ധാക്ക
നാടുവിടും മുമ്പ് ഷെയ്ഖ് ഹസീന ശ്രമിച്ചത് പ്രതിഷേധത്തെ അടിച്ചമര്‍ത്താൻ. തിങ്കളാഴ്ച രാവിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം പ്രധാനമന്ത്രിയുടെ വസതിയായ ഗണഭവനില്‍ ചേര്‍ന്നു. കര്‍ഫ്യൂ ശക്തമാക്കാനും പ്രതിഷേധക്കാര്‍ക്കുനേരെ കൂടുതൽ കടുത്ത നടപടിയെടുക്കാനും ഹസീന നിര്‍ദേശിച്ചു.
എന്നാൽ, കൂടുതൽ കടുത്ത നടപടികളെടുത്ത് പ്രശ്നം പരിഹരിക്കാനാകില്ലെന്ന് ഉപദേശകരിൽ ചിലര്‍ വ്യക്തമാക്കി. അധികനേരം പിടിച്ചുനിൽക്കാനാകില്ലെന്ന് പൊലീസ് തലവനും അറിയിച്ചു. അധികാരം സൈന്യത്തിന് കൈമാറണമെന്ന നിലപാട് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നോട്ടുവച്ചു.
വഴങ്ങാത്തതിനാൽ സഹോദരി റഹാനയെ ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികളറിയിച്ചു. റഹാന നിര്‍ബന്ധിച്ചെങ്കിലും ഹസീന രാജിയില്ലെന്ന നിലപാടിലുറച്ചുനിന്നു. ഒടുവിൽ വിദേശത്തുള്ള മകൻ സജീബ് വസെദ് ജോയ് ആണ് ഹസീനയെ രാജിക്ക് പ്രേരിപ്പിച്ചത്. രാജ്യം വിടില്ലെന്ന നിലപാട് ഹസീന എടുത്തു. ജീവന് ഭീഷണിയുണ്ടെന്നും ബംഗ്ലാദേശ് വിടണമെന്നുമുള്ള മകന്റെ നിര്‍ബന്ധത്തിന് ഒടുവിൽ വഴങ്ങി. രാജ്യത്തിന് അഭിസംബോധന ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അതിനുള്ള സമയം കിട്ടിയില്ല. പ്രസിഡന്റിന്റെ വസതിയിലേക്ക് പോയി രാജി നടപടി പൂര്‍ത്തിയാക്കി രാജ്യംവിടുകയായിരുന്നു.
അഭയം നൽകാൻ
വകുപ്പില്ലെന്ന് ബ്രിട്ടന്‍
ലണ്ടൻ
പ്രധാനമന്ത്രിസ്ഥാനം രാജിവച്ച് ബംഗ്ലാദേശ് വിട്ട ഷെയ്‌ഖ് ഹസീനയ്ക്ക് രാഷ്ടീയ അഭയം നല്‍കാൻ വിസമ്മതിച്ച് ബ്രിട്ടൻ. വ്യക്തികൾക്ക് രാഷ്ട്രീയ അഭയം തേടി ബ്രിട്ടനിലെത്താന്‍ കുടിയേറ്റ നിയമങ്ങൾ അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഒരു രാജ്യം വിട്ടുപോകുന്നവർ സുരക്ഷിതമായി ആദ്യം എത്തുന്ന രാജ്യത്താണ് അഭയം തേടേണ്ടതെന്നാണ് അധികൃതരുടെ വിശദീകരണം.
ഇതോടെ, ഹസീനയുടെ ഇന്ത്യയിലെ താമസം നീളുമെന്ന് ഉറപ്പായി. ബ്രിട്ടീഷ് പൗരയായ സഹോദരി ഷെയ്‌ഖ് റഹാന, ബ്രിട്ടീഷ് സാമ്പത്തിക സെക്രട്ടറിയായ അനന്തരവൾ ട്യുലിപ് സിദ്ദിഖ് എന്നിവരും ഹസീനയ്ക്കൊപ്പമുണ്ട്. മകൾ സെയ്‌മ വാസെദ് ഡൽഹിയിൽ ലോകാരോഗ്യ സംഘടനയുടെ മേഖലാ മേധാവിയാണ്. അമേരിക്ക ഹസീനയുടെ വിസ റദ്ദാക്കിയതായും റിപ്പോർട്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..