മനാമ> ഇസ്രയേലിന്റെ ആക്രമണം നേരിടുന്ന പലസ്തീനിലെയും ലെബനനിലെയും ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സനയിലെ അൽസബീൻ ചത്വരത്തിൽ നടന്ന റാലിയിൽ ലക്ഷംപേർ പങ്കെടുത്തു. ഇരുരാജ്യങ്ങളുടെയും പതാകകൾ, സ്വാതന്ത്ര്യത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും ബാനറുകൾ, കൊല്ലപ്പെട്ട നേതാക്കളുടെ ചിത്രങ്ങൾ, സയണിസ്റ്റ് കുറ്റകൃത്യങ്ങളെ അപലപിക്കുന്ന പ്ലക്കാർഡുകൾ എന്നിവ ഉയർത്തിക്കൊണ്ടായിരുന്നു പ്രകടനം.
ഗാസക്കുനേരെ ഇസ്രയേൽ ആക്രമണം തുടങ്ങിയതു മുതൽ പലസ്തീന് പിന്തുണയറിയിച്ചുകൊണ്ട് എല്ലാ വെള്ളിയാഴ്ചകളിലും യെമന്റെ വിവിധ ഭാഗങ്ങളിൽ റാലികൾ സംഘടിപ്പിക്കുന്നുണ്ട്. അതിനിടെ അറബിക്കടലിൽ മെഗലോപോളിസ് എന്ന കണ്ടയ്‌നർ കപ്പലിനുനേരെ ഡ്രോണാക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ സ്ഥിരീകരിച്ചു. വെടിനിർത്തലുണ്ടാകുംവരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രയേലിനെ ലക്ഷ്യമിടുന്നത് തുടരുമെന്നും ഹൂതികൾ വ്യക്തമാക്കി. സലാല തുറമുഖത്തേക്ക് പോകുകയായിരുന്ന മാൾട്ട പതാക വഹിച്ചിരുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..