കാബൂൾ > അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമക്രമണത്തിന് താലിബാൻ നടത്തിയ പ്രത്യാക്രമണത്തിൽ 22 പേര് കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ. ഖോസ്ത് പ്രവിശ്യയിലെ അലി ഷിർ ജില്ലയിലാണ അഫ്ഗാൻ അതിർത്തി സേന ബോംബാക്രമണങ്ങൾ നടത്തിയത്. പ്രത്യാക്രമണത്തിൽ 19 പാക് സൈനികരും മൂന്ന് സാധാരണക്കാരും കൊല്ലപ്പെട്ടു.
പാക്കിസ്ഥാനെയും അഫ്‌ഗാനിസ്ഥാനെയും വേർതിരിക്കുന്ന ‘ഡ്യൂറൻഡ്’ ലൈനിനപ്പുറത്ത് നിരവധി കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി അഫ്ഗാൻ പ്രതിരോധവകുപ്പ് എക്‌സിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊല്ലപ്പെട്ടവരുടെ കണക്കുകൾ പുറത്തു വന്നത്. പാകിസ്ഥാൻ വ്യോമാക്രമണത്തിനെതിരെ അഫ്ഗാനികൾ പ്രകടനം നടത്തുകയും ഇത് പിന്നീട് ഏറ്റുമുട്ടലിൽ എത്തുകയും ചെയ്‌തിരുന്നു. പാക്കിസ്ഥാൻ്റെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയെയും അഫ്ഗാനിസ്ഥാനിലെ ഖോസ്ത് പ്രവിശ്യയെയും വേർതിരിക്കുന്ന അതിർത്തിയിൽ അതിർത്തി സേനകൾ തമ്മിലും സംഘർഷമുണ്ടായി.
ചൊവ്വാഴ്‌ച അഫ്ഗാനിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി താലിബാൻ സൈന്യം പാകിസ്ഥാനിൽ "പല പോയിന്റുകൾ" ലക്ഷ്യമിട്ടിട്ടുള്ളതായി പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള പക്തിക പ്രവിശ്യയിലെ പർവതപ്രദേശത്താണ് ചൊവ്വാഴ്‌ച പാക്കിസ്ഥാന്റെ ആക്രമണം ഉണ്ടായത്. അഫ്ഗാനിസ്ഥാനിലെ ഏഴ് ഗ്രാമങ്ങളെയാണ് ആക്രമണത്തിൽ പാക്കിസ്ഥാൻ ലക്ഷ്യമിട്ടതെന്നും ആക്രമണത്തിൽ മുർഗ് ബസാർ ഗ്രാമം പൂർണമായും നശിപ്പിക്കപ്പെട്ടുവെന്നും അഫ്‌ഗാനിസ്ഥാൻ പറഞ്ഞു. ഈ വര്‍ഷം ഇത് രണ്ടാംതവണയാണ് പാക് വ്യോമസേന അഫ്ഗാനിസ്ഥാനില്‍ നേരിട്ട് ആക്രമണം നടത്തുന്നത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരമേറ്റതിന് ശേഷം പാകിസ്ഥാനിൽ ഭീകരാക്രമണങ്ങൾ വർധിച്ചതായി പാകിസ്ഥാൻ നിരന്തരം ആരോപിച്ചിരുന്നു.
2023-ൽ പാകിസ്ഥാനിലെ ഭീകരാക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 2022-നെ അപേക്ഷിച്ച് 56 ശതമാനം വർധിച്ചതായി ഇസ്ലാമാബാദ് ആസ്ഥാനമായുള്ള സെന്റർ ഫോർ റിസർച്ച് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസിന്റെ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..