കീവ്
ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യ–- ഉക്രയ്‌ൻ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ ഉക്രയ്‌നിലെങ്ങും വൻ നാശം. മരിച്ചവരുടെ കൃത്യമായ എണ്ണം ലഭ്യമായിട്ടില്ല. ഉക്രയ്‌ന്റെ പ്രധാന നഗരങ്ങളെല്ലാം റഷ്യ വളഞ്ഞു. വ്യാപക വ്യോമാക്രമണത്തിൽ വൻ നാശനഷ്ടം. തന്ത്രപ്രധാനമായ കെട്ടിടങ്ങളും സൈനിക കേന്ദ്രങ്ങളുമെല്ലാം തകർന്നു. പലായനം ചെയ്തവരുടെ എണ്ണം 35 ലക്ഷം കടന്നു.
ബുധനാഴ്ച കീവിലടക്കം വ്യാപക ബോംബാക്രമണമുണ്ടായി. റഷ്യൻ സൈന്യം ചെർണിഹിവിലെ പ്രധാന പാലം തകർത്തു. കീവുമായി നഗരത്തെ ബന്ധിപ്പിക്കുന്ന പാലമാണിത്. മറ്റൊരു പ്രധാന നഗരം സുമിയും റഷ്യ വളഞ്ഞിരിക്കുകയാണ്. പ്രധാന കെട്ടിടങ്ങളെല്ലാം ബോംബാക്രമണത്തിൽ തകർന്നു.
അതേസമയം, ഉക്രയിനിലേക്ക് കൂടുതൽ സ്‌ട്രെല മിസൈലുകൾ അയക്കുമെന്ന് ജർമനി അറിയിച്ചു. അഭയാർഥികൾക്കായി റൊമേനിയൻ അതിർത്തിയിലേക്ക് കൂടുതൽ വാഹനങ്ങളും മറ്റ് സഹായങ്ങളും അയക്കുമെന്ന് ഫ്രാൻസ് അറിയിച്ചു.
റഷ്യയുമായി സൗഹൃദം സൂക്ഷിക്കാത്ത രാജ്യങ്ങൾക്കുള്ള ഇന്ധന വിൽപ്പന റൂബിളിലാക്കുമെന്ന് പുടിൻ പ്രഖ്യാപിച്ചു. അമേരിക്ക, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുകെ, ജപ്പാൻ, കാനഡ, ഉക്രയ്‌ൻ തുടങ്ങിയ രാജ്യങ്ങൾക്കാണ് തീരുമാനം ബാധകമാകുക.
നാറ്റോ അടിയന്തര യോഗം ഇന്ന്
ഉക്രയ്‌ൻ വിഷയം ചർച്ച ചെയ്യാൻ നാറ്റോയുടൈ അടിയന്തര യോഗം വ്യാഴാഴ്ച ചേരും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ 30 അംഗരാഷ്ട്രത്തലവന്മാർ പങ്കെടുക്കും. ഉച്ചകോടിയിൽ റഷ്യക്കെതിരെ കൂടുതൽ ഉപരോധ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.കിഴക്കൻ യൂറോപ്പിലെ നാറ്റോ സൈനികസാന്നിധ്യത്തിൽ മാറ്റംവരുത്തുന്ന വിഷയവും ചർച്ച ചെയ്യും.
റഷ്യക്കെതിരെ അംഗരാഷ്ട്രങ്ങൾ യോജിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയാകും. ഉക്രയ്‌ൻ ആക്രമണത്തിൽ സ്വീകരിക്കേണ്ട സമീപനത്തെ സംബന്ധിച്ച് അംഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.
സ്ലോവാക്യ, ഹംഗറി, റൊമേനിയ, ബൾഗേറിയ എന്നിവിടങ്ങളിലേക്കായി നാല് സംഘങ്ങളെ അയക്കാനും യോഗം തീരുമാനിക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്‌റ്റോൾട്ടൻബെർഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉക്രയ്‌ൻ വിഷയത്തിൽ റഷ്യയെ പിന്തുണച്ച ചൈനയുടെ നടപടിയും ചർച്ച ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..