വാഷിങ്ടൺ > യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമമുണ്ടായതായി റിപ്പോർട്ട്. കാലിഫോർണിയയിലെ തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടി നടക്കുന്നതിന്റെ സമീപത്ത് നിന്നും തോക്കുമായെത്തിയ ഒരാളെ പൊലീസ് പിടികൂടി. ട്രംപിനെതിരായ മറ്റൊരു വധശ്രമം തടഞ്ഞുവെന്ന് റിവർസൈഡ് കൗണ്ടി ഷെരിഫ് ചാഡ് ബിയങ്കോ മാധ്യമങ്ങളോട് പറഞ്ഞു.
ലാസ് വെഗാസ് സ്വദേശി വേം മില്ലർ ആണ് റാലി നടക്കുന്ന വേദിയുടെ 800 മീറ്റർ മാത്രം അകലെയുള്ള ചെക്ക് പോയന്റിൽ വെച്ച് പൊലീസ് പിടിയിലായത്. വ്യാജ വിഐപി മാധ്യമ പാസുകൾ ഉപയോഗിച്ച് ഇയാൾ പ്രാഥമിക സുരക്ഷാ ചെക്ക് പോയിന്റിലൂടെ കടന്നുപോയി. മില്ലറെത്തിയ കറുത്ത എസ്‌യുവിയുടെ നമ്പർപ്ലേറ്റ് വ്യാജമാണെന്ന് തിരച്ചറിഞ്ഞതിനെ തുടർന്നാണ് പൊലീസ് ഇയാളുടെ വാഹനം പരിശോധിച്ചത്. ഒരു തിര നിറച്ച ഷോട്ട് ഗണ്ണും പിസ്റ്റളും നിരവധി വെടിയുണ്ടകളും വാഹനത്തിൽ നിന്ന് കണ്ടെടുത്തു. ഇവയ്ക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. വ്യത്യസ്ത പേരുകളിൽ നിരവധി ഡ്രൈവിങ് ലൈസൻസുകളും പാസ്‌പോർട്ടുകളും ഇയാൾ കൈവശം വച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ജാമ്യത്തിലിറങ്ങിയ മില്ലർ ആരോപണങ്ങൾ നിഷേധിച്ചു. താനൊനൊരു കലാകാരനാണെന്നും ട്രംപ് അനുകൂലിയാണെന്നുമാണ് മില്ലർ അവകാശപ്പെടുന്നത്.
തന്റെ സുരക്ഷക്കായി സൈനിക വിമാനങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വിട്ടുനൽകണമെന്ന് സർക്കാരിനോട് ട്രംപ് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വീണ്ടും വധശ്രമം നടന്നതായ വാർത്ത വരുന്നത്. ജൂലൈ 13ന് പെൻസിൽവാനിയയിലെ റാലിക്കിടെ ട്രംപിനു നേരെ വെടിവയ്പ്പുണ്ടായിരുന്നു. പൊതുവേദിയിൽ സംസാരിക്കുന്നതിനിടെ ഉണ്ടായ ആക്രമണത്തിൽ ട്രംപിന്റെ ചെവിക്ക് പരിക്ക് പറ്റിയിരുന്നു. സെപ്റ്റംബറിലും ട്രംപിനു നേരെ വധശ്രമം ഉണ്ടായി. ഈ രണ്ട് കൊലപാതക ശ്രമങ്ങൾക്കും പിന്നിൽ ഇറാൻ ആണെന്നും 2020ൽ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് ടെഹ്‌റാൻ പ്രതികാരം ചെയ്യുകയാമെന്നുമാണ് ട്രംപ് പറയുന്നത്. നിലവിൽ ട്രംപിനെതിരായ ഭീഷണികളുടെ കാഠിന്യം പരിഗണിച്ച് സുരക്ഷക്കായി ആഭ്യന്തര സുരക്ഷാ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..