21 December Saturday

അഭയാർഥികളുടെ തിരിച്ചുവരവ്‌ സിറിയയെ പ്രതിസന്ധിയിലാക്കുമെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന

വെബ് ഡെസ്‌ക്‌Updated: Friday Dec 20, 2024

ജനീവ >  സിറിയയിലേക്കുള്ള അഭയാർഥികളുടെ വലിയ തോതിലുള്ള തിരിച്ചുവരവ് രാജ്യത്തെ പ്രതിസന്ധിയിലാക്കുമെന്ന്‌ യുഎൻ മൈഗ്രേഷൻ ഏജൻസി മേധാവി.   

2025ലെ ആദ്യ ആറ് മാസത്തിനുള്ളിൽ 10 ലക്ഷം പേർ സിറിയയിലേക്ക് മടങ്ങുമെന്നാണ്‌ യുഎൻ അഭയാർഥി ഏജൻസി കണക്കാക്കുന്നത്‌. ചില യൂറോപ്യൻ രാജ്യങ്ങൾ ഇതിനകം സിറിയക്കാർക്കുള്ള അഭയാർഥി അപേക്ഷകൾ മരവിപ്പിച്ചിട്ടുണ്ട്.

"ലക്ഷക്കണക്കിന് ആളുകൾ മടങ്ങിവരുന്നത് ഇതിനകം ദുർബലമായ ഒരു സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു" എന്ന്‌ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ ഡയറക്ടർ ജനറൽ ആമി പോപ്പ് പത്രസമ്മേളനത്തിൽ പറഞ്ഞു. കുടാതെ സിറിയയെ സുസ്ഥിരമാക്കാനും പുനർനിർമിക്കാനും സഹായിക്കുന്നതിനും വേണ്ട പിന്തുണയും അദ്ദേഹം അഭ്യർഥിച്ചു.

ഭീകര സംഘടനയായ ഹയാത്‌ തഹ്‌രീർ അൽ ഷാം ഡിസംബർ എട്ടിനാണ്‌ സിറിയയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നത്‌. അൽ ഖായ്‌ദ ബന്ധമുള്ള അബു മൊഹമ്മദ് അൽ ജൊലാനിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ തഹ്‌രീർ അൽ ഷാം.

എട്ടുവർഷംകൊണ്ടാണ് ഈ ഭീകര സംഘടന  സിറിയയിൽ ഭരണം അട്ടിമറിച്ചത്. 2020ൽ അലെപ്പോയിൽനിന്ന് റഷ്യയുടെ സഹായത്തോടെ പ്രസിഡന്റ് ബാഷർ അൽ അസദ് തുരത്തിയ സംഘടനയാണിത്. പൂർവാധികം ശക്തിയോടെ അവർ തിരിച്ചുവന്നു. ഇപ്പോൾ ഏകദേശം 30,000 സൈനികരുടെ കമാൻഡാണിത്.

ന്യൂനപക്ഷ സമുദായങ്ങളെ അരികുവത്‌കരിക്കുകയും പൊതുജീവിതത്തിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കുകയും ചെയ്യുന്ന കടുത്ത മതഭരണത്തിലേക്ക് പുതിയ ഭരണകൂടം സിറിയയെ കൊണ്ടെത്തിക്കുമെന്ന്‌ സാധാരണക്കാർക്കിടയിൽ വ്യാപകമായ ആശങ്കയുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top