23 December Monday

ജനകീയ പ്രക്ഷോഭം; ഹസീന രാജ്യംവിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

ധാക്ക/ന്യൂഡല്‍ഹി > വിദ്യാര്‍ഥി സമരം, ബം​ഗ്ലാദേശ് രൂപീകരണശേഷം രാജ്യം കണ്ട ഏറ്റവും വലിയ ജനകീയപ്രക്ഷോഭമായി വളര്‍ന്നതോടെ  ഷെയ്‌ഖ്‌ ഹസീന സർക്കാർ നിലംപൊത്തി. പ്രധാനമന്ത്രിപദം രാജിവച്ച ഷെയ്‌ഖ്‌ ഹസീന സൈനിക ഹെലികോപ്ടറിൽ ഇന്ത്യയിലേക്ക്‌ കടന്നു. എഴുപത്താറുകാരിയായ ഹസീനയും സഹോദരി ഷെയ്ഖ് റഹാനയും തിങ്കൾ വൈകിട്ട്‌ ഡൽഹിയിലെ ഹിൻഡൻ എയർബേസിൽ ഇറങ്ങി. ലണ്ടനിലേക്ക് കടക്കാനാണ് നീക്കം. ഇന്ത്യയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ഹസീന കൂടിക്കാഴ്ച നടത്തി. നാലാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ്‌ ഏഴ് മാസം പിന്നിടുമ്പോഴാണ് ഹസീനയ്ക്ക് അധികാരം നഷ്ടമാകുന്നത്. 2009 മുതൽ 15 വർഷം നീണ്ട ഭരണമാണ്‌ അവസാനിച്ചത്‌. 

ബംഗ്ലാദേശ് ഭരണം ഏറ്റെടുത്ത സൈന്യം ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന്‌ പ്രഖ്യാപിച്ചു. ഹസീനയുടെ രാജി ടെലിവിഷനിലൂടെ രാജ്യത്തെ അറിയിച്ച സൈനിക മേധാവി ജനറൽ വഖാര്‍ ഉസ്‌ സമാൻ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സഹകരിക്കണമെന്ന്‌ വിദ്യാർഥികളോട്‌ അഭ്യര്‍ഥിച്ചു. ‘പ്രധാന പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ്‌ മൊഹമ്മദ്‌ ഷഹാബുദ്ദീന്റെ ഉപദേശപ്രകാരമായിരിക്കും തുടർനടപടികൾ. കൊല്ലപ്പെട്ടവർക്ക്‌ നീതി ലഭ്യമാക്കും. എല്ലാ അനീതിയും പരിഹരിക്കപ്പെടും.’ 

രാജിവാര്‍ത്തയറിഞ്ഞ് വിജയാഘോഷങ്ങളുമായി ആയിരങ്ങൾ നിരത്തിലിറങ്ങി. ധാക്കയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ‘ഗണഭബനി’ലേക്ക്  ജനങ്ങള്‍ ഇരച്ചുകയറി. കസേരകളും മറ്റും എടുത്തുകൊണ്ടു പോകുന്നതിന്റെയും വം​ഗബന്ധു മ്യൂസിയം  തീയിട്ടതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നു. ധാക്കയിൽ ഹസീനയുടെ പിതാവും രാജ്യത്തിന്റെ ആദ്യപ്രസിഡന്റുമായ ഷെയ്‌ഖ്‌ മുജിബുർ റഹ്മാന്റെ പ്രതിമ തകർത്തു. ഇന്ദിരാ ഗാന്ധി കൾച്ചറൽ സെന്ററിനും കേടുപാടുകളുണ്ടായി. ബം​ഗ്ലാദേശ് അതിര്‍ത്തിയില്‍ ഇന്ത്യ ജാ​ഗ്രത ശക്തമാക്കി.

രാജ്യവ്യാപക കലാപങ്ങൾക്കിടെ, പ്രതിപക്ഷ കക്ഷികളെല്ലാം വിട്ടുനിന്ന തെരഞ്ഞെടുപ്പിലൂടെയാണ് ജനുവരിയിൽ അവർ നാലാംവട്ടവും അധികാരത്തിൽ എത്തിയത്‌. ബം​ഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ പിൻഗാമികൾക്ക്‌ സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം പുനസ്ഥാപിച്ച ഹൈക്കോടതിവിധിയാണ് വിദ്യാര്‍ഥി പ്രക്ഷോഭത്തിന് തുടക്കമിട്ടത്. പൊലീസും ഭരണകക്ഷിയായ അവാമി ലീഗ്‌ പ്രവർത്തകരും പ്രക്ഷോഭകരുമായി ഏറ്റുമുട്ടി.  പൊലീസ് നടപടിയില്‍ ഇരുനൂറോളംപേര്‍ കൊല്ലപ്പെട്ടത് ഹസീനയുടെ ഏകാധിപത്യനടപടികള്‍ക്ക് തെളിവായി. അട്ടിമറിശ്രമമാണ്‌ നടക്കുന്നതെന്ന്‌ ആരോപിച്ച ഹസീന, ഞായറാഴ്ച അനിശ്ചിതകാല രാജ്യവ്യാപക കർഫ്യൂവും തിങ്കൾ മുതൽ മൂന്നുദിവസം ദേശീയ അവധിയും പ്രഖ്യാപിച്ചു. ഇതിനെതിരെ വിദ്യാർഥികൾ ധാക്കയിലേക്ക്‌ ആഹ്വാനം ചെയ്ത ലോങ്‌ മാർച്ചാണ്‌ സർക്കാരിന്റെ പതനത്തിൽ കലാശിച്ചത്‌. തിങ്കളാഴ്ച ആറ്‌ വിദ്യാർഥികൾ കൊല്ലപ്പെട്ടു.

അതിനിടെ, തടവിലാക്കപ്പെട്ട പ്രതിപക്ഷ നേതാവും ഹസീനയുടെ ബദ്ധശത്രുവുമായ ഖാലിദ സിയയെ വിട്ടയയ്‌ക്കാൻ പ്രസിഡന്റ്‌ മൊഹമ്മദ്‌ ഷഹാബുദ്ദീൻ ഉത്തരവിട്ടു. സൈനിക മേധാവി ജനറൽ വഖർ ഉസ്‌ സമാൻ, സേനാമേധാവികൾ, ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർടികൾ എന്നിവർകൂടി പങ്കെടുത്ത യോഗത്തിലാണ്‌ മുൻ പ്രധാനമന്ത്രികൂടിയായ ഇവരെ വിട്ടയയ്‌ക്കാൻ ഐകകണ്ഠ്യന തീരുമാനിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top