ലണ്ടൻ > 2021ൽ ലോകത്തെ സ്വാധീനിച്ച വനിതകളിൽ അഫ്‌ഗാനിൽനിന്നുള്ള 15 വയസ്സുകാരി സൊതൂദ ഫൊറോറ്റാനും. രാജ്യം കൈയടക്കിയ താലിബാനെ ഭയക്കാതെ പെൺകുട്ടികളുടെ പഠിക്കാനുള്ള അവകാശത്തിനായി ശബ്ദമുയർത്തിയതാണ് സൊതൂദയെ നേട്ടത്തിന് അർഹയാക്കിയത്. ഫിനാൻഷ്യൽ ടൈംസിന്റെ പട്ടികയ്ക്കായി നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായിയാണ് സൊതൂദയെ നാമനിർദേശം ചെയ്‌തത്.
താലിബാൻ അധികാരത്തിലെത്തിയതോടെ ഏഴാം ക്ലാസുമുതലുള്ള വിദ്യാർഥിനികളെ സ്കൂളിൽ പോകുന്നതിൽനിന്ന് വിലക്കിയിരുന്നു. ഹെറാത് പ്രവിശ്യയിൽ നടന്ന പൊതുപരിപാടിക്കിടെ ഇതിനെതിരെ സധൈര്യം സംസാരിച്ച സൊതൂദയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഹെറാത്തിൽ പെൺകുട്ടികൾക്ക് സ്‌കൂളിൽപോകാൻ അനുമതി ലഭിക്കുകയും ചെയ്തു. ഫിനാൻഷ്യൽ ടൈംസ് എല്ലാ വർഷവും ആ ‘വർഷത്തെ വനിത’യെ തെരഞ്ഞെടുക്കാറുണ്ട്.
ഈ വർഷം വിവിധ മേഖലയിൽനിന്നായി 25 പേരെ നാമനിർദേശം ചെയ്യാൻ പ്രമുഖരോട് ആവശ്യപ്പെടുകയായിരുന്നു. ലോകവ്യാപാര സംഘടന മേധാവി എൻഗോസി ഒകോൻജോ ഇവാല, ഐഎംഎഫ് മേധാവി ഗീത ഗോപിനാഥ്, അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി തുടങ്ങിയവരും പട്ടികയിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..