കാബൂൾ > അഫ്ഗാനിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടതായി താലിബാൻ വക്താവ് എഎഫ്‌പിയോട് പറഞ്ഞു. "ചൊവ്വാഴ്‌ചയുണ്ടായ പാക്കിസ്ഥാന്റെ ആക്രമണത്തിൽ മരിച്ചവരുടെ ആകെ എണ്ണം 46 ആയി. അവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്" താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. സംഭവത്തിൽ ആറ് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ടെന്നും പരിക്കേറ്റവരിൽ കൂടുതലും കുട്ടികളാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 15 പേർ കൊല്ലപ്പെട്ടതായി ബുധൻ രാവിലെ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. വ്യോമാക്രമണത്തിൽ താലിബാന്റെ പ്രതിരോധ മന്ത്രാലയം അപലപിക്കുകയും ആക്രമണത്തിൽ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള പക്തിക പ്രവിശ്യയിലെ പർവതപ്രദേശത്താണ് ആക്രമണം ഉണ്ടായത്. അഫ്ഗാനിസ്ഥാനിലെ ഏഴ് ഗ്രാമങ്ങളെയാണ് ആക്രമണത്തിൽ പാക്കിസ്ഥാൻ ലക്ഷ്യമിട്ടതെന്നും ആക്രമണത്തിൽ മുർഗ് ബസാർ ഗ്രാമം പൂർണമായും നശിപ്പിക്കപ്പെട്ടുവെന്നും അഫ്‌ഗാനിസ്ഥാൻ പറഞ്ഞു. വ്യോമാക്രമണത്തെ "ഭീരുത്വം" എന്നാണ് പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചത്. അഫ്ഗാനിസ്ഥാനിലെ പാക്കിസ്ഥാൻ പ്രതിനിധി മുഹമ്മദ് സാദിഖ് കാബൂളിൽ താലിബാൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം ഉണ്ടായത്. മുഹമ്മദ് സാദിഖ് അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..