27 October Sunday

'അതുകൊണ്ടാണ് ഞാൻ കമലയ്ക്ക് വോട്ട് ചെയ്യുന്നത് ': തെരഞ്ഞെടുപ്പിൽ കമലാ ഹാരിസിന് പിന്തുണയുമായി ഡികാപ്രിയോ

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

വാഷിങ്‌ടൺ >  അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ പാർടി സ്ഥാനാർഥി കമല ഹാരിസിന് പരസ്യ പിന്തുണയുമായി ഹോളിവുഡ് നടനും ഓസ്‌കാർ ജേതാവുമായ ലിയനാർഡോ ഡികാപ്രിയോ. ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിലാണ് ഡികാപ്രിയോ കമല ഹാരിസിന് പിന്തുണ അറിയിച്ചത്. കാലാവസ്ഥാ വ്യതിയാനം ഭൂമിയെ കൊല്ലുകയും സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്യുന്നു. സമ്പദ്‌വ്യവസ്ഥയെയും ഭൂമിയെയും നമ്മെത്തന്നെയും രക്ഷിക്കാൻ ധീരമായ ഒരു ചുവടുവെപ്പ് ആവശ്യമാണ്. അതുകൊണ്ടാണ് താൻ കമല ഹാരിസിന് വോട്ട് ചെയ്യുന്നതെന്നും ഡികാപ്രിയോ വീഡിയോയിൽ പറഞ്ഞു.

യുഎസിന്റെ ചരിത്രത്തിൽ കാലാവസ്ഥാ വ്യതിയാനം തടയാനുള്ള നിർണായക തീരുമാനങ്ങളെടുത്ത വ്യക്തിയാണ് കമല ഹാരിസ്. 2050ഓടെ നെറ്റ്-സീറോ എമിഷൻ എന്ന ലക്ഷ്യത്തിലെത്താനും ഹരിത സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കാനുമുള്ള  വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ശ്രമങ്ങളെ ഡികാപ്രിയോ വീഡിയോയിൽ പ്രശംസിച്ചു. പണപ്പെരുപ്പം കുറയ്ക്കുന്നതിനുള്ള നിയമം പാസാക്കുന്നതിൽ  കമലയുടെ പങ്കും എടുത്തുപറഞ്ഞു. പ്രസിഡന്റ് ജോ ബൈഡന്റെ ചരിത്രപരമായ കാലാവസ്ഥാ നിയമനിർമ്മാണത്തിൽ വൈസ് പ്രസിഡന്റ്  കമല ഹാരിസ് നിർണ്ണായക പിന്തുണ നൽകിയിരുന്നു. ലിയനാർഡോ ഡികാപ്രിയോ മുമ്പും ഡെമോക്രാറ്റിക് സ്ഥാനാർഥികളെ പിന്തുണച്ചിട്ടുണ്ട്. 2020ൽ പാരാമൗണ്ട് പിക്‌ചേഴ്‌സിന്റെ മുൻ മേധാവി ഷെറി ലാൻസിംഗിന്റെ വീട്ടിൽ നടന്ന ജോ ബൈഡൻ ധനസമാഹരണത്തിൽ ഡികാപ്രിയോ പങ്കെടുത്തിരുന്നു.

പാരീസ് ഉടമ്പടിയിൽ നിന്ന്  അമേരിക്കയെ പിൻവലിച്ചതിലൂടെ പരിസ്ഥിതി സംരക്ഷണത്തിൽ നിന്ന് ഉൾവലിയുകയും വസ്തുതകളെയും ശാസ്ത്രത്തെയും നിഷേധിക്കുകയുമാണ് ഡൊണാൾഡ്  ട്രംപ് ചെയ്തതെന്ന് ഡിക്കാപ്രിയോ വീഡിയോയിൽ വിമർശിക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമലാഹാരിസിന്റെ എതിർ സ്ഥാനാർഥിയാണ് റിപ്പബ്ലിക്കൻ പാർടിയുടെ ഡൊണാൾഡ്  ട്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആഴ്ചകൾ ശേഷിക്കെ, കമല ഹാരിസിനുവേണ്ടിയുള്ള ലിയനാർഡോ ഡികാപ്രിയോയുടെ പരസ്യ പിന്തുണ തെരഞ്ഞെടുപ്പിൽ നിർണായകമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top