വാഷിങ്‌ടൺ
സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽനിന്നുള്ള മടക്കം സ്‌പെയ്‌സ് എക്സിന്റെ ക്രൂ 9 ഡ്രാഗൺ പേടകത്തിൽ. 2025 ഫെബ്രുവരിയിലായിരിക്കും ഇരുവരുടെയും മടക്കമെന്ന് നാസ സ്ഥിരീകരിച്ചു. ബോയിങ് കമ്പനിയുടെ സ്റ്റാർലൈനർ പേടകത്തെ യാത്രക്കാരില്ലാതെ തിരികെകൊണ്ടുവരും. സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാണ് സ്റ്റാർലൈനറിലെ മടക്കം ഒഴിവാക്കുന്നതെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ അറിയിച്ചു. സെപ്‌തംബര്‍ ആദ്യവാരത്തോടെ സ്റ്റാര്‍ലൈനര്‍ സുരക്ഷിതമായി തിരിച്ചെത്തിക്കാനാണ് ശ്രമം.
രണ്ട് സഞ്ചരികളുമായി പറക്കാൻ കഴിയുന്ന ക്രൂ 9ൽ സുനിതയ്‌ക്കും വിൽമോറിനും മടങ്ങിവരാനാകും. എന്നാൽ, ആറുമാസത്തിലേറെയായി നിലയത്തിലുള്ള രണ്ട് നാസ സഞ്ചാരികളെ മടക്കി കൊണ്ടുവരാൻ സമയമായി എന്നത് പ്രതിസന്ധിയാണ്. ഇതിനായി റഷ്യൻ പേടകത്തെ ഉപയോഗപ്പെടുത്താനാവുമോ എന്ന് നാസ ആലോചിക്കുന്നുണ്ട്. ജൂൺ അഞ്ചിനാണ് ബോയിങ് കമ്പനിയുടെ സ്റ്റാർലൈനർ പേടകത്തിൽ സുനിതയും ബുച്ചും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് പുറപ്പെട്ടത്. എട്ടു ദിവസത്തിനകം മടങ്ങാനായിരുന്നു പദ്ധതി. വിക്ഷേപണത്തിനു പിന്നാലെ സ്റ്റാർലൈനർ സർവീസ് മൊഡ്യൂളിലെ റിയാക്‌ഷൻ കൺട്രോൾ ത്രസ്റ്ററുകളിലുണ്ടായ ഹീലിയം ചോർച്ചയാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..