19 November Tuesday
അഞ്ചുലക്ഷത്തിൽപ്പരം ആളുകൾ അണിനിരന്നു

ഇസ്രയേലിൽ ജനകീയരോഷം ; രാജ്യമെമ്പാടും പ്രതിഷേധ റാലികൾ

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024


ടെൽ അവീവ്‌
ഈജിപ്ത്‌ അതിർത്തിയിലെ ഫിലാഡൽഫി ഇടനാഴിയുടെ പൂർണ നിയന്ത്രണം ആവശ്യപ്പെട്ട്‌ ഗാസ വെടിനിർത്തൽ ചർച്ച വീണ്ടും അട്ടിമറിച്ച പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലിൽ ജനരോഷം. എത്രയും വേഗം ആക്രമണം നിർത്തി, ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആയിരങ്ങള്‍ ജറുസലേമിൽ നെതന്യാഹുവിന്റെ വസതിക്ക്‌ മുന്നിൽ തടിച്ചുകൂടി.

എത്രയും വേഗം ആക്രമണം അവസാനിപ്പിച്ച്‌ അവശേഷിക്കുന്ന 90 ബന്ദികളുടെ മോചനം സാധ്യമാക്കണമെന്ന്‌ പ്രക്ഷോഭകർ ആവശ്യപ്പെട്ടു. ജറുസലേമിൽ പ്രതിഷേധിച്ചവർ പൊലീസുമായി ഏറ്റുമുട്ടി. ഇതേ ആവശ്യം ഉന്നയിച്ച്‌  തൊഴിലാളി യൂണിയനുകൾ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്ത ഏകദിന പണിമുടക്ക്‌ പൂർണമായിരുന്നു.

ഞായർ, തിങ്കൾ ദിവസങ്ങളിലായി രാജ്യമെമ്പാടും അഞ്ചുലക്ഷത്തിൽപ്പരം ആളുകൾ അണിനിരന്ന പ്രതിഷേധ റാലികൾ നടന്നു. കഴിഞ്ഞ ഒക്ടോബർ ഏഴിന്‌ ഇസ്രയേൽ ആക്രമിച്ച്‌ ഹമാസ്‌ 240 പേരെ ബന്ദികളാക്കി കടത്തിക്കൊണ്ടു പോയതുമുതൽ നിരവധി പ്രക്ഷോഭങ്ങൾക്കാണ്‌ ഇസ്രയേൽ സാക്ഷ്യംവഹിച്ചത്‌.
അധികാരത്തിൽ കടിച്ചുതൂങ്ങാനാണ്‌ നെതന്യാഹു ഗാസ കടന്നാക്രമണം തുടരുന്നതെന്നും പ്രക്ഷോഭകർ ആരോപിക്കുന്നു.

കൂട്ടക്കൊലയ്ക്ക് 
അറുതിയില്ല
ഗാസയിൽ ബുധൻ വൈകിട്ടുവരെയുള്ള 24 മണിക്കൂറിൽ ഇസ്രയേൽ ആക്രമണത്തിൽ 42 പേർ കൊല്ലപ്പെട്ടു. ദെയ്‌ർ അൽ ബലായിൽ കുട്ടികൾക്ക്‌ പോളിയോ വാക്‌സിൻ വിതരണം ചെയ്യവെ, പരിസരത്തെ ബുറെയ്‌ജ്‌, മഗാസി അഭയാർഥി ക്യാമ്പുകളിലേക്ക്‌ ബോംബാക്രമണമുണ്ടായി. ഗാസയിൽ ഇതുവരെ 1,89,000 കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകി.

ഹമാസ്‌ തലവന് കുറ്റം ചുമത്തി യുഎസ്
2023 ഒക്ടോബർ ഏഴിന്‌ ഇസ്രയേലിലേക്ക്‌ ഹമാസ്‌ നടത്തിയ ആക്രമണവുമായി ബന്ധപ്പട്ട്‌ ഹമാസ്‌ തലവൻ യഹ്യ സിൻവറിനും മറ്റ്‌ നാല്‌ നേതാക്കൾക്കുമെതിരെ ക്രിമിനൽ കുറ്റം ചുമത്തി അമേരിക്കൻ നീതി വകുപ്പ്‌. ന്യൂയോർക്ക്‌ സിറ്റിയിലെ കോടതിയിൽ ഇവർക്കെതിരെ സമർപ്പിക്കപ്പെട്ട പരാതിയിലാണ്‌ നടപടി.
ഇറാനിലേക്ക്‌ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇസ്മയിൽ ഹാനിയ കൊല്ലപ്പെട്ടതിനെ തുടർന്നാണ്‌ സിൻവർ ഹമാസ്‌ തലവനായി തെരഞ്ഞെടുക്കപ്പെട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top