22 December Sunday

ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള ആശങ്കൾക്ക് മറുപടി നൽകി സുനിത വില്യംസ്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

ന്യൂയോർക്ക് > സുനിത വില്യംസിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സമീപ കാലത്ത് ആശങ്കകളുയർന്നിരുന്നു. എന്നാൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തന്റെ ആരോ​ഗ്യ സ്ഥിതി വ്യക്തമാക്കിയിരിക്കുകയാണ് ഇവർ. ആരോ​ഗ്യവതിയാണെന്നും ആശങ്ക വേണ്ടെന്നും സുനിത വീഡിയോയിൽ പറയുന്നു.

"ഞാൻ ഇവിടെ എത്തുമ്പോൾ എനിക്കുണ്ടായിരുന്ന അതേ ശരീരഭാരമാണ് ഇപ്പോഴുമുള്ളത്. പേശികളിലും ബോൺ ഡെൻസിറ്റിയിലും മൈക്രോ ഗ്രാവിറ്റിയുടെ പാർശഫലങ്ങളെ ചെറുക്കാൻ ബഹിരാകാശയാത്രികർ പിന്തുടരുന്ന കർശനമായ വ്യായാമ മുറകൾ കാരണമാണ് രൂപത്തിൽ കാര്യമായ മാറ്റമുണ്ടായത്"- സുനിത വില്യംസ് പറഞ്ഞു.

സമീപകാലത്ത് ബഹിരാകാശ നിലയത്തിലെ ചിത്രങ്ങൾ പ്രചരിച്ചതോടെ സുനിത വില്യംസിന്റെ ആരോ​ഗ്യ സ്ഥിതിയെ സംബന്ധിച്ച് വലിയ ആശങ്ക ഉയർന്നിരുന്നു. എന്നാൽ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ (ഐഎസ്എസ്) ഉള്ളവരെല്ലാം ആരോ​ഗ്യത്തോടെയിരിക്കുന്നുവെന്നും ഫ്ലൈറ്റ് സർജന്മാർ നിരന്തരം ഇവരുടെ ആരോ​ഗ്യസ്ഥിതി നിരീക്ഷിക്കുന്നതായും നാസയുടെ സ്പേസ് ഓപറേഷൻ ഡയറക്ടറേറ്റ് ജിമി റുസെൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

2024 ജൂണിലാണ് ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും ബുച്ച്‌ വിൽമോറും എട്ടുദിവസത്തെ ദൗത്യത്തിനായി നിലയത്തിലെത്തിയത്. എന്നാൽ സ്‌റ്റാർലൈനർ പേടകം തകരാറിലായതോടെ തിരികെ വരാനാകാതെ കുടുങ്ങുകയായിരുന്നു. ഇവരെ 2025 ഫെബ്രുവരിയോടെ തിരികെയെത്തിക്കും. സ്‌പേസ്‌ എക്സിന്റെ ക്രൂ ഡ്രാഗൺ ക്യാപ്സ്യൂൾ ‘ഫ്രീഡ’മാണ് ഇവരെ തിരികെ എത്തിക്കുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top