നോംപെൻ
യുഎസ് പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയുടെ തയ്‌വാൻ സന്ദർശനം നിരുത്തരവാദപരവും അങ്ങേയറ്റം യുക്തിരഹിതവുമാണെന്ന് ചൈനീസ് വിദേശമന്ത്രി വാങ് യി. കംബോഡിയയിലെ നോംപെന്നിൽ നടന്ന ആസിയാൻ വിദേശമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി ഒഴിവാക്കാൻ ചൈന പരമാവധി നയതന്ത്രശ്രമങ്ങൾ നടത്തി. അന്താരാഷ്ട്ര, ആഭ്യന്തര നിയമങ്ങൾക്ക് അനുസൃതമായി, ദേശീയ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇപ്പോഴത്തെ ചെെനയുടെ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
മേഖലയിലെ സംഘർഷങ്ങൾ ഒഴിവാക്കണമെന്നും സംഘർഷം തുടരുന്നത് പ്രവചനാതീതമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ആസിയാൻ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. പ്രകോപനപരമായ നടപടികൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും പ്രസ്താവനയിൽ പറഞ്ഞു.
5 മിസൈൽ ജപ്പാനിൽ പതിച്ചെന്ന്
തയ്‌വാൻ തീരത്ത് ചൈന നടത്തിയ സൈനികാഭ്യാസത്തിനിടെ പരീക്ഷിച്ച മിസൈലുകളിൽ അഞ്ചെണ്ണം ജപ്പാന്റെ പ്രദേശത്ത് പതിച്ചെന്ന് റിപ്പോർട്ട്. ബാലിസ്റ്റിക് മിസൈലുകളിൽ അഞ്ചെണ്ണം തങ്ങളുടെ പ്രത്യേക സാമ്പത്തികമേഖലയിൽ പതിച്ചതായി ജപ്പാന്റെ പ്രതിരോധമന്ത്രി നൊബുവോ കിഷിയാണ് പറഞ്ഞത്. സംഭവത്തിൽ ജപ്പാൻ ചൈനയെ പ്രതിഷേധം അറിയിച്ചു. ജപ്പാന്റെ തെക്കേയറ്റത്തുള്ള ഒകിനാവ ദ്വീപ്‌മേഖല തയ്‌വാനോട് ചേർന്നാണുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..