വാഷിങ്‌ടൺ
അമേരിക്കൻ പ്രതിനിധി സഭയിലേക്ക് ജയിച്ചുകയറിയത് ആറ് ഇന്ത്യൻ വംശജർ. നിലവിലെ പ്രതിനിധി സഭയിൽ അഞ്ച് ഇന്ത്യൻ വംശജരാണുള്ളത്. സമൂസ കോക്കസ് എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. ഇന്ത്യൻ- അമേരിക്കൻ അഭിഭാഷകൻ സുഹാസ് സുബ്രഹ്മണ്യമാണ് ഇക്കൂട്ടത്തിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ അംഗങ്ങളായ അമി ബേര, രാജ കൃഷ്‌ണമൂർത്തി, റോ ഖന്ന, പ്രമീള ജയപാൽ, ശ്രീ ഥാനേദാർ എന്നിവർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
വിർജീനിയയിലെ പത്താം മണ്ഡലത്തിൽനിന്ന് ഡെമോക്രാറ്റിക് പാർടി ടിക്കറ്റിലാണ് സുഹാസ് സുബ്രഹ്മണ്യൻ വിജയിച്ചത്. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഉപദേഷ്ടാവായിരുന്നു. വിർജീനിയയിൽനിന്ന് പ്രതിനിധി സഭയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണ് സുഹാസ്.
കാലിഫോർണിയയിലെ ആറാം മണ്ഡലത്തിൽ തുടർച്ചയായ ഏഴാം തവണയാണ് അമി ബേര ജയിച്ചത്. മിഷിഗണിലെ 13–-ാം മണ്ഡലത്തിൽ തുടർച്ചയായി രണ്ടാം തവണയാണ് ശ്രീ ഥാനേദാർ ജയിച്ചത്. രാജാ കൃഷ്‌ണമൂർത്തി തുടർച്ചയായി അഞ്ചാം തവണ ഇലിനോയിസിലെ ഏഴാം മണ്ഡലത്തിൽ ജയിച്ചു. കലിഫോർണിയ 17–-ാം മണ്ഡലം റോ ഖന്നയും വാഷിങ്‌ടണിലെ ഏഴാം മണ്ഡലം പ്രമീള ജയപാലും നിലനിർത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..