ധാക്ക> ഭരണഘട പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശിലെ അറ്റോർണി ജനറൽ. രാജ്യത്തെ ജനസംഖ്യയുടെ 90% മുസ്ലീങ്ങളായതിനാൽ ഭരണഘടനയിൽ നിന്ന് "മതനിരപേക്ഷത" എന്ന വാക്ക് നീക്കം ചെയ്യാൻ അദ്ദേഹം നിർദ്ദേശിച്ചു.
15-ാം ഭേദഗതിയുടെ നിയമസാധുതയെക്കുറിച്ച് ജസ്റ്റിസുമാരായ ഫറാ മഹ്ബൂബ്, ദേബാശിഷ് റോയ് ചൗധരി എന്നിവർക്ക് മുമ്പാകെ നടന്ന വാദത്തിലാണ് അറ്റോർണി ജനറൽ എംഡി അസദുസ്സമാൻ തന്റെ വാദങ്ങൾ അവതരിപ്പിച്ചത്. "നേരത്തെ, അല്ലാഹുവിൽ വിശ്വാസമുണ്ടായിരുന്നു. മുമ്പത്തെപ്പോലെ എനിക്ക് അത് വേണം. എല്ലാ മതങ്ങളുടെയും ആചാരങ്ങളിൽ തുല്യാവകാശവും തുല്യതയും ഭരണകൂടം ഉറപ്പാക്കണമെന്ന് ആർട്ടിക്കിൾ രണ്ട് എയിൽ പറയുന്നുണ്ട്. ആർട്ടിക്കിൾ ഒമ്പത് 'ബംഗാളി ദേശീയതയെക്കുറിച്ചും സംസാരിക്കുന്നു. അത് പരസ്പര വിരുദ്ധമാണ്, ”അദ്ദേഹം പറഞ്ഞു.
ദേശീയത , സോഷ്യലിസം, ജനാധിപത്യം,മതനിരപേക്ഷത എന്നിവ ഭരണഘടനയിൽ ഉൾപ്പെടുത്തി. ഷെയ്ഖ് മുജീബുർ റഹ്മാനെ രാഷ്ട്രപിതാവായി അംഗീകരിച്ചു. ഭരണഘടനാ വിരുദ്ധമായ മാർഗങ്ങളിലൂടെ അധികാരം ഏറ്റെടുക്കുന്നത് അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആർട്ടിക്കിൾ ഏഴ്(എ), ഏഴ്(ബി) എന്നിവ ചേർത്തു. സെക്ഷൻ ഏഴ്(ബി) ഭരണഘടനയുടെ അടിസ്ഥാന വ്യവസ്ഥകൾ "ഭേദഗതിയല്ല" എന്ന് പ്രഖ്യാപിച്ചു. മുതലായ കാര്യങ്ങളാണ് 15ാം ഭേദഗതിയിൽ പറയുന്നത്.
ഭരണഘടനാ ഭേദഗതികൾ ജനാധിപത്യത്തെ പ്രതിഫലിപ്പിക്കണമെന്നും സ്വേച്ഛാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അസദുസ്സമാൻ വാദിച്ചു. "ജനാധിപത്യത്തെ അട്ടിമറിക്കാൻ കഴിയുന്ന ആർട്ടിക്കിൾ ഏഴ്(എ), ഏഴ്(ബി) എന്നിവയെ എതിർക്കുന്നു. ഇവ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നു. നിയമവാഴ്ചയ്ക്ക് വിരുദ്ധമാണ്" എന്ന് അസദുസ്സമാൻ പറഞ്ഞു.
നേരത്തെ തെരഞ്ഞെടുപ്പ് മേൽനോട്ടം വഹിച്ചിരുന്ന താൽക്കാലിക സർക്കാർ സംവിധാനം നീക്കം ചെയ്തതിനെ അസദുസ്സമാൻ അപലപിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, കെയർടേക്കർ സംവിധാനം ഇല്ലാതാക്കുന്നത് ബംഗ്ലാദേശ് പൗരന്മാരുടെ മൗലികാവകാശങ്ങളെ പരിമിതപ്പെടുത്തുകയും പൊതുജനവിശ്വാസം ഇല്ലാതാക്കുകയും രാജ്യത്തിന്റെ ജനാധിപത്യ അടിത്തറയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതാണ്. 15-ാം ഭേദഗതി ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന്റെ പൈതൃകത്തെ ഇല്ലാതാക്കുന്നുവെന്നും "വിമോചനയുദ്ധത്തിന്റെ ആത്മാവിനും" 1990 കളിലെ ജനാധിപത്യ പ്രക്ഷോഭങ്ങൾക്കും വിരുദ്ധമാണെന്നും വാദിച്ചു.
ഷെയ്ഖ് മുജീബുർ റഹ്മാനെ രാഷ്ട്രപിതാവാക്കിയതുൾപ്പടെ പല ഭേദഗതികളും രാജ്യത്തെ വിഭജിക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഷെയ്ഖ് മുജീബുർ റഹ്മാന്റെ സംഭാവനകളെ ബഹുമാനിക്കുന്നത് അത്യന്താപേക്ഷിതമാണ്, പക്ഷേ അത് നിയമപ്രകാരം നടപ്പിലാക്കുന്നത് ഭിന്നത സൃഷ്ടിക്കുന്നു" എന്ന് അദ്ദേഹം പറഞ്ഞു. 15-ാം ഭേദഗതിയുടെ ഭരണഘടനാ വിരുദ്ധത പരിഗണിക്കാൻ അസദുസ്സമാൻ കോടതിയോട് ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..