കീവ്
രണ്ടാഴ്ചയ്ക്കിടെ ഉക്രയ്‌നിലെ വൈദ്യുതോൽപ്പാദന, വിതരണ മേഖല ലക്ഷ്യമിട്ട് രണ്ടാം ആക്രമണം നടത്തി റഷ്യ. 200 മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. പത്തുലക്ഷത്തിലധികം വീടുകൾ ഇരുട്ടിലായി.
അതിശൈത്യത്തിലേക്ക് കടക്കുന്ന ഉക്രയ്‌നിൽ വൈദ്യുതോൽപ്പാദനശേഷി ഇല്ലാതാക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യ ക്ലസ്‌റ്റർ ബോംബുകൾ പ്രയോഗിച്ചതായി ഉക്രയ്‌ൻ പ്രസിഡന്റ് വ്‌ലോദിമിർ സെലൻസ്കി ആരോപിച്ചു.
കീവ്, ഖർകിവ് ഉൾപ്പെടെയുള്ള മേഖലകളിൽ സ്‌ഫോടനമുണ്ടായി. ഊർജവിതരണം തടസ്സപ്പെടുത്താനായി കൂടുതൽ ആക്രമണത്തിന് സാധ്യതയുണ്ടെന്നും റഷ്യ ഇതിനായി ബാലിസ്‌റ്റിക് മിസൈലുകൾ ഉൾപ്പെടെ സംഭരിക്കുകയാണെന്നും ഉക്രയ്‌ൻ സൈന്യം ആരോപിച്ചു.യു കെ നൽകിയ മിസൈലുകൾ ഉപയോഗിച്ച് ഉക്രയ്‌ൻ നടത്തിയ ആക്രമണത്തിന് തിരിച്ചടിയാണ് നൽകിയതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ പറഞ്ഞു.
സൈനികസേവന പ്രായം
കുറയ്ക്കാൻ ഉക്രയ്‌ന് യുഎസ് സമ്മർദം
റഷ്യയുമായുള്ള യുദ്ധം നീളുന്ന സാഹചര്യത്തിൽ സൈന്യത്തെ ശക്തിപ്പെടുത്താൻ ഉക്രയ്‌ന് നിർദേശം നൽകി അമേരിക്ക. ഇതിനായി, സൈന്യത്തിൽ ചേരാനുള്ള കുറഞ്ഞ പ്രായം 25ൽനിന്ന് 18 ആയി കുറയ്ക്കാൻ ഉക്രയ്‌നുമേൽ ബൈഡൻ സർക്കാർ സമ്മർദം ചെലുത്തുകയാണെന്നും റിപ്പോർട്ടുകൾ. ബൈഡൻ ഭരണത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ വിവരം പുറത്തുവിട്ടിരിക്കുന്നത്. 2022 ഫെബ്രുവരിയിൽ റഷ്യ യുദ്ധം ആരംഭിച്ചതുമുതൽ ബൈഡൻ സർക്കാർ ഉക്രയ്‌ന് 5600 കോടി ഡോളറിന്റെ സൈനിക സഹായം ലഭ്യമാക്കിയിട്ടുണ്ട്. മുൻ നിലപാടിൽനിന്ന് മാറി, അമേരിക്കയുടെ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയെ ആക്രമിക്കാൻ അടുത്തിടെ ബൈഡൻ ഉക്രയ്‌ന് അനുമതി നൽകിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..