വാഷിങ്‌ടൺ
നവംബർ അഞ്ചിന് നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് വോട്ട് ചെയ്യും. ഇതിനുള്ള അപേക്ഷ ഭൂമിയിലേക്ക് അയച്ചുകഴിഞ്ഞതായി നിലയത്തിൽനിന്ന് വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ ഇരുവരും പറഞ്ഞു. പേടകത്തിലെ തകരാറുകാരണം ജൂൺ മുതൽ ബഹിരാകാശനിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ് ഇന്ത്യൻ വംശജയായ സുനിതയും വിൽമോറും.
ബഹിരാകാശത്തുനിന്ന് വോട്ട് ചെയ്യുന്നത് അമേരിക്കൻ തെരഞ്ഞെടുപ്പിൽ പുതിയ കാര്യമല്ല. നാസ ജീവനക്കാർക്ക് ബഹിരാകാശത്തുനിന്ന് വോട്ടുചെയ്യാൻ അനുമതി നൽകുന്ന നിയമം 1997ലാണ് പാസ്സായത്. 2020ൽ കേറ്റ് റൂബിൻസ് ഈ അവകാശം ആദ്യമായി വിനിയോഗിച്ചു. ടെക്സസിലെ ഹാരിസ് കൗണ്ടിയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നാസയുടെ സഹകരണത്തോടെ ഇഷ്ട സ്ഥാനാർഥിയുടെ പേരിനുനേരെ ക്ലിക്ക് ചെയ്ത് വൊട്ട് രേഖപ്പെടുത്താവുന്ന പിഡിഎഫ് ഫയൽ ബഹിരാകാശ നിലയത്തിലേക്ക് അയക്കും.
ജൂൺ അഞ്ചിന് എട്ടുദിവസത്തെ പര്യടനത്തിനായി നിലയത്തിലെത്തിയ ഇരുവരും പേടകം തകരാറിലായതോടെ അവിടെ കുടുങ്ങുകയായിരുന്നു.
ഇരുവരുമില്ലാതെ പേടകം ഭൂമിയിലേക്ക് മടങ്ങി. ഇവരെ തിരിച്ചെത്തിക്കാൻ ഫെബ്രുവരിവരെ കാക്കണമെന്നാണ് അവസാന വിവരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..