05 December Thursday

ഇടതുപക്ഷത്തിന്റെ എതിര്‍പ്പ്; ആഴക്കടല്‍ ഖനന നീക്കം
മരവിപ്പിച്ച് നോർവേ

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2024


ഓസ്‌ലോ
ആഴക്കടലിന്റെ അടിത്തട്ടിൽ വാണിജ്യാടിസ്ഥാനത്തിൽ ഖനനം നടത്താനുള്ള  നീക്കം നോർവേ മരവിപ്പിച്ചു. ഇടതുപക്ഷ കക്ഷിയായ സോഷ്യലിസ്റ്റ്‌ ലെഫ്‌റ്റ്‌ പാർടി എന്ന എസ്‌വി പാര്‍ടിയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം.

ബജറ്റിനെ പിന്തുണയ്‌ക്കണമെങ്കിൽ  ഖനനാനുമതി പിൻവലിക്കണമെന്ന നിലപാട്‌ എസ്‌വി പാര്‍ടി എടുത്തതോടെയാണ്‌ പ്രധാനമന്ത്രി ഹാൽദിസ്‌ ജെൽഫ്ലാറ്റ്‌ മുട്ടുമടക്കിയത്‌. 2,80,000 ചതുരശ്ര കിലോമീറ്റർ കടൽത്തട്ട്‌ ലോഹ ഖനനത്തിന് വിട്ടുകൊടുക്കാനായിരുന്നു നീക്കം. ബ്രിട്ടന്റെ വിസ്‌തൃതിയേക്കാൾ കൂടുതൽ വരും  ഇത്‌.  2025ൽ ഖനന പദ്ധതി ആരംഭിക്കാനായിരുന്നു തീരുമാനം. ഗ്രീൻപീസ്‌ അടക്കമുള്ള പരിസ്ഥിതി സംഘടനകളും  ഫ്രാൻസും കാനഡയും  ബ്രസീലും ജർമനിയുമടക്കം 32 രാജ്യങ്ങളും എതിർത്തിട്ടും പിൻവലിക്കാതിരുന്ന നീക്കമാണ്‌ സോഷ്യലിസ്റ്റ്‌ പാർടിയുടെ സമ്മർദ ഫലമായി മാറ്റിയത്‌. 

സർക്കാരിന്റെ കാലാവധി കഴിയുംവരെ  ഖനനം നടപ്പാക്കില്ലെന്ന്‌ സോഷ്യലിസ്റ്റ്‌ ലെഫ്‌റ്റ്‌ പാർടി നേതാവ്‌ ക്രിസ്റ്റി ബെഗ്‌സ്റ്റോ പറഞ്ഞു. 169 അംഗ പാർലമെന്റില്‍  16 സീറ്റുള്ള എസ്‌വി പാര്‍ടിയുടെ പിന്തുണയുണ്ടെങ്കിലേ സർക്കാരിന്‌ ബജറ്റ്‌ പാസാക്കാനാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top