28 November Thursday

ഭീകരവാദത്തിനെതിരെ സൈനികതല ചർച്ച നടത്തി പാക്കിസ്ഥാനും ചൈനയും

വെബ് ഡെസ്‌ക്‌Updated: Thursday Nov 28, 2024

photo credit: X

ഇസ്ലാമാബാദ് >  പാക്കിസ്ഥാനും ചൈനയും തമ്മിൽ തീവ്രവാദ വിരുദ്ധ, പ്രാദേശിക സുരക്ഷ എന്നിവയെക്കുറിച്ച് സൈനികതല ചർച്ച നടത്തി. ചൈനീസ് പൗരന്മാർക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് ചൈനയും പാക്കിസ്ഥാനും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിലാണ്‌ ചർച്ച.

ചൈനയുടെ സെൻട്രൽ മിലിട്ടറി കമ്മീഷൻ (സിഎംസി)  വൈസ് ചെയർമാൻ ജനറൽ ഷാങ് യൂക്‌സിയയും,   ഉന്നത സൈനിക നേതാക്കളുമാണ്‌   പ്രതിനിധി സംഘത്തോടൊപ്പം പാകിസ്ഥാൻ സന്ദർശിച്ചതെന്ന്‌ സൈനിക പ്രസ്താവനയിൽ പറഞ്ഞു.

ജനറൽ ഷാങ് ബുധനാഴ്ച പാക്കിസ്ഥാൻ കരസേനാ മേധാവി ജനറൽ അസിം മുനീറുമായി ഒരു കൂടിക്കാഴ്ച നടത്തി. തുടർന്ന് പ്രതിനിധി തല ചർച്ചകൾ നടത്തി.  ഇരു രാജ്യങ്ങളുടെയും പരസ്പര ഇടപെടലുകൾ, പ്രാദേശിക സുരക്ഷ, ഉഭയകക്ഷി പ്രതിരോധ സഹകരണം വർദ്ധിപ്പിക്കൽ എന്നിവയ്ക്കാണ്‌ ചർച്ചയിൽ പ്രാധാന്യം നൽകിയതെന്നാണ്‌ റിപ്പോർട്ട്‌. പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ചൈനീസ് പൗരന്മാർക്കുനേരെയുള്ള ആക്രമണം  വർദ്ധിക്കുന്നതിനാൽ പാകിസ്ഥാന്റെ നിലവിലുള്ള തീവ്രവാദ വിരുദ്ധ ശ്രമങ്ങളെക്കുറിച്ച് ജനറൽ ഷാങ് സംസാരിച്ചു.

പാക്കിസ്ഥാനിലെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ചൈന കൂടുതൽ ശ്രദ്ധചെലുത്തുന്നതായി  ന്യൂസ്‌പേപ്പർ ഡോൺ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തീവ്രവാദ വിരുദ്ധ സഹകരണം പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വിദേശകാര്യ ഓഫീസ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യത്തെക്കുറിച്ചും രാജ്യവും  ചർച്ചചെയ്‌തതായി ഡോൺ കൂട്ടിച്ചേർത്തു. ഇരുരാജ്യത്തെ ജനറൽമാരും അവസാനമായി 2023 ഏപ്രിലിൽ ബെയ്ജിങിൽവെച്ചാണ്‌ അവസാന കൂടിക്കാഴ്‌ച നടത്തിയത്‌.  

പാകിസ്ഥാനിലേക്ക് സൈന്യത്തെ വിന്യസിക്കുന്ന കാര്യം പരിഗണനയിലെന്ന്‌ ചൈന ഒക്‌ടോബർ 11 ന്‌ വ്യക്തമാക്കിയിരുന്നു.  ചൈന–പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കുന്ന തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാൻ വേണ്ടിയാണ്‌  പാകിസ്ഥാനിലേക്ക് സൈന്യത്തെ വിന്യസിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്നാണ്‌  ചൈന പറഞ്ഞത്‌.

ഒക്ടോബർ 6 ഞായറാഴ്‌ച ഗ്വാദറിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ചാവേർആക്രമണത്തിൽ രണ്ട് ചൈനീസ് തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. ഇത് ചെെനയുടെ സുരക്ഷാ ആശങ്കകൾ  ഉയർത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

മൊബൈൽ സുരക്ഷാ ഉപകരണങ്ങളും ബാലിസ്റ്റിക് പ്രൊട്ടക്റ്റീവ് വാഹനങ്ങളും ഉൾപ്പെടെയുള്ള സുരക്ഷാ പദ്ധതികളാണ്‌ ചൈന പൗരർക്കായി മുന്നോട്ടു വെച്ചത്‌. നിലവിൽ പാക്കിസ്ഥാനിൽ ഏകദേശം 30,000 ചൈനീസ് പൗരന്മാരാണ്‌ ജോലി ചെയ്യുന്നത്‌. 2015ൽ സിപിഇസി തുടങ്ങിയതിനുശേഷം ചൈന ഏകദേശം 62 ബില്യൺ യുഎസ് ഡോളർ പാക്കിസ്ഥാനിൽ നിക്ഷേപിച്ചിട്ടുണ്ട്.

ചൈനീസ് പൗരന്മാരുടെ സുരക്ഷയ്ക്കായി പാകിസ്ഥാൻ 30,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടും ചാവേർ ആക്രമണങ്ങൾ ഉൾപ്പെടെ വൻ തോതിൽ ആക്രമണങ്ങൾ നടക്കുന്നുണ്ട്‌.
കഴിഞ്ഞ മാസം കറാച്ചി വിമാനത്താവളത്തിന് സമീപം ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ട് ചൈനീസ് എഞ്ചിനീയർമാരും ഉൾപ്പെട്ടിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top