ബെർലിൻ > ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിലുണ്ടായ ആക്രമണത്തിൽ അപലപിച്ച് ഇന്ത്യ. ഭീകരവും വിവേകശൂന്യവുമായ ആക്രമണത്തെ അപലപിക്കുന്നുവെന്നും ഇരകൾക്കൊപ്പം ചേർന്നു നിൽക്കുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. വെള്ളിയാഴ്ചയാണ് കിഴക്കൻ ജർമൻ പട്ടണമായ മാഗ്‌ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിൽ ആക്രമണം നടന്നത്. തിരക്കേറിയ മാർക്കറ്റിലേക്ക് അക്രമി കാർ ഓടിച്ചു കയറ്റുകയായിരുന്നു. ആക്രമണത്തിൽ ഒൻപത് വയസുള്ള കുട്ടി ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. 200ലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഇതിൽ മൂന്ന് പേർ ആശുപത്രി വിട്ടു. പരിക്കേറ്റ ഇന്ത്യക്കാർക്ക് ബെർലിനിലെ ഇന്ത്യൻ എംബസി സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും ശനിയാഴ്ച രാത്രി മന്ത്രാലയം അറിയിച്ചു.
സംഭവത്തിൽ സൗദി അറേബ്യക്കാരനായ തലേബ് എ എന്ന അൻപതുകാരനെ ജർമൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സൈക്കാട്രി വിഭാഗം ഡോക്ടറായ ഇയാൾ ജർമനിയിൽ സ്ഥിരതാമസക്കാരനാണ്. ഭീകരാക്രമണം ആണോയെന്ന് പ്രാദേശിക ഭരണകൂടം സംശയം ഉന്നയിച്ചിരുന്നു. എന്നാൽ അക്രമി ഒറ്റക്കാണെന്നും നഗരത്തിൽ കൂടുതൽ ആക്രമണങ്ങൾക്ക് സാധ്യതയില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവം നടന്ന മാഗ്ഡെബർഗിലും അക്രമി താമസിച്ചിരുന്ന ബെർൺബർഗിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കറുത്ത നിറത്തിലുള്ള ബിഎംഡബ്ല്യു കാർ ആൾക്കൂട്ടത്തിലേക്ക് അതിവേഗം പാഞ്ഞുകയറുന്നതും ആളുകൾ ചിതറിയോടുന്നതുമായ സിസിടിവി ദൃശ്യങ്ങൾ കാണാം. യുദ്ധ സമാനമായ സാഹചര്യമായിരുന്നുവെന്നാണ് മാർക്കറ്റിലുണ്ടായിരുന്നവർ പറയുന്നത്. ആക്രമണത്തിന് തൊട്ടുമുമ്പാണ് അക്രമി കാർ വാടകയ്‌ക്കെടുത്തതെന്നാണ് പൊലീസ് പറയുന്നത്.
അക്രമിയുടെ ലക്ഷ്യം സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. ഇയാളുടെ എക്സിലെ പോസ്റ്റുകളിൽ ആൾട്ടർനേറ്റീവ് ഫോർ ജർമനി അടക്കമുള്ള തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾക്കുമുള്ള പിന്തുണ വെളിപ്പെടുത്തുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇസ്‌ലാം വിരുദ്ധത വ്യക്തമാക്കുന്ന പോസ്റ്റുകളും സൗദി അഭയാർഥികളെ കൈകാര്യം ചെയ്യുന്നതിലുള്ള ജർമനിയുടെ സമീപനത്തെ വിമർശിക്കുന്ന കുറിപ്പുകളും ഇദ്ദേഹം എക്സിൽ പങ്കുവച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..