19 December Thursday

പ്രഖ്യാപിച്ചത് ഭരണഘടനയിൽ തൊട്ടുള്ള മാറ്റങ്ങൾ; ദിസനായകെയുടെ നേതൃത്വത്തിൽ ശ്രീലങ്ക എങ്ങോട്ട്

എൻ എ ബക്കർUpdated: Tuesday Nov 19, 2024

ശ്രീലങ്കൻ സർക്കാർ പിടിച്ചെടുത്തിരിക്കുന്ന തമിഴ് വംശജരുടെ ഭൂമി അവർക്ക് തിരികെ നൽകുമെന്നായിരുന്നു പ്രസിഡന്റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെയുടെ വാഗ്ദാനങ്ങളിൽ ഒന്ന്. വടക്കന്‍ ശ്രീലങ്കയിലെ തമിഴ് വംശജരായ മത്സ്യത്തൊഴിലാളികൾക്ക് അവകാശപ്പെട്ട മത്സ്യ സമ്പത്ത് ഇന്ത്യൻ മത്സ്യബന്ധനകർ കവരുന്നു. ഇത് എന്ത് വിലകൊടുത്തും തടയുമെന്നും പ്രഖ്യാപിച്ചു.


തമിഴ്‌നാട് സ്വദേശികളായ 128 മത്സ്യത്തൊഴിലാളികളും 199 ബോട്ടുകളും ലങ്കയുടെ കസ്റ്റഡിയിലാണ്. അവരെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ് വംശജർ കൂടുതലുള്ള വടക്കൻ ശ്രീലങ്കയിൽ പ്രചാരണത്തിന് എത്തിയ അനുര കുമാര ദിസനായകെയുടെ പ്രഖ്യാപനം ഉണ്ടായത്.
തമിഴ് വംശജർക്ക് എതിരെ സിംഹള ദേശീയത ഉയർത്തിപ്പിടിച്ചുള്ള ആക്രമണങ്ങളെ അദ്ദേഹവും പാർട്ടിയും തള്ളി പറയുകയും രാഷ്ട്രീയമായ ഖേദം പ്രകടിപ്പിക്കയും ചെയ്തിരുന്നു. ഇപ്പോൾ തമിഴ് ജനതയെ ശ്രീലങ്ക എന്ന വികാരത്തിലേക്ക് ചേർത്ത് പിടിക്കുകയാണ്.  
 


 എല്ലാവരെയും ചേർത്ത് പിടിച്ച്


 തുടർച്ചയായ കലാപങ്ങളാലും ആക്രമണങ്ങളാലും അസ്ഥിരമായ ശ്രീലങ്കയുടെ സംഘർഷ ഭരിതമായ ഭൂതകാലത്തിൽ നിന്നും ബഹുകാതം പിന്നിട്ടാണ് ജനതാ വിമുക്തി പെരുമന നേതൃത്വത്തിലുള്ള സഖ്യം മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിച്ചിരിക്കുന്നത്. എൻ പി പി സഖ്യം നേടിയ മൂന്നിൽ രണ്ട് ഭൂരിപക്ഷം പ്രതീക്ഷകളുടെയും മുകളിലാണെന്ന് നേതാക്കൾ തന്നെ പറഞ്ഞു.
 ശ്രീലങ്കൻ ജനത വലിയ പ്രതീക്ഷയാണ് പുതിയ സഖ്യത്തിൽ അർപ്പിച്ചിരിക്കുന്നത് 1978 ൽ ആനുപാതിക പ്രാതിനിധ്യസമ്പ്രദായം ഏർപ്പെടുത്തിയ ശേഷം ആദ്യമായാണ് ശ്രീലങ്കയിൽ ഒരു കക്ഷി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്നത്.


 നിയമസഭാ തെരഞ്ഞെടുപ്പു ഫലവും ഇതേ ദിശയിലായിരുന്നു. ശ്രീലങ്ക കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഭൂരിപക്ഷവുമായാണ് പ്രധാനമന്ത്രി ഡോ ഹരിണി അമരസൂര്യ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ചത്. കൊളംബോയിൽ 6,55,289 ഭൂരിപക്ഷത്തോടെയാണ് ഹരിണി വിജയിച്ചത്. 2020-ലെ മഹിന്ദ രാജപക്സയുടെ ഭൂരിപക്ഷമായ 5,27,364 വോട്ടിനെ മറികടന്നാണ് ഈ സമ്മതി വോട്ടർമാർ അവർക്ക് നൽകിയത്.
പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തുന്നത് വരെയുള്ള കാലത്തേക്ക് രൂപീകരിച്ച മൂന്നംഗ താത്ക്കാലിക സർക്കാരിൽ ഹരിണിയായിരുന്നു പ്രധാനമന്ത്രി.


ഡോ ഹരിണിയുടെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രി സഭ നവംബർ 18 തിങ്കളാഴ്ച അധികാരമേറ്റു. മന്ത്രിസഭയിൽ ഇവരെ കൂടാതെ ഒരു വനിതായാണുള്ളത്. സരേജ സാവിത്രി പോൾ രാജ്. ഇവർ സിംഹള ഭൂരിപക്ഷ മേഖലയിൽ നിന്നാണ് എന്നതും പ്രത്യേകതയാണ്. തമിഴ് വംശജനായ രാമലിംഗം ചന്ദ്രശേഖരനും മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടു. ഫിഷറീസ് ആണ് ഇദ്ദേഹത്തിന്റെ വകുപ്പ്.


വിശ്വാസത്തോടെ ചേർന്ന് നിന്ന് ജാഫ്നയും

 


അനുര ദിസനായകെയുടെ നേതൃത്വത്തിന് കീഴിൽ 225 അംഗ പാർലമെന്റിലെ 159 സീറ്റുകളാണ് എൻ പി പിക്ക് നേടാൻ കഴിഞ്ഞത്. 2020 ൽ ഇത് മൂന്ന് സീറ്റ് മാത്രമായിരുന്നു. തമിഴ് ഭൂരിപക്ഷമായ വടക്കൻ പ്രവിശ്യയും ഇടത്തോട്ട് ചാഞ്ഞ് എൻ പി പിക്കൊപ്പം നിന്നു. സിംഹള പാർട്ടിയെന്ന് പ്രചരിപ്പിക്കപ്പെട്ട അനുരയുടെ ജെ വി പി ജാഫ്ന ജില്ലയിൽ ചരിത്രത്തിലാദ്യമായാണ് വിജയം നേടിയത്. ഇത് ഈ തെരഞ്ഞെടുപ്പിലെ പ്രധാന സൂചകമാണ്. ന്യൂനപക്ഷ, പീഡിത ജനജാതിവിഭാഗങ്ങളും ഒന്നിച്ചു നിന്നു.
2019 ൽ നാഷണൽ പീപ്പിൾസ് പവർ എന്ന എൻ പി പി സഖ്യം രൂപപ്പെട്ടത് രാഷ്ട്രീയ പാർട്ടികൾ മാത്രം ഒന്നുചേർന്നല്ല. ഒരു പ്രസ്ഥാനം എന്ന രീതിയിൽ 21 വ്യത്യസ്ത ഗ്രൂപ്പുകൾ ഒന്നിക്കയായിരുന്നു. തൊഴിലാളി യൂണിയനുകൾ, സംഘടനകൾ, വനിതാ സംഘടനകൾ, പൊതു ക്ഷേമ സംഘടനകൾ എല്ലാം ചേർന്ന് രൂപമെടുത്തതാണ്. കേന്ദ്ര സ്ഥാനത്ത് ദിസനായകെ പ്രതിനിധാനം ചെയ്യുന്ന ജെ വി പിയും നിൽക്കുന്നു.


ദിസനായകെ ചൈന പക്ഷപാതിയാണ് എന്നൊരു പ്രചാരണവും തെരഞ്ഞെടുപ്പ് കാലത്ത് കത്തി നിന്നിരുന്നു. ഇന്ത്യക്കും ചൈനയ്ക്കും ഇടയിൽ 'സാന്‌്കതവിച്ച്‌' ആകാനില്ല. അയൽരാജ്യങ്ങളുമായി സമതുലിതമായ ബന്ധം വളർത്തിയെടുക്കാനാണ് ശ്രമിക്കുന്നത്. എന്നായിരുന്നു ഇതിനെതിരായ ദിസനായകെയുടെ പ്രതികരണം. മൊണോക്കിൾ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇത്.
ഇരു രാജ്യങ്ങളും മൂല്യമേറിയ സുഹൃത്തുക്കളാണ്. ഇന്ത്യയും ചൈനയുമായി അടുത്ത ബന്ധം പുലർത്താനാണ് സർക്കാർ ആഗ്രഹിക്കുന്നത്. കൂടാതെ, യൂറോപ്യൻ യൂണിയൻ, മധ്യപൂർവേഷ്യ, ആഫ്രിക്ക തുടങ്ങിയവയായും നല്ല ബന്ധം ആഗ്രഹിക്കുന്നു. എന്നും ദിസനായകെ കൂട്ടിച്ചേർത്തു. ശ്രീലങ്കന്‍ മണ്ണ് ഒരു രാജ്യത്തിനും ഭീഷണിയാകുന്ന നിലയിൽ ഉപയോഗിക്കില്ലെന്നാണ് എൻ പി പി വക്താവ് ബിമല്‍ രത്‌നായകെ വ്യക്തമാക്കിയത്. ദക്ഷിണേഷ്യയുടെ ഭൗമ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് ശ്രീലങ്കയ്ക്ക് വ്യക്തമായ ധാരണയുണ്ട്, ശ്രീലങ്ക ഇതിന്റെ ഭാഗവാക്കാക്കില്ലെന്നും വിശദീകരിച്ചു.


അതേ സമയം ജാഫ്ന മുനമ്പിൽ എത്തിയപ്പോൾ തമിഴ് ജനതയുടെ വിശ്വാസം നേടാൻ ഇന്ത്യൻ സമുദ്രാതിർത്തിയിലെ പ്രശ്നങ്ങളെ കടുത്ത ഭാഷയിൽ തന്നെയാണ് ദിസനായകെ എടുത്ത് പ്രയോഗിച്ചത്.
അതേസമയം ദിസനായകെയുടെ ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്കായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡിസംബറിൽ ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രി വിജിത ഹൊറാത്ത് ആണ് പ്രഖ്യാപിച്ചത്. മന്ത്രിസഭ അധികാരമേറ്റതിന് തൊട്ട് പിന്നാലെയായിരുന്നു ഇത്.  


ഇന്ത്യയോട് അടുക്കാനും സമദൂരം കാക്കാനും

 


പാർട്ടി സെക്രട്ടറി തിൽവിൻ സിൽവ പഴയകാല നിലപാടുകൾ സംഘർഷ ഭരിതമായ അന്നത്തെ രാഷ്ട്രീയ സാഹചര്യത്താൽ സ്വാധീനിക്കപ്പെട്ടവയായിരുന്നു എന്ന് തുറന്നു പറച്ചിൽ നടത്തി. 1971, 1987-89 കാലഘട്ടങ്ങളിലെ സായുധ മുന്നേറ്റങ്ങളെ ഈ പശ്ചാത്തലത്തിലാണ് വിശദീകരിച്ചത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഞങ്ങൾ ആഗ്രഹിക്കയോ ആവശ്യപ്പെടുകയോ ചെയ്തതല്ല. കെട്ടുറപ്പുള്ള ഒരു ശ്രീലങ്ക വളർത്താൻ ജനങ്ങൾ ഞങ്ങളെ ഉത്തരവാദിത്തപ്പെടുത്തിയതാണ്.
രാഷ്ട്രീയ ശത്രുതകൾ മുൻനിർത്തിയുള്ള ഭരണമാണ് രാജ്യത്തിന്റെ സാമ്പത്തിക നിലയെ ഇത്രയും ദുർബലമാക്കിയത്.  രാഷ്ട്രീയവും ഭരണവും വ്യത്യസ്തമാണ്. തകർന്ന നിലയിൽ നിന്നും രാജ്യത്തെ മുന്നേട്ട് നയിക്കലാണ് മുഖ്യം. കൊളംമ്പോയിൽ മാധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹം വ്യക്തമാക്കി. അയൽ രാജ്യങ്ങളുമായുള്ള ബന്ധത്തെയും പുനർനിർവ്വചിക്കുന്ന സൂചനയായിരുന്നു തെരഞ്ഞടെുപ്പ് ഫലത്തിന് പിന്നാലെ നൽകിയത്.
നിയുക്ത പ്രസിഡന്റിന് ആദ്യം ആശംസ നേർന്നത് ഇന്ത്യന്‍ ഹൈക്കമീഷണര്‍ സന്തോഷ് ഝാ ആയിരുന്നു. ഇന്ത്യയുടെ സാംസ്‌കാരിക പാതി എന്ന പരാമര്ശആത്തോടെയായിരുന്നു ഝായുടെ പ്രതികരണം . പിന്നാലെ പ്രധാനമന്ത്രിയുടെയും ആശംസയെത്തി. ഇന്ത്യയ്ക്ക് ശ്രീലങ്കയുമായുള്ള ബന്ധം നയതന്ത്രപരമായിരിക്കെ തന്നെ സമയം യുദ്ധ തന്ത്രപ്രധാനവുമാണ്.


ഭരണഘടനയിൽ തൊടുമോ, വാഗ്ദാനം പാലിക്കുമോ


ശ്രീലങ്കയുടെ ഭരണ സംവിധാനത്തിൽ തന്നെ മാറ്റങ്ങൾക്ക് സാധ്യത കല്പിക്കുന്നുണ്ട്. ശ്രീലങ്കയിൽ ഇപ്പോൾ നിലനിൽക്കുന്ന പ്രസിഡൻഷ്യൽ സമ്പ്രദായം ഒഴിവാക്കും. 1978 വരെ നിലനിന്നിരുന്ന ബ്രിട്ടീഷ് ശൈലിയിലുള്ള പാർലമെന്ററി ജനാധിപത്യത്തിലേക്ക് മടങ്ങും എന്ന് ദിസനായകെ പ്രഖ്യാപിച്ചിരുന്നു. പാർട്ടിക്ക് ലഭിച്ചിരിക്കുന്ന പിന്തുണ ഇതിന് കൂടി സാധ്യത തുറക്കുന്നതാണ്. ഏതറ്റംവരെ പോകും അനുരണനങ്ങൾ എന്തായിരിക്കും എന്നത് ഇനിയും കാണാനിരിക്കുന്നു. 2022 ൽ രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിന്ധിയിലൂടെയും ജനകീയ പ്രതിഷേധങ്ങളിലൂടെയും കടന്നു വന്നാണ് ഈ ജനവിധി രൂപപ്പെട്ടത്. മുതലാളിത്ത ലോകത്തെ സമ്പത്തിക നയങ്ങളോടും അതിന്റെ ചൂഷണാധിഷ്ഠിത സമ്പ്രദയാങ്ങളോടും അനുഭവം കൊണ്ട് ദൂരം പാലിച്ച ജനതയാണ്.


ദിസനായകെ രാഷ്ട്രീയം രൂപപ്പെട്ട വഴി

 


ശ്രീലങ്കയിൽ അനുരാധപുര ജില്ലയിലെ ഗ്രാമത്തില്‍ 1968 നവംബര്‍ 24-നാണ് അനുര കുമാര ദിസനായകെ ജനിച്ചത്.
തമ്പുതേഗമ ഗാമിനി മഹാവിദ്യാലയത്തിലും തമ്പുതേഗമ സെന്ട്രലല്‍ കോളേജിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പെരഡേനിയ സര്വപകലാശാലയില്‍ പ്രവേശനം നേടി. മാസങ്ങൾക്കുള്ളിൽ കാമ്പസ് വിടേണ്ടി വന്നു. കഷ്ടതകൾ നിറഞ്ഞ ഗ്രാമജീവിത്തിൽ നിന്ന് തമ്പുതേഗമ സെന്ട്രഷല്‍ കോളേജില്‍ നിന്ന് യൂണിവേഴ്‌സിറ്റി പ്രവേശനം നേടിയ ആദ്യ വിദ്യാർഥിയായിരുന്നു. നിരന്തര ഭീഷണികൾ അതിജീവിക്കാനാവാതെ തന്റെ രാഷ്ട്രീയ മാർഗ്ഗം പിന്തുടർന്ന മറ്റ് വിദ്യാര്ഥിതകള്ക്കൊപ്പമാണ് ദിസനായകെ കലാശാല വിടുന്നത്.


1992 ൽ കെലനിയ(Kelaniya) സർവകലാശാലയിൽ നിന്നാണ് ഫിസിക്കല്‍ സയൻസിൽ ബിരുദ പഠനം പൂർത്തിയാക്കുന്നത്. അപ്പോഴേക്കും അനുര ദിസനായകെ കൃത്യമായ രാഷ്ടീയ ലക്ഷ്യങ്ങളുള്ള യുവ നേതാവായി വളർന്നിരുന്നു.
സ്‌കൂൾ പഠന കാലത്ത് തന്നെ ജനതാ വിമുക്തി പെരമുനയുടെ വഴിയിൽ  വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. തംബുട്ടെഗാമ ഗ്രാമത്തിലെ കുടുംബ വീട് പാർട്ടിയുമായുള്ള ബന്ധത്തിന്റെ പേരിൽ അഗ്നിക്കിരയാക്കിയതാണ്. പിതാവ് സർക്കാർ വകുപ്പിൽ ഹെൽപ്പറായിരുന്നു. മതാവ് ഒരു സാധാരണ വീട്ടമ്മയുമായുമാണ്.


സായുധ വിപ്ലവ സംഘത്തിൽ തുടക്കം


1987-1989 കാലഘട്ടത്തിലെ പാർട്ടി പ്രവർത്തനം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. കലാപകാരികളെ അതിക്രൂരമായി കൊന്നൊടുക്കിയാണ് ഭരണകൂടം കണക്ക് തീർത്തിരുന്നത്. ജനതാ വിമുക്തി പെരമുന സ്ഥാപകന്‍ രോഹണ വിജയ് വീരയുൾപ്പെടെ 60,000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകൾ കണ്ടെത്തിയത്.
അറുപതുകളില്‍ രൂപംകൊണ്ട ജെ.വി.പിയുടെ രാഷ്ട്രീയ സ്വഭാവത്തില്‍ 1980-കളുടെ അവസാനം മുതല്‍ വലിയ മാറ്റം വരുന്നുണ്ട്. എഴുപതുകളില്‍ മുതലാളിത്തത്തെ അട്ടിമറിക്കാനും രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക സ്ഥിതി പരിവര്ത്തിനം ചെയ്യാനും ലക്ഷ്യമിട്ടുള്ള സാമ്രാജ്യത്വ വിരുദ്ധ സോഷ്യലിസ്റ്റ് സ്വഭാവം ജെ.വി.പിക്ക് കൈവരിച്ചു. എന്നാല്‍ 1980-കളോടെ പാർട്ടി സിംഹള-ദേശീയതയിലേക്ക് നീങ്ങിയത് വിമർശിക്കപ്പെട്ടു. ഇതിനെ ഭരണകൂടത്തിന്റെ ചരിത്ര രചന എന്നാണ് പാർട്ടിയുടെ ഇപ്പോഴത്തെ സെക്രട്ടറി തിൽവിൻ സിൽവ വിശേഷിപ്പിക്കുന്നത്.


ജെ.ആര്‍. ജയവർദ്ധനെയുടെയും ആർ.പ്രേമദാസയുടെയും ഭരണത്തിനെതിരേ സായുധ കലാപത്തിന് ജെ.വി.പി നേതൃത്വം നൽകി. ജയവർദ്ധനെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടി  സർക്കാർ ജെ.വി.പിയെ നിരോധിച്ചു. വർഷങ്ങൾക്ക് ശേഷം സോമവൻസ  അമരസിംഗയുടെ കീഴില്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പാർട്ടി തിരിച്ചെത്തി. 1994-ലെ പാർലമെന്റ് തിരഞ്ഞെടുപ്പില്‍ ചന്ദ്രിക കുമാരതുംഗയെ പിന്തുണച്ചു. പിന്നാലെ അതേ കുമാരനതുംഗ ഭരണകൂടത്തിന്റെ കടുത്ത വിമർശകരായി മാറി. എങ്കിലും ജനാധിപത്യ പാർലമെന്റിൽ സാന്നിധ്യമറിയിച്ചതോടെ ജെവിപിയുടെ സമീപനങ്ങൾ മാറി.

 


പാർലമെന്റിൽ എത്തിയിട്ട് കാൽ നൂറ്റാണ്ട്

 


ദിസനായകെ 1995-ല്‍ സോഷ്യലിസ്റ്റ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ദേശീയ സംഘാടകനായി. അതേ വര്ഷം തന്നെ ജെ.വി.പിയുടെ കേന്ദ്ര പ്രവര്ത്താക സമിതിയിലും അംഗത്വം. 1998 ൽ പാര്ട്ടി യുടെ പോളിറ്റ്ബ്യൂറോയില്‍ എത്തി. 2000-ലാണ് ആദ്യമായി പാർലമെന്റ് അംഗമാകുന്നത്. നാമനിർദ്ദേശം വഴിയാണ് ഇത്.
പാർലമെന്റ് പിരിച്ചുവിട്ടതിനേ തുടര്ന്ന് നടന്ന 2001-ലെ തിരഞ്ഞെടുപ്പിൽ ജനവിധി നേടി വീണ്ടും എംപിയായി. 2004-ല്‍ ജെ.വി.പി ശ്രീലങ്ക ഫ്രീഡം പാര്ട്ടി യുമായി സഖ്യമുണ്ടാക്കി. 2004-ലെ തിരഞ്ഞെടുപ്പില്‍ യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയന്സിന്റെ (യുപിഎഫ്എ) ഭാഗമായി മത്സരിച്ചു. പാർലമെന്റിൽ 39 സീറ്റുകള്‍ സ്വന്തമാക്കി.
അന്ന് കുരുനാഗല ജില്ലയില്‍ നിന്ന് ദിസനായകെ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  എസ്.എല്‍.എഫ്.പി-ജെ.വി.പി. സർക്കാരിൽ കൃഷി, കന്നുകാലി, ഭൂമി, ജലസേചന വകുപ്പ് മന്ത്രിയായി. എങ്കിലും 2005 ജൂണ്‍ 16-ന് മന്ത്രിസ്ഥാനം രാജിവച്ചു. യുണൈറ്റഡ് പീപ്പിള്സ് ഫ്രീഡം അലയന്സിൽ നിന്ന് പുറത്തുപോകാനുള്ള ജെ.വി.പി. നേതാവ് സോമവൻസ അമേരസിംഗേയുടെ തീരുമാനത്തെ പിന്തുടർന്നായിരുന്നു രാജി.


അമരസിംഗ സ്ഥാനം ഒഴിഞ്ഞതോടെ  2014-ല്‍ ദിസനായകെ ജെ.വി.പിയുടെ നേതൃത്വത്തിലെത്തി. 2014 ഫെബ്രുവരി രണ്ടിന് പാര്ട്ടി യുടെ 17-ാമത് ദേശീയ കൺവെൻഷനിൽ സോമവന്സ യുടെ പിന്ഗാടമിയായി അവരോധിക്കപ്പെട്ടു. അന്ന് ബി.ബി.സിക്ക് നല്കിയ അഭിമുഖത്തില്‍ പാര്ട്ടി യുടെ മുൻകാല സായുധ പോരാട്ടങ്ങളിൽ അദ്ദേഹം ക്ഷമാപണം നടത്തിയത് വാർത്തയായിരുന്നു.
2019-ൽ ബുഹജന പ്രസ്ഥാനം രൂപപ്പെടുത്തി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. ജെ.വി.പിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്സ്് പവർ മുന്നണി സ്ഥാനാർത്ഥിയായ ദിസനായക 4,18,553 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി.
 2020-ലെ പാർലമെന്റ് തിരഞ്ഞെടുപ്പില്‍ കൊളമ്പോ ജില്ലയിൽ നിന്ന് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് ഗോതാബയ രാജപക്സെയുടെ രാജിയെത്തുടർന്ന് വീണ്ടും മത്സര രംഗത്ത് എത്തി.  2022 ജൂലൈ 20-ന് രഹസ്യ ബാലറ്റിലൂടെ നടന്ന പരോക്ഷ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ചു. എങ്കിലും വിജയം നേടാനായില്ല. 2024-ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം വീണ്ടും എന്‍.പി.പി. സ്ഥാനാർത്ഥിയായി.

 


ഇടതുപക്ഷത്തേക്ക് പ്രതീക്ഷയോടെ


കമ്മ്യൂണിസ്റ്റ്-മാര്ക്സിസ്റ്റ് പ്രത്യയശാസ്ത്രം വഴി രാജ്യത്ത് വലിയ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അവർത്തിച്ചുള്ള ഭരണ പരാജയത്താല്‍ ജനം തളര്ന്നിരിക്കുന്നു എന്ന വാക്കുകൾ ജനഹൃദയത്തിൽ തട്ടി. ആളുകള്‍ അവരുടെ നിസ്സഹായതയില്‍ നിന്നും മോചിതരാകാന്‍ ആഗ്രഹിക്കുന്നു. മാറ്റത്തിനായുള്ള ഈ ആഗ്രഹം  അവരെ നമ്മിലേക്ക് ആകര്ഷി്ക്കും എന്നായിരുന്ന വാക്കുകൾ
ശ്രീലങ്കന്‍ സർക്കാരിനും ഐ.എം.എഫിനുമെതിരായി രൂക്ഷ വിമര്ശ്നമാണ് അദ്ദേഹം ഉയർത്തിയത്. അഴിമതിയുടെ കൂത്തരങ്ങായ ഭരണകൂടങ്ങളെ നിലനിർത്തുന്ന ഏജൻസിയാണ് ഐ.എം.എഫ് എന്ന് പ്രഖ്യാപിച്ചു. ശ്രീലങ്കയുടെ പ്രസിഡന്ഷ്യല്‍ സമ്പ്രദായം ഒഴിവാക്കി 1978 വരെ നിലനിന്നിരുന്ന ബ്രിട്ടീഷ് ശൈലിയിലുള്ള പാർലമെന്ററി ജനാധിപത്യത്തിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു.


യുവജനങ്ങളുടെ അഭിലാഷങ്ങളുടെ പ്രതീകം


പാർലമെന്റിൽ ഔപചാരിക വസ്ത്രം ധരിക്കുന്ന ദിസനായകെ റാലികളില്‍ പലപ്പോഴും ജീന്സും ഷർട്ടും ധരിച്ചാണ് പ്രത്യക്ഷപ്പെട്ടത്. ശ്രീലങ്കൻ യുവതലമുറയ്ക്ക് മറ്റ് രാഷ്ട്രീയക്കാരിൽനിന്ന് വേറിട്ടതായി തോന്നിയ ഒരേയൊരാൾ ദിസനായകെ മാത്രമായിരുന്നു. 'എ.കെ.ഡി' എന്ന ചുരുക്കപ്പേരിൽ വിശേഷിപ്പക്കപ്പെട്ടു. എ.കെ.ഡി (Anura Kumara Dissanayake- AKD)  അവര്‍ ഒരു മാറ്റത്തിന്റെ ചിഹ്നമായി കണ്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധികളും നിരാശയും കൊണ്ട് പൊറുതിമുട്ടിയ ജനത അദ്ദേഹത്തിലൂടെ ഇടത് പ്രത്യയശാത്രത്തെ വിമോചന പ്രതീക്ഷയായി തിരിച്ചറിഞ്ഞു.
ശക്തരായ യുണൈറ്റഡ് നാഷണല്‍ പാര്ട്ടി (യു.എന്‍.പി.), ശ്രീലങ്ക ഫ്രീഡം പാര്ട്ടി (എസ്.എല്‍.എഫ്.പി) സഖ്യത്തെ ജനം തള്ളി എങ്കിലും നിസ്സാരരല്ല. കടുത്ത വെല്ലുവിളിയാണ് പാർലമെന്റിൽ അവർ ഉയർത്താൻ പോകുന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെ കരുത്ത് ഉണ്ടായിരിക്കുമ്പോഴും പ്രതിപക്ഷ പാർട്ടികളും ശക്തമാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top