22 December Sunday

കാൽ നൂറ്റാണ്ടിന്‌ ശേഷം ഗാസയിൽ പോളിയോ ബാധ; പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഘടനകൾ

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

ഗാസ > ഇസ്രയേൽ സൈന്യം കൂട്ടക്കുരുതി തുടരുന്ന ഗാസയിൽ പോളിയോ സ്ഥിരീകരിച്ചു. 25 വർഷത്തിന്‌ ശേഷം ആദ്യമായാണ്‌ ഗാസയിൽ പോളിയോ സ്ഥിരീകരിക്കുന്നത്‌. കുട്ടികൾക്ക്‌ വാക്‌സിൻ നൽകുന്നതിനായി താൽക്കാലിക വെടിനിർത്തൽ വേണമെന്ന്‌ ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടതിന്‌ പിന്നാലെയാണ്‌ പോളിയോ സ്ഥിരീകരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചത്‌. ജൂലൈയിൽ ഗാസയിലെ പലയിടങ്ങളിൽ നിന്ന്‌ ശേഖരിച്ച മലിനജലത്തിൽ ടൈപ്പ്‌ ടു പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

മരുന്നുകളും ശുചിത്വ പരിപാലന ഉൽപ്പന്നങ്ങളും കിട്ടാനില്ലാത്തതും മലിനജലവും മൃതദേഹങ്ങളും നിറഞ്ഞ തെരുവുകളും അപകട സാധ്യത വർധിപ്പിക്കുന്നതായും മന്ത്രാലയം അറിയിച്ചു. മേഖലയിൽ അടിയന്തരമായി പോളിയോ ക്യാമ്പയിൻ നടത്തണമെന്നും അതിന്‌ അനുകൂല സാഹചര്യം സൃഷ്‌ടിക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്‌ ആവശ്യപ്പെട്ടിരുന്നു.

വാക്‌സിനെടുക്കാത്ത10 മാസം പ്രായമുള്ള കുഞ്ഞിന്‌ പോളിയോ ബാധിച്ചതായാണ്‌ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന്‌ കിട്ടുന്ന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്‌. സെൻട്രൽ ഗാസ സ്‌ട്രിപ്പിലാണ്‌ രോഗ സ്ഥിരീകരണം. മൂന്ന്‌ കുട്ടികൾക്ക്‌ പോളിയോ സംശയിക്കുന്നതായും അവരുടെ മലവിസർജ്യ സാമ്പിളുകൾ പരിശോധിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

ലോകാരോഗ്യ സംഘടന, യുനിസെഫ്‌ എന്നീ സംഘടനകൾ വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്കായി ഏഴ്‌ ദിവസം വേണമെന്ന്‌ അറിയിക്കുകയും അടിയന്തരവെടി നിർത്തലിന് ആവശ്യപ്പെടുകയും ചെയ്തു. 6.4 ലക്ഷം കുട്ടികൾക്ക്‌ രണ്ട്‌ ഡോസായി വാക്‌സിൻ നൽകാനാണ്‌ സംഘടനകളുടെ ശ്രമം. ഇതിനായി 16 ലക്ഷം ഡോസ്‌ വാക്‌സിൻ ഗാസയിലെത്തിക്കാൻ യുഎൻ ശ്രമിക്കുന്നുണ്ട്‌. 2700 ആരോഗ്യ പ്രവർത്തകരെ 78 ടീമുകളായി തിരിച്ച്‌ വാക്‌സിനേഷൻ പൂർത്തിയാക്കാനാണ്‌ സംഘടനകൾ പദ്ധതിയിടുന്നത്‌.

പ്രതിരോധ മരുന്ന്‌ നൽകുന്നതിനെ പിന്തുണയ്ക്കുന്നതായി ഹമാസ്‌ അറിയിച്ചിട്ടുണ്ട്‌. ഗാസയിലേക്കുള്ള കവാടങ്ങൾ അടച്ച ഇസ്രയേൽ യുഎന്നിന്റെയും മറ്റു സന്നദ്ധസംഘടനകളുടെ പ്രവർത്തകർക്കും പ്രവേശനം നിഷേധിച്ചിരിക്കുകയാണ്‌. വെടി നിർത്തൽ അവസാനിപ്പിച്ച്‌ ഗാസയിലേക്കുള്ള കവാടങ്ങൾ തുറന്നാൽ മാത്രമേ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ.

ഇസ്രയേൽ ആക്രമണങ്ങളെ തുടർന്ന് ​ഗാസയിൽ പലയിടത്തും മലിനജലം പോകുന്ന പൈപ്പുകളും ശുദ്ധീകരണ സംവിധങ്ങളുമെല്ലാം തകർന്നിരിക്കുകയാണ്. യുദ്ധം കുട്ടികൾക്ക്‌ മരുന്ന്‌ നൽകുന്നത്‌ മുടക്കുകയും ചുറ്റുപാട്‌ വൃത്തിഹീനമാക്കുകയും ചെയ്തു. യുദ്ധത്തിന്‌ മുമ്പ്‌ 99 ശതമാനം പേരും വാക്‌സിനെടുത്തവരായിരുന്നെങ്കിൽ നിലവിൽ 89 ശതമാനം മാത്രമാണ്‌ വാക്‌സിനെടുത്തവർ. യുദ്ധത്തിന്‌ ശേഷം ജനിച്ച 50,000 കുട്ടികൾ വാക്‌സിനെടുത്തിട്ടില്ല എന്ന്‌ കണക്കുകൾ പറയുന്നു. ഗാസയിലെ കിണറുകളും ശുചിത്വ, മാലിന്യ സംസ്കരണ‍ സംവിധാനങ്ങളും തകർക്കാൻ ലക്ഷ്യമിട്ട് ഇസ്രയേൽ‌ സേന ആക്രമണം നടത്തുന്നതായി പലസ്തീൻ മാധ്യമങ്ങൾ മുമ്പ്‌ റിപ്പോർട്ട് ചെയ്തിരുന്നു.

ഗാസ വെടിനിർത്തൽ: കരാറിന്‌ അരികെയെന്ന്‌ ബൈഡൻ

ഗാസയിലെ വെടിനിർത്തൽ–-ബന്ദിമോചന കരാറിലേക്ക്‌ കൂടുതൽ അടുക്കുന്നതായി അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ. ദോഹയിൽ രണ്ട്‌ ദിവസമായി നടന്ന മധ്യസ്ഥ ചർച്ചകൾക്കുശേഷമാണ്‌ പ്രതികരണം. മധ്യസ്ഥ ചർച്ചകൾ അടുത്തയാഴ്‌ച ഈജിപ്‌തിലെ കെയ്‌റോയിൽ നടക്കും. കരാർ യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കൻ തിങ്കളാഴ്‌ച ഇസ്രയേലിൽ എത്തുന്നുണ്ട്‌. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ചർച്ച നടത്തും. യുഎസ്‌, ഖത്തർ, ഈജിപ്‌ത്‌, തുർക്കി എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ്‌ ചർച്ച.

ബൈഡൻ മുന്നോട്ടുവച്ച കരട് കരാറിൽ ഇസ്രയേൽ നിബന്ധനകളും വ്യവസ്ഥകളും ചേർക്കുന്നത് തുടരുകയാണെന്നും യുദ്ധം അവസാനിപ്പിച്ച് ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യത്തെ പൂർണമായി പിൻവലിക്കാൻ സന്നദ്ധമായില്ലെങ്കിൽ തങ്ങൾ കരാറിൽ ഒപ്പിടില്ലെന്നും ഹമാസ് അധികൃതർ അറിയിച്ചു. കഴിഞ്ഞ മെയ്‌ അവസാനം ബൈഡന്റെ നേതൃത്വത്തിൽ രൂപം നൽകിയ കരാറിനോടുള്ള പ്രതികരണം ജൂലൈയിൽ അറിയിച്ചിരുന്നുവെന്നും ആ ചട്ടക്കൂടിൽനിന്നുള്ള ചർച്ചകൾക്കേ തയ്യാറുള്ളുവെന്നും ഹമാസ്‌ പ്രതികരിച്ചു. ചർച്ചകൾ തടസ്സപ്പെടുത്തുന്നതും പുതിയ നിബന്ധനകൾ അടിച്ചേൽപ്പിക്കുന്നതും ഇസ്രയേലാണെന്നും ഹമാസ്‌ ആരോപിച്ചു. സന്ധി ചർച്ചകൾ പുരോഗമിക്കുന്നതിനിടെയും ഇസ്രയേൽ ആക്രമണവും രൂക്ഷമായി തുടരുകയാണ്‌.  69 പേർകൂടി കൊല്ലപ്പെട്ടതോടെ ഒക്‌ടോബർ ഏഴിനുശേഷം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40,074 ആയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top