20 September Friday

ലോകത്തെ മികച്ച ഹോട്ടലുകൾ ഇവ; ആദ്യ പത്തിൽ ഏഴും ഏഷ്യയിൽ

ആനി അന്ന തോമസ്Updated: Friday Sep 20, 2024

ലണ്ടൻ > ഏറ്റവും മികച്ച സൗകര്യങ്ങളുള്ള ഹോട്ടലുകൾ അന്വേഷിച്ച് യൂറോപ്പിലും അമേരിക്കയിലുമൊക്കെ പോകാൻ വരട്ടെ. "ബെസ്റ്റ് 50' ഓർ​ഗനൈസേഷൻ പുറത്തു വിട്ട ലോകത്തെ മികച്ച 50 ഹോട്ടലുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ഏഷ്യയിലെ ഹോട്ടലാണ്. മാത്രമല്ല പട്ടികയിലെ ആദ്യ പത്ത് ഹോട്ടലുകളിൽ ഏഴും ഏഷ്യയിൽ തന്നെ. മികച്ച അൻപത് ഹോട്ടലുകളിൽ ഇന്ത്യയിൽ നിന്നുള്ള ഒരു ഹോട്ടലും ഉൾപ്പെട്ടിട്ടുണ്ട്. രാജസ്ഥാനിലെ സുജൻ ജവായ് ആണ് 43-ാം സ്ഥാനത്തുള്ളത്. ലോകമെമ്പാടുമുള്ള ട്രാവൽ ജേണലിസ്റ്റുകൾ, ഹോട്ടലുടമകൾ, ട്രാവൽ സ്പെഷ്യലിസ്റ്റുകൾ എന്നിവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 600 പേരുടെ വോട്ടിനെ അടിസ്ഥാനമാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കാപെല്ല നമ്പർ വൺ

പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ബാങ്കോക്കിലെ പഞ്ചനക്ഷത്ര ഹോട്ടലായ കാപെല്ല ആണ്. ബാങ്കോക്ക് ന​ഗരത്തിലെ മരുപ്പച്ച. ന​ഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയുടെ നിത്യസൗന്ദര്യത്തിലേക്കുള്ള കവാടമാണ് കാപെല്ല. ചാവോ ഫ്രായ നദിയുടെ വിശാലമായ കാഴ്ചകളോടെ, നദീതീര ജീവിതത്തിന്റെ ആത്മാവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള പ്രോപ്പർട്ടി. ഹോട്ടലിലെ വിശാലവും അത്യാധുനിക സൗകര്യങ്ങളുള്ളതുമായ 101 മുറികളിൽ നിന്നും ചാവോ ഫ്രയ നദിയുടെ കാഴ്ച കാണാം. മനോഹരമായ പൂന്തോട്ടങ്ങളും സ്വിമ്മിങ് പൂളുകളുമുള്ള നദിക്കരയിലെ വില്ലകൾ തായ്‌ലൻഡിലെ സംസ്കാരത്തെ കൂടി ഉൾക്കൊണ്ടുള്ളതാണ്. പകൽ അതീവ ശാന്തമായ നദീതീരം രാത്രികളിൽ പാർട്ടി നടക്കുന്ന ബോട്ടുകൾ കൊണ്ട് ആ​ഘോഷഭരിതമാകും. 

 
കോമോ തടാക തീരത്തെ സ്വർ​ഗം; പാസലാക്വ

ഇറ്റലിലിലെ മോൾട്രാസിയോയിൽ കോമോ തടാക തീരത്ത് 18-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച വില്ല. സുഹൃത്തുക്കൾക്ക് ഒത്തു ചേരുന്നതിനും ഒഴിവു സമയം ‌‌‌ചെലവഴിക്കുന്നതിനും ഇറ്റാലിയൻ കലകൾ അരങ്ങേറുന്നതിനുമായാണ് അന്നിത് പണികഴിപ്പിച്ചത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഹോട്ടലാക്കി മാറ്റിയപ്പോൾ സ‍ഞ്ചാരികൾക്ക് ചേക്കാറാൻ ഏറ്റവും പ്രിയപ്പെട്ടൊരിടമായത് മാറി. കോമോ തടാക തീരത്തെ പൂന്തോട്ടവും തടാകത്തിനപ്പുറത്തെ കുന്നുകളും കുന്നിൽ ചരുവിലെ വീടുകളും ഏല്ലാം ചേർന്നൊരുക്കുന്ന കാഴ്ച അതി മനോഹരമാണ്.  യൂറോപ്പിലെ ഏറ്റവും മികച്ച ഹോട്ടൽ എന്ന അം​ഗീകാരവും പാസലാക്വക്ക് സ്വന്തം.



റോസ്‍വുഡിൽ ഹോങ്കോങ് ന​ഗരഭം​ഗി കണ്ടുറങ്ങാം

മിനിമലിസവും ആഡംബരവും അതിമനോഹരമായി ലയിപ്പിക്കേണ്ടതെങ്ങനെയെന്നതിന്റെ മികച്ച ഉദാഹരണമാണ് റോസ്‌വുഡ് ഹോങ്കോങ്. വിക്ടോറിയ ഹാർബറിൻ്റെ പശ്ചാത്തലത്തിൽ പണി കഴിപ്പിച്ചിട്ടുള്ള 65 നിലകളുള്ള കെട്ടിടത്തിനുള്ളിലെ 413 മുറികളിൽ ഓരോന്നും ചുറ്റുമുള്ള നഗരത്തിന്റെ സമാനതകളില്ലാത്ത കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നവയാണ്. അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള കിടപ്പുമുറികൾ, മാർബിൾ പൂശിയ കുളിമുറികൾ എന്നിവയെല്ലാം പഴമയുടെ മനോഹതകൂടി ചേർത്തുവച്ച് രൂപകൽപ്പന ചെയ്‌തിരിക്കുന്നു.



ഷെവൽ ബ്ലാങ്ക്; ലോകോത്തര സൗകര്യങ്ങളും രുചിയും ഓരേ കുടക്കീഴിൽ

പാരീസ് ഏറ്റവും സ്റ്റൈലിഷ് ആകുന്നത് ഷെവൽ ബ്ലാങ്കിൽ നിന്ന് കാണുമ്പോഴാണെന്നാണ് ചിലരുടെ അഭിപ്രായം. സിറ്റിയുടെ മനോഹരമായ വ്യൂ പ്രധാനം ചെയ്യുന്ന 72 റൂമുകൾ. ഓരോ മുറിയിലും ഇടതുവശത്ത് നോട്രെ ദാമും വലത്ത് ഈഫൽ ടവറുമുള്ള ഫ്രെയിമിലേക്ക് തുറക്കുന്ന കൂറ്റൻ ജനാലകൾ. ‌അത്യാധുനിക സൗകര്യങ്ങളുള്ള താമസ സൗകര്യത്തിനൊപ്പം ലോകത്തിലെ ഏറ്റവും മികച്ച 50 റെസ്റ്റോറന്റുകളിൽ 18-ാം സ്ഥാനത്തുള്ള പ്ലെനിറ്റ്യൂഡിൻ റെസ്റ്റോറന്റും ഇവിടെയാണ്.



അപ്പർ ഹൗസ് അഥവാ ഉന്നതിയിലേക്കുള്ള യാത്ര

പ്രശസ്ത ഡിസൈനർ ആന്ദ്രേ ഫുവിന്റെ ആദ്യത്തെ ഹോട്ടൽ പ്രോജക്ട് ആണ് ഹോങ്കോങ്ങിലെ അഡ്മിറൽറ്റിയിലുള്ള അപ്പർ ഹൗസ്. ഉന്നതിയിലേക്കുള്ള യാത്ര എന്നതാണ് ഹോട്ടലിന്റെ തീം. അതിഥികൾക്ക് ഏറ്റവും ശാന്തവും സമാധാനപരവുമായ അന്തരീക്ഷം പ്രധാനം ചെയ്യുന്നതിൽ ഹോട്ടൽ പ്രതി‍ജ്ഞാബദ്ധമാണ്. ഭിത്തികളിലെ പെയ്ന്റും കിടക്കവിരിയും തുടങ്ങി എല്ലാറ്റിലും ഇളം നിറങ്ങൾ മാത്രം. മിനിമലിസ്റ്റ് ഡിസൈന്റെ അതിമനോഹര ഉദാഹരണമാണ് ഈ ഹോട്ടൽ. ഹോട്ടലിൽ ഉടനീളം 400-ലധികം കലാസൃഷ്ടികൾ കാണാം. അവ ഓരോന്നും കാഴ്ചക്കാരിൽ ശാന്തത ഉണർത്തുക എന്ന ലക്ഷ്യത്തോടെ ക്രമീകരിച്ചിരിക്കുന്നു.



ചരിത്രമുറങ്ങുന്ന റാഫിൾസ് സിംഗപ്പൂർ

125 വർഷത്തെ സിംഗപ്പൂർ ചരിത്രം പേറി നിൽക്കുന്ന നിർമിതിയാണ് ഹോട്ടൽ റാഫിൾസ്.  ലയൺ സിറ്റിയിലെ ആഡംബര ഹോട്ടലുകളിൽ എക്കാലത്തും മികച്ചത്. 19-ാം നൂറ്റാണ്ടിന്റെ പ്രൗഡി പേറുന്ന വെളുത്ത കൂറ്റൻ കെട്ടിടവും കാലത്തിനൊത്ത് മാറുന്ന സൗകര്യങ്ങളും പ്രശസ്തമായ റസ്റ്റോറന്റുമെല്ലാം റാഫിൾസിന്റെ പേര് കാക്കുന്നതിൽ പ്രധാനമാണ്. 21-ാം നൂറ്റാണ്ടിന്റെ എല്ലാ സൗകര്യങ്ങളും ഉറപ്പുനൽകുന്ന രീതിയിൽ 2019-ലാണ് ഏറ്റവുമൊടുവിൽ ഹോട്ടൽ നവീകരിച്ചത്.



ടോക്കിയോ ന​ഗരത്തിന്റെ ആകാശക്കാഴ്ചയൊരുക്കുന്ന അമൻ

ടോക്കിയോ മഹാനഗരത്തിന്റെ ഹൃദയഭാഗത്താണ് അമൻ ടോക്കിയോ. എന്നാൽ ന​ഗരത്തിന്റെ തിരക്കുകളും ബഹളങ്ങളും ഹോട്ടലിന്റെ ശാന്തവും  ആഡംബരം നിറഞ്ഞതുമായ അന്തരീക്ഷത്തിന് ഒരു പോറൽ പോലുമേൽപ്പിക്കില്ല. ന​ഗരത്തിലെ 38 നിലകളുള്ള ഒട്ടെമാച്ചി ടവറിന്റെ മുകളിലെ ആറ് നിലകളിലാണ് ഹോട്ടൽ. ന​ഗരത്തിന്റെ തിരക്കുകളിൽ നിന്ന് ലിഫ്റ്റ് കയറി 33-ാം നിലയിലെത്തിയാൽ സ്ഥിതി മാറുന്നത് തൽക്ഷണമാണ്. അത്യാഡംബരം നിറഞ്ഞതും ജാപ്പനീസ് വാസ്തുവിദ്യയുടെ മകൂടോദാഹരണവുമാണ് ഓരോ റൂമുകളും. ഓരോ റൂമിൽ നിന്നുമുള്ള ടോക്കിയോ ന​ഗരത്തിന്റെ ആകാശക്കാഴ്ച പകരം വയ്ക്കാനില്ലാത്തത് തന്നെ.  



എല്ലാം വ്യത്യസ്തമായ സോനേവ ഫുഷി

നോ ന്യൂസ്, നോ ഷൂസ്, ഇതാണ് മാലദ്വീപിലെ സോനേവ ഫുഷി ബീച്ച് ഹോട്ടലിന്റെ തീം. സീ പ്ലെയ്നിൽ‌ മാത്രമേ പ്രോപ്പർട്ടിയിലേക്ക് എത്താനാകൂ. ഇങ്ങോട്ട് എത്തിക്കഴിഞ്ഞാൽ നിങ്ങൾ പുറം ലോകത്തെ കുറിച്ച് ചിന്തിക്കില്ല എന്നതാണ് വാസ്തവം. അതിഥികളെ പാദരക്ഷകൾ നീക്കംചെയ്താണ് വില്ലകളിലേക്ക് കടത്തി വിടുന്നത്. ദ്വീപിൽ നിന്ന് പുറപ്പെടുമ്പോൾ മാത്രമേ ചെരുപ്പ് തിരികെ നൽകൂ.  2023 ലെ സെവൻറൂംസ് ഐക്കൺ അവാർഡ് ജേതാവായ സോനു ശിവദാസനിയുടെയും ഇവാ മാൽംസ്ട്രോം ശിവദാസനിയുടെയും ആശയമാണ് സോനേവ ഫുഷി. സോനേവ ഫുഷിയിൽ 63 സ്വകാര്യ വില്ലകൾ ഉണ്ട്. എന്നാൽ ഓരോ വില്ലയിലുള്ളവർക്കും ദ്വീപിൽ മറ്റാരെങ്കിലുമുണ്ടെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അത്രക്ക് ഏകാന്തതയും ശാന്തതയുമാണ്. ലോസ്റ്റ് എക്‌സ്‌പ്ലോറർ ബെസ്റ്റ് ബീച്ച് ഹോട്ടൽ അവാർഡ് കഴിഞ്ഞ രണ്ട് തവണയും നേടിയിട്ടുള്ള ഹോട്ടലാണിത്.



അറ്റ്ലാൻ്റിസ് ദി റോയൽ

ഏകദേശം 800 മുറികൾ, 17 റെസ്റ്റോറൻ്റുകൾ, ബാറുകൾ, 17 ഫാഷൻ ബോട്ടിക്കുകൾ, 90 ലധികം നീന്തൽക്കുളങ്ങൾ, സ്കൈ ബ്രിഡ്ജ്: ദുബായിലെ അറ്റ്ലാന്റിസ് ദി റോയൽ എന്നാൽ ചെറിയ കാര്യമല്ല. അത്യാഡംബര സൗകര്യങ്ങളും ഏറ്റവും മികച്ച സേവനങ്ങളും എല്ലാമൊത്തിണങ്ങുന്ന ഹോട്ടൽ കഴിഞ്ഞ വർഷത്തേതിൽ നിന്ന് 35 സ്ഥാനങ്ങൾ മുന്നിട്ടാണ് ഇത്തവണ പട്ടികയിൽ ഒൻപതാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.



പ്രകൃതിയോടു ചേരുന്ന നിഹി സുംബ

കിഴക്കൻ ഇന്തോനേഷ്യയിലെ സുംബ ദ്വീപിലെ 567 ഏക്കർ വനപ്രദേശത്ത് വിശാലമായ പ്രോപ്പർട്ടി. തുടക്കത്തിൽ സർഫർമാർക്കുള്ള വിശ്രമ കേന്ദ്രമായാണ് നിഹി സുംബ ആരംഭിച്ചത്. ഇന്നിത് 27 വില്ലകളുള്ള പറുദീസയായി പരിണമിച്ചിരിക്കുന്നു. ശാന്തമായ ചുറ്റുപാടിനെ പരമാവധി പ്രയോജനപ്പെടുത്തും വിധമാണ് ഹോട്ടലിന്റെ നിർമിതി. ഔട്ട്‌ഡോർ ഷവർ, കടൽത്തീരത്ത് കുതിരസവാരി, ഓപ്പൺ എയർ സ്പാ - നിഹി സുംബയിലെ എല്ലാം രൂപകൽപ്പന ചെയ്‌തിരിക്കുന്നത് അതിഥികളെ പ്രകൃതിയുമായി വീണ്ടും ബന്ധപ്പെടാൻ സഹായിക്കുന്നതിന് വേണ്ടിയാണ്.



ലോകത്തിലെ 50 മികച്ച ഹോട്ടലുകൾ

1. കാപ്പെല്ല ബാങ്കോക്ക്

2. പാസലാക്വാ, ഇറ്റലി

3. റോസ്‍വുഡ് ഹോങ്കോങ്

4. ഷെവൽ ബ്ലാങ്ക് പാരീസ്

5. അപ്പർ ഹൗസ്,ഹോങ്കോങ്

6. റാഫിൾസ് സിംഗപ്പൂർ

7. അമൻ ടോക്കിയോ

8. സോനേവ ഫുഷി, മാലദ്വീപ്

9. അറ്റ്ലാന്റിസ് ദി റോയൽ, ദുബായ്

10. നിഹി സുംബ, ഇന്തോനേഷ്യ

11. ക്ലാരിഡ്ജ്സ്, ലണ്ടൻ

12. മന്ദാരിൻ ഓറിയന്റൽ ബാങ്കോക്ക്

13. റാഫിൾസ് ലണ്ടൻ

14. ഫോർ സീസൺ ബാങ്കോക്ക്

15. ഹോട്ടൽ ഡി ക്രില്ലൺ, പാരീസ്

16. ചാബ്ലെ യുകാറ്റൻ, മെക്സിക്കോ

17. ഹോട്ടൽ ഡു ക്യാപ്-ഈഡൻ-റോക്ക്, ഫ്രാൻസ്

18. മറോമ, എ ബെൽമണ്ട് ഹോട്ടൽ, മെക്സിക്കോ

19. ഫോർ സീസൺസ് ഫയർസെൻസ്, ഇറ്റലി

20. ബോർഗോ സാന്റാൻഡ്രിയ, ഇറ്റലി

21. ദേശ പൊട്ടറ്റോ ഹെഡ്, ബാലി

22. ബൾഗാരി ടോക്കിയോ

23. ലാന, ദുബായ്

24. റോസ്‌വുഡ് സാവോ പോളോ, ബ്രസീൽ

25. ദി കാലി, ഓസ്‌ട്രേലിയ

26. സിയാം, ബാങ്കോക്ക്

27. പാർക്ക് ഹയാത്ത് ക്യോട്ടോ, ജപ്പാൻ

28. മൗണ്ട് നെൽസൺ, എ ബെൽമണ്ട് ഹോട്ടൽ, ദക്ഷിണാഫ്രിക്ക

29, വൺ & ഒൺലി മന്ദാരീന, മെക്സിക്കോ

30. ദി കാർലൈൽ, എ റോസ്‍വുഡ് ഹോട്ടൽ, ന്യൂയോർക്ക്

31. ലാ മമൗനിയ, മൊറോക്കോ

32. ഫോർ സീസൺസ് മാഡ്രിഡ്

33. കാപ്പെല്ല സിംഗപ്പൂർ

34. ഫോർ സീസൺ അറ്റ് ദ സർഫ് ക്ലബ്, മിയാമി

35. ഹോട്ടൽ ബെൽ-എയർ, ലോസ് ഏഞ്ചൽസ്

36. ഈഡൻ റോക്ക്, സെന്റ് ബാർത്ത്സ്

37. അമൻ ന്യൂയോർക്ക്

38. റോയൽ മൻസൂർ, മരാകെച്ച്

39. അമംഗല്ല, ശ്രീലങ്ക

40. ലെ ബ്രിസ്റ്റോൾ പാരീസ്

41. ഗ്ലെനീഗിൾസ്, സ്കോട്ട്ലൻഡ്

42. കാസ്റ്റെല്ലോ ഡി റെഷിയോ, ഇറ്റലി

43. സുജൻ ജവായ്, ഇന്ത്യ

44. സിംഗിത ലോഡ്ജസ്, ദക്ഷിണാഫ്രിക്ക

45. സിക്‌സ് സെൻസസ് സിഗി ബേ, ഒമാൻ

46. ​​ദി കൊണാട്ട്, ലണ്ടൻ

47. ബ്രാൻഡോ, ഫ്രഞ്ച് പോളിനേഷ്യ

48. ഹോട്ടൽ എസെൻസിയ, മെക്സിക്കോ

49. ദ ടാസ്മാൻ, ഓസ്ട്രേലിയ

50. കൊക്കോമോ പ്രൈവറ്റ് ഐലന്റ്, ഫിജി
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top