19 September Thursday

സ്‌പേയ്‌സ്‌ എക്‌സ്‌ പൊളാരിസ്‌ ഡോൺ ദൗത്യം 27ന്‌ ; മലയാളി ബന്ധവും

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

പൊളാരിസ് ഡോൺ ദൗത്യത്തിലുള്ള അന്നയും ഭർത്താവ് 
മലയാളി ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ. അനിൽ മേനോനും


ഫ്‌ളോറിഡ
ബഹിരാകാശത്ത്‌ കൂടുതൽ ഉയരം ലക്ഷ്യമാക്കിയുള്ള പൊളാരിസ്‌ ഡോൺ ദൗത്യം 27ന്‌. രണ്ടുവനിതകളടക്കം നാലുപേരാണ്‌ ദൗത്യത്തിലുള്ളത്‌. അപ്പോളോ ചാന്ദ്രദൗത്യങ്ങൾക്ക്‌  ശേഷം ബഹിരാകാശത്ത്‌ കൂടുതൽ ദൂരത്തേക്കുളള  മനുഷ്യദൗത്യം ആദ്യം. ഭൂമിയിൽ നിന്ന്‌ 700 കിലോമീറ്റർ ഉയരത്തിൽ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഡ്രാഗൺ പേടകത്തിലായിരിക്കും നാലുപേരും സഞ്ചരിക്കുക. ദൗത്യസംഘത്തിലെ മിഷൻ സെപ്‌ഷലിസ്‌റ്റും മെഡിക്കൽ ഓഫീസറുമായ അന്ന മേനോന്‌ മലയാളി ബന്ധമുണ്ട്‌.  ബഹിരാകാശ ശാസ്‌ത്രജ്ഞൻ ഡോ. അനിൽ മേനോന്റെ ഭാര്യയാണ്‌ അന്ന. സ്‌പേയ്‌സ്‌ എക്‌സിലെ മെഡിക്കൽ ഓഫീസറാണ്‌. വർഷങ്ങൾക്കുമുമ്പ്‌ അമേരിക്കയിൽ കുടിയേറിയ മലയാളി ശങ്കരമേനോന്റെയും ഉക്രയ്‌ൻ സ്വദേശിനി ലിസയുടെയും മകനാണ്‌ അനിൽ.

ചൊവ്വ ഇന്ത്യൻ സമയം പകൽ ഒന്നരയ്‌ക്ക്‌ ഫ്‌ളോറിഡയിൽനിന്ന്‌ ഫാൽക്കൻ 9 റോക്കറ്റ്‌ പേടകവുമായി കുതിക്കും. മിഷൻ കമാൻഡർ ജേർഡ്‌ ഐസക്ക്‌ മാൻ, മിഷൻ സെപ്‌ഷലിസ്‌റ്റ്‌ സാറാഗില്ലിസ്‌, മിഷൻ പൈലറ്റ്‌ സ്‌കോട്ട്‌ പൊറ്റിറ്റ്‌ എന്നിവരാണ്‌ അന്നയുടെ സഹയാത്രികർ. ഐസക്ക്‌ മാനും സാറാഗില്ലിസും പേടകത്തിന്‌ പുറത്തിറങ്ങി സ്‌പേയ്‌സ്‌ വാക്ക്‌ നടത്തും. ഉയർന്ന ഭ്രമണപഥത്തിൽ 40 പരീക്ഷണങ്ങൾ അവർ നടത്തും. അതിതീവ്ര വികിരണമുള്ള വാൻ അലൻ റേഡിയേഷൻ ബെൽറ്റിനെപ്പറ്റിയുള്ള പഠനമാണ്‌ പ്രധാനം. ഗോളാന്തരയാത്രകൾക്കായി രൂപകൽപന ചെയ്‌ത സ്‌പേയ്‌സ്‌ സ്യൂട്ടിന്റെ ക്ഷമതാ പരിശോധന, ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയവയെല്ലാം പഠനവിധേയമാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top