12 December Thursday
3 ദിവസം 480 ആക്രമണം

മുച്ചൂടും മുടിക്കാന്‍ ഇസ്രയേൽ ; സിറിയയില്‍ അരക്ഷിതാവസ്ഥ

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024

ഡമാസ്‌കസ്‌
സിറിയയെ മുച്ചൂടും തകർക്കാൻ ഇസ്രയേൽ കടന്നാക്രമണം.  സൈനിക കേന്ദ്രങ്ങളിലും ആയുധസംഭരണകേന്ദ്രങ്ങളിലുമായി ഒതുങ്ങിനിന്ന ആക്രമണം മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ചു.  സിറിയൻ ജനതയെ ആശങ്കയിലാക്കി മൂന്നുദിവസത്തിനിടെ 480 ആക്രമണങ്ങൾ.   തലസ്ഥാനമായ ഡമാസ്‌കസിലേതടക്കം തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾക്കുപുറമെ 15  കപ്പലും തകർത്തു.

അതിനിടെ സ്ഥാനഭ്രഷ്‌ടനാക്കപ്പെട്ട പ്രസിഡന്റ്‌ ബഷാർ അൽ അസദിന്റെ പിതാവും മുൻപ്രസിഡന്റുമായ ഹഫീസ്‌ അൽ അസദിന്റെ ശവകുടീരത്തിന്‌ ഹയാത്ത് തഹ്‌രീർ അൽ ഷാം ഭീകരര്‍ തീവച്ചു. അദ്ദേഹത്തിന്റെ ജന്മനാടായ കർദാഹയിലെ ശവകുടീരത്തിൽനിന്ന്‌ ശവപ്പെട്ടിയുൾപ്പെടെ പുറത്തിട്ടാണ്‌ തീവച്ചത്‌.
ചൊവ്വാഴ്‌ച തെക്കൻ സിറിയയിലെ സൈനികരഹിത മേഖലയിലായിരുന്നു ഇസ്രയേല്‍ കടന്നാക്രമണം.  തന്ത്രപ്രധാനമായ ഹെർമൻ പർവതത്തിന്റെ സമീപപ്രദേശങ്ങളും ആക്രമിച്ചു. ഇതിനോട്‌ പുതിയ സിറിയൻ ഭരണകൂടം പ്രതികരിച്ചിട്ടില്ല. തുർക്കിയയും സിറിയയിൽ ആക്രമണം കടുപ്പിച്ചു. വടക്കുകിഴക്കൻ സിറിയയിലെ ടെൽ തമർ അടക്കമുള്ള ഗ്രാമങ്ങളിലാണ്‌ തുർക്കിയ സൈന്യം ബോംബാക്രമണം നടത്തിയത്‌. ഇവിടെനിന്ന് ആളുകൾ പലായനം തുടങ്ങി.

കുർദ്‌ സ്വാധീനമേഖലയായ കിഴക്കൻ നഗരം ദേർ എൽ സോറിന്റെ നിയന്ത്രണവും പിടിച്ചതായി ഭീകരസംഘടന   എച്ച്‌ടിഎസ്‌ അവകാശപ്പെട്ടു. ഇറാഖ്‌ അതിർത്തിക്കടുത്താണ്‌ സിറിയൻ ഡെമോക്രാറ്റിക് സേനയുടെ നിയന്ത്രണത്തിലായിരുന്ന ദേർ എൽ സോർ.  എച്ച്‌ടിഎസ്‌ ആക്രമണം കടുപ്പിച്ചതോടെ ആയിരങ്ങളാണ്‌  പലായനം ചെയ്യുന്നത്‌.  കൊല്ലപ്പെട്ടവരുടെ വിവരം പുറത്തുവന്നിട്ടില്ല. റാഖയിലേക്കും ഹസാക്കയിലേക്കും കിഴക്കൻ സിറിയയിലെ മറ്റ് പ്രദേശങ്ങളിലേക്കും ഉടൻ മുന്നേറുമെന്നും എച്ച്‌ടിഎസ്‌ അറിയിച്ചു. 

മറ്റുരാജ്യങ്ങളിൽ അഭയാർഥികളായി കഴിയുന്നവർക്കെല്ലാം തിരിച്ചുവരാമെന്ന്‌ അധികാരമേറ്റെടുത്ത സിറിയൻ പ്രധാനമന്ത്രി മുഹമ്മദ് അൽ ബഷിർ അറിയിച്ചു. അഭയാർഥികളെ തിരിച്ചെത്തിക്കുന്നതിനാണ്‌ മുൻഗണന–- അദ്ദേഹം പറഞ്ഞു. സിറിയയെ പുനർനിർമിക്കുമെന്ന്‌ എച്ച്‌ടിഎസ്‌ നേതാവ്‌ അബു മൊഹമ്മദ്‌ അൽ ജൊലാനി വ്യക്തമാക്കി.

സിറിയൻ മുൻ പ്രസിഡന്റ്‌ ബഷാർ അൽഅസദിനെ യുദ്ധക്കുറ്റങ്ങൾ ചുമത്തി അന്താരാഷ്‌ട്ര കോടതിക്ക്‌ കൈമാറില്ലെന്ന്‌ അഭയം നൽകിയ റഷ്യ വ്യക്തമാക്കി. അന്താരാഷ്ട്ര ക്രിമിനൽ കോടതി സ്ഥാപിച്ചതിൽ റഷ്യ കക്ഷിയല്ല.  അസദ് ഇപ്പോൾ സുരക്ഷിതനാണെന്നും റഷ്യൻ ഉപ വിദേശകാര്യമന്ത്രി സെർജി റിയബ്‌കോവ്‌ വെളിപ്പെടുത്തി.

സിറിയയിലെ നിലവിലെ സാഹചര്യം ഐഎസിന്‌ ശക്തിപ്പെടാൻ വഴിയൊരുക്കുമെന്നും  സെർജി റിയബ്‌കോവ് മുന്നറിയിപ്പ്‌ നൽകി. സിറിയയിലെ തങ്ങളുടെ സൈനിക താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ  പുതിയ സർക്കാരുമായി ബന്ധപ്പെടുകയാണെന്നും റഷ്യ വ്യക്തമാക്കി. സിറിയയിലെ ലതാക്കിയയിലാണ്‌ റഷ്യയുടെ പ്രധാന വ്യോമതാവളം. ടാർടൂസിൽ നാവിക കേന്ദ്രവുമുണ്ട്‌.

അസദിനെ ആട്ടിപ്പായിച്ചത് 
യുഎസ്‌, ഇസ്രയേൽ പദ്ധതി: ഇറാൻ
സിറിയയിൽനിന്നും ബഷാർ അൽഅസദ്‌ സർക്കാറിനെ തുരത്തിയതിനു പിന്നിൽ യുഎസിന്റെയും ഇസ്രയേലിന്റെയും പദ്ധതിയെന്ന്‌ ഇറാൻ പരമോന്നത നേതാവ്‌ അയത്തൊള്ള അലി ഖമനേയി. സിറിയയുടെ അയൽരാജ്യത്തിനും ഇക്കാര്യത്തിൽ പങ്കുണ്ടെന്ന്‌ തുർക്കിയയുടെ പേര്‌ എടുത്തുപറയാതെ ഖമനേയി പറഞ്ഞു.
‌സിറിയയിലെ സംഭവവികാസങ്ങൾ ഇറാനെ ദുർബലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ഇറാൻ ദേശീയ ടെലിവിഷനിൽ പറഞ്ഞു.
അസദ്‌ സർക്കാരിന്റെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക്‌  ഇറാന്‍ സഹായം നല്‍കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top