റിംഗ് കരുതി അയാൾ സ്വീകരണമുറിയിൽ വച്ച പെയിന്റിംഗ് പിക്കാസോ എന്ന ലോകപ്രശസ്ത ചിത്രകാരന്റേതായിരുന്നു. 50 കോടിയിലധികം വിലമതിക്കുന്ന പെയിന്റിംഗ് ഒറിജിനലാണെന്ന് ഇറ്റാലിയൻ വിദഗ്ധർ സ്ഥിരീകരിച്ചു.
1962-ലാണ് ലൂയിജി ലോ റോസ്സോ എന്ന ആക്രികച്ചവടക്കാരൻ ഈ പെയിന്റിംഗ് കണ്ടെത്തുന്നത്. പെയിന്റിംഗ് പോംപൈയിലെ വീട്ടിലേക്ക് അയാൾ കൊണ്ടുപോയി. സ്വീകരണമുറിയിൽ തൂക്കി. വർഷങ്ങൾക്കുശേഷം ലോ റോസ്സോയുടെ മകൻ ആൻഡ്രിയ കലാചരിത്രത്തിൽ ഗവേഷണം ചെയ്യാൻ തുടങ്ങിയപ്പോഴാണ് പെയിന്റിംഗിനെക്കുറിച്ചുള്ള യാഥാർഥ്യങ്ങൾ പുറത്തുവരുന്നത്. തുടർന്ന് ആർട് ഡിറ്റക്ടീവായ മൗറിസിയോ സെറാസിനി ഉൾപ്പെടെയുള്ള വിദഗ്ധ സംഘത്തിന്റെ ഉപദേശം തേടി. ഗ്രാഫോളജിസ്റ്റും ആർക്കാഡിയ ഫൗണ്ടേഷന്റെ സയന്റിഫിക് കമ്മിറ്റി അംഗവുമായ സിൻസിയ അൽറ്റിയേരി പെയിന്റിംഗിന്റെ ശൈലിയെ അടിസ്ഥാനപ്പെടുത്തി പിക്കാസോയുടെയാണെന്ന് സ്ഥിരീകരിച്ചു. ഈ കലാസൃഷ്ടിക്ക് ഇപ്പോൾ 5 ദശലക്ഷം പൗണ്ട് (55,71,18,527 രൂപ) വിലയാണുള്ളത്.
തുടർന്ന് പെയിന്റിംഗിൽ രേഖപ്പെടുത്തിയിട്ടുള്ള ഒപ്പ് പിക്കാസോയുടെയാണെന്നും ഉറപ്പാക്കി. ഫ്രഞ്ച് ഫോട്ടോഗ്രാഫറും ചിത്രകാരനുമായ ഡോറ മാറിന്റെയുടെ ഛായാചിത്രമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. പിക്കാസോ ഇടയ്ക്കിടെ കാപ്രി സന്ദർശിച്ചിരുന്നതായും കാപ്രിയിൽ ബന്ധങ്ങൾ സൂക്ഷിച്ചിരുന്നതായും പറയപ്പെടുന്നു. നിലവിൽ മിലാൻ നിലവറയിൽ സൂക്ഷിച്ചിരിക്കുന്ന പെയിന്റിംഗ് പിക്കാസോ ഫൗണ്ടേഷന്റെ ഔദ്യോഗിക അംഗീകാരത്തിനായി കാത്തിരിക്കുകയാണ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..