22 December Sunday

ജനന നിരക്ക്‌ കുറയുന്നു; പരിഹാരമായി ജോലിയുടെ ഇടവേളകളില്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന്‌ പുടിൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

മോസ്‌കോ> റഷ്യയിലെ ജനനനിരക്ക് കുറയുന്നത് പരിഹരിക്കാൻ പുതിയ നയവുമായി റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിൻ. ജോലിസ്ഥലത്ത് ഉച്ചഭക്ഷണ സമയത്തും കാപ്പിയുടെ ഇടവേളകളിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പുടിൻ പറഞ്ഞതായി  ഇംഗ്ലീഷ് മാധ്യമമായ മെട്രോ റിപ്പോര്‍ട്ട് ചെയ്തു. സുസ്ഥിരമായ ജനസംഖ്യ നിലനിര്‍ത്താന്‍ ആവശ്യമായ 2.1-ല്‍ നിന്ന് രാജ്യത്തെ ജനന നിരക്ക് 1.5 എന്ന നിലയിലേക്ക് കൂപ്പുകുത്തിയത്‌ രാജ്യത്തെ ആശങ്കയിലാക്കുന്നുവെന്നും പുടിൻ പറഞ്ഞു.

കൂടാതെ, ഉക്രയ്നുമായുള്ള യുദ്ധത്തിൽ ഒരു ദശലക്ഷത്തിലധികം ചെറുപ്പക്കാരായ റഷ്യൻ പൗരരാണ്‌ രാജ്യം വിട്ടത്‌‌.
ജോലിത്തിരക്ക് എന്നത് പ്രത്യുത്പാദനം ഒഴിവാക്കുന്നതിനുള്ള ‌ഒരു കാരണമായി കണക്കാക്കാൻ സാധിക്കില്ലെന്നും റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.  ആളുകൾക്ക് അവരുടെ കുടുംബം വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനായി ഇടവേളകൾ പ്രയോജനപ്പെടുത്തുകയും വേണമെന്ന്‌  റഷ്യന്‍ ആരോഗ്യ മന്ത്രി ഡോ. യെവ്‌ഗെനി ഷെസ്‌തോപലോവ് പറഞ്ഞു.

ദിവസത്തിൽ 12 മുതൽ 14 മണിക്കൂർ വരെ ജോലി ചെയ്യുന്ന ആളുകൾ പ്രത്യുൽപാദനത്തിന്‌ എങ്ങനെ സമയം കണ്ടെത്തുമെന്ന് ഒരു റിപ്പോർട്ടർ ചോദിച്ചപ്പോളായിരുന്നു മന്ത്രിയുടെ മറുപടി.

റഷ്യൻ ജനതയുടെ സംരക്ഷണത്തിനാണ്‌ സർക്കാർ മുൻഗണന നൽകുന്നതെന്ന്‌ പുടിൻ മുമ്പ്‌ പറഞ്ഞിരുന്നു. റഷ്യയുടെ വിധി, നമ്മളില്‍ എത്ര പേര്‍ ശേഷിക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നും ഇത് ദേശീയ പ്രാധാന്യമുള്ള വിഷയമാണ് എന്നും പുടിൻ പറഞ്ഞു.

1999 ന് ശേഷം ഏറ്റവും താഴ്ന്ന ജനന നിരക്കാണ്‌ റഷ്യയിൽ നിലവിലുള്ളത്‌.  ജൂണിൽ 100,000 ൽ താഴെ ജനനങ്ങളാണ്‌ രാജ്യത്ത്‌ ഉണ്ടായിട്ടുള്ളത്‌.  റഷ്യയുടെ ഗവൺമെൻ്റ് സ്റ്റാറ്റിസ്റ്റിക്സ് ഏജൻസിയായ റോസ്സ്റ്റാറ്റ് പറയുന്നതനുസരിച്ച്, രാജ്യത്ത് ജനനനിരക്കിൽ ഗണ്യമായ കുറവാണ്‌ ഉണ്ടായിട്ടുള്ളത്‌. 2024 ജനുവരി മുതൽ ജൂൺ വരെ 16,000 കുട്ടികളാണ്‌ റഷ്യയിൽ ജനിച്ചിട്ടുള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച്‌ 2024 ൽ രാജ്യത്ത്‌ മരണനിരക്കും കൂടുതലാണ്‌.  49,000 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ജനസംഖ്യയിലെ ഇടിവ് നിയന്ത്രിക്കാന്‍ വേറേയും നടപടികള്‍ രാജ്യം സ്വീകരിച്ചിട്ടുണ്ട്. 18നും 40നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സൗജന്യ വന്ധ്യതാ പരിശോധന, 24 വയസിന് താഴെയുള്ളവർക്ക് ആദ്യ കുഞ്ഞുണ്ടാകുമ്പോള്‍ 8.6 ലക്ഷം റൂബിള്‍ (8,500 ബ്രിട്ടീഷ് പൗണ്ട്) നല്‍കുക, ഗര്‍ഭച്ഛിദ്രം നിരോധിക്കുക,  വിവാഹമോചനങ്ങള്‍ നിരുത്സാഹപ്പെടുത്താനായി ഫീസ് കുത്തനെ ഉയര്‍ത്തുക മുതലായവയാണ്‌ അവ. വനിതാ തൊഴിലാളികളെ ഗര്‍ഭം ധരിക്കാനും  പ്രസവിക്കാനും പ്രോത്സാഹിപ്പിക്കണമെന്നും അതിനായി തൊഴിലുടമകള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന വ്യത്യസ്തമായ നിര്‍ദേശവും റഷ്യന്‍  സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top