22 December Sunday

ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിക്കായി അമേരിക്കയുടെ സഹായം 2276 കോടി, റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

photo credit: x

വാഷിങ്ടണ്‍> പലസ്‌തീനിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിക്കായി അമേരിക്ക നൽകിയ സഹായം കുറഞ്ഞത് 2276(22.76 ബില്യണ്‍) കോടി ഡോളറാണെന്ന് റിപ്പോര്‍ട്ട്.

ബ്രൗണ്‍ യൂണിവേഴ്‌സ്റ്റിയുടെ  വാട്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോസ്റ്റ്‌സ് ഓഫ് വാര്‍ പ്രോജക്ടിലാണ് ഈ കണക്ക്‌ കണ്ടെത്തിയത്‌. സാമ്പത്തിക സഹായത്തിനു പുറമേ 43,000 സൈനികരെയും അമേരിക്ക നൽകിയിട്ടുണ്ട്‌‌. 2023 ഒക്‌ടോബർ ഏഴുമുതലുള്ള കണക്കാണിത്‌.

സുരക്ഷാ സഹായത്തിനുള്ള ഫണ്ട് (1790 കോടി ഡോളര്‍), ആക്രമണങ്ങള്‍ക്കുള്ള അധിക ചെലവുകള്‍, പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം  എന്നിവ മാത്രമാണ്‌ ഇതില്‍ ഉള്‍പ്പെടുന്നത്‌.  ഇവ കൂടാതെയും അമേരിക്ക ഇസ്രയേലിനു സഹായങ്ങൾ നൽകി വരുന്നുണ്ട്‌. അതിൽ സൈനിക സഹായങ്ങൾക്ക്‌ മാത്രമായി അമേരിക്കയ്ക്ക്‌ 490 (4.9 ബില്യണ്‍) കോടി ചെലവായെന്നാണ് കണക്കുകൾ പറയുന്നത്‌.

യെമനിലെ ഹൂതികള്‍ക്കെതിരായ ആക്രമണത്തിൽ  യുഎസ് നാവികസേനയുടെ ഇടപെടലുകൾ, ഇറാഖിലും സിറിയയിലുമായി വിന്യസിപ്പിച്ചിട്ടുള്ള  ഏകദേശം 3,500 വരുന്ന അമേരിക്കൻ സൈനികർ എന്നിങ്ങനെ അമേരിക്ക ഇസ്രയേലിന്‌ നൽകുന്ന സൈനിക സഹായം വളരെ വലുതാണ്‌.

ഇതൊടൊപ്പം തന്നെ ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം ഇസ്രയേൽ തുടരുകയാണ്‌. ഒരു മണിക്കൂറിനുള്ളിൽ തെക്കൻ ലബനനിലെ 120 ഹിസ്ബുള്ള കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടിട്ടുണ്ട്‌.

തെക്കൻ ലബനനിലെ ബറാഷിറ്റിൽ പത്ത്‌ അഗ്നിരക്ഷാസേനാംഗങ്ങൾ കൊല്ലപ്പെട്ടു. ഇസ്രയേലിലെ ഹൈഫയിൽ ഹിസ്ബുള്ള വിക്ഷേപിച്ച മിസൈൽ പതിച്ച്‌ പത്തുപേർക്ക്‌ പരിക്കേറ്റു. കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ്‌ ഹസൻ നസറള്ളയുടെ പിൻഗാമിയായി കരുതപ്പെടുന്ന ഹാഷെം സഫിയെദ്ദീനെ വധിച്ചത്‌ സ്ഥിരീകരിക്കാനായിട്ടില്ലെന്ന്‌ ഇസ്രയേൽ സർക്കാരിന്റെ വക്താവ്‌ അറിയിച്ചു.

വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. അൽ ജസീറ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്കായി പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫർ ഹസൻ ഹമദാ(19)ണ്‌ കൊല്ലപ്പെട്ടത്‌. അഭയാർഥി ക്യാമ്പിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക്‌ മിസൈൽ പതിക്കുകയായിരുന്നു.

തിങ്കളാഴ്‌ച ഇസ്രയേൽ ആക്രമണത്തിൽ 12 പേരാണ്‌ ഗാസയുടെ വിവിധയിടങ്ങളിൽ കൊല്ലപ്പെട്ടത്‌. ഇതോടെ ഇസ്രയേൽ കടന്നാക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 41,909 ആയി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top