19 December Thursday

വിസയില്ലാതെ ശ്രീലങ്കയിലേക്കൊരുയാത്ര; 35 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇളവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

photo credit: facebook

കൊളംബോ > ഇന്ത്യൻ മഹാസമുദ്രത്തിലൂടെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ഒരു സന്തോഷവാർത്ത! 2024 ഒക്ടോബർ ഒന്നു മുതൽ ഇന്ത്യ, യുകെ, യുഎസ് എന്നിവയുൾപ്പെടെ 35 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസയില്ലാതെ ശ്രീലങ്കയിലേക്ക്‌ പോകാം. വിസ രഹിത പ്രവേശനം ആറ് മാസത്തേക്കാണ്‌ ശ്രീലങ്കൻ സർക്കാർ പ്രഖ്യപിച്ചിരിക്കുന്നത്‌.

ഇന്ത്യ, യുകെ, ചൈന, യുഎസ്, ജർമനി, നെതർലാൻഡ്‌സ്, ബെൽജിയം, സ്‌പെയിൻ, ഓസ്‌ട്രേലിയ, ഡെൻമാർക്ക്, പോളണ്ട്, കസാക്കിസ്ഥാൻ, സൗദി അറേബ്യ, യുഎഇ, നേപ്പാൾ, ഇന്തോനേഷ്യ, റഷ്യ, തായ്‌ലൻഡ്, മലേഷ്യ, ജപ്പാൻ, ഫ്രാൻസ്, കാനഡ, ചെക്ക് റിപ്പബ്ലിക്, ഇറ്റലി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ഇസ്രായേൽ, ബെലാറസ്, ഇറാൻ, സ്വീഡൻ, ദക്ഷിണ കൊറിയ, ഖത്തർ, ഒമാൻ, ബഹ്റൈൻ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ശ്രീലങ്കയിലേക്കുള്ള ഈ വിസ രഹിത യാത്ര ആസ്വദിക്കാം.  

ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കാനുള്ള ശ്രീലങ്കയുടെ ശ്രമം


2023ൽ  ശ്രീലങ്ക ഏറ്റവും കൂടുതൽ സന്ദർശിച്ചത്‌ ഇന്ത്യൻ സഞ്ചാരികളാണ്‌. അതായത്‌ ശ്രീലങ്കയിേലേക്ക്‌ വന്ന മൊത്തം വിദേശികളിൽ 20% ശതമാനവും ഇന്ത്യക്കാരാണ്‌. ശ്രീലങ്കയുടെ പുതിയ വിസ രഹിത നയം  ഇന്ത്യൻ സഞ്ചാരികളെ ലക്ഷ്യം വെച്ചാണ്‌.



ഇന്ത്യൻ സന്ദർശകരെ ആകർഷിക്കാൻ ശ്രീലങ്ക നേരത്തെ തന്നെ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിച്ചിരുന്നു. 2023 ഒക്‌ടോബറിൽ, ഇന്ത്യയുൾപ്പടെ ആറ് രാജ്യങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികൾക്കുള്ള വിസ ഫീസ് ശ്രീലങ്ക ഒഴിവാക്കിയിരുന്നു. ശ്രീലങ്ക ഡെവലപ്‌മെന്റ്‌ അതോറിറ്റിയുടെ കണക്കനുസരിച്ച്‌ 2024ൽ ശ്രീലങ്ക സന്ദർശിച്ചത്‌ 246,922 ഇന്ത്യക്കാരാണ്‌.  യുകെയിൽ നിന്ന് 123,992 പേരും.


ശ്രീലങ്ക ടൂറിസത്തിന് പ്രാധാന്യം നൽകുന്നു


ശ്രീലങ്കയുടെ വിനോദസഞ്ചാര മേഖല സമീപ വർഷങ്ങളിൽ നിരവധി വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്‌. 2019 ഈസ്റ്റർ ദിനത്തിലുണ്ടായ ബോംബാക്രമണത്തിന് ശേഷം ശ്രീലങ്കയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിൽ ഗണ്യമായ കുറവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

35 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ രഹിത യാത്രാ സംവിധാനം ഏർപ്പെടുത്തിയത് വിനോദ സഞ്ചാരമേഖലയെ പുനരുജ്ജീവിപ്പിക്കാനും കൂടുതൽ വിദേശികളെ ആകർഷിക്കാനുമുള്ള സുപ്രധാന ചുവടുവയ്‌‌പ്പാണ്. 2024ൽ ജനുവരി മുതൽ മെയ്‌ വരെയുള്ള ആറ്‌മാസക്കാലയളവിൽ ടൂറിസത്തിൽ നിന്ന് 1.5 ബില്യൺ ഡോളറാണ്‌  ശ്രീലങ്ക നേടിയത്, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് വെറും 875 മില്യൺ ഡോളറായിരുന്നുവെന്നാണ്‌ സെൻട്രൽ ബാങ്ക് പറയുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top