ഇസ്ലാമബാദ് > പാക്കിസ്ഥാനിൽ മൂന്ന് പോളിയോ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ ഈ വർഷം രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 55 ആയി.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ പോളിയോ നിർമ്മാർജ്ജനത്തിനുള്ള റീജിയണൽ റഫറൻസ് ലബോറട്ടറിയാണ് രോഗ നിർണയം നടത്തിയത്. വൈൽഡ് പോളിയോവൈറസ് ടൈപ്പ് 1 കേസാണ് റിപ്പോർട്ട് ചെയ്തത്. എട്ട് വയസ് പ്രായമുള്ള രണ്ട് പെൺകുട്ടികൾക്കും അഞ്ച് മാസം പ്രായമുള്ള ഒരു ആൺകുട്ടിക്കുമാണ് രോഗം സ്ഥിരികരിച്ചത്.
ദേര ഇസ്മായിൽ ഖാൻ, സോബ്, ജാഫറാബാദ് ജില്ലകളിൽ നിന്നാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതെന്നാണ് വിവരം. ഈ ജില്ലകളിൽ നിന്ന് ഇതിന് മുൻപും പോളിയോ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ജില്ലയിലെ പ്രതിരോധ കുത്തിവയ്പ്പ് പരിപാടികൾ കാര്യക്ഷമമായി സംഘടിപ്പിക്കുന്നതിൽ തടസം നേരിട്ടിരുന്നു.
ആഗോള പോളിയോ നിർമാർജന സംരംഭം പ്രതിനിധി സംഘം പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതുവരെ റിപ്പോർട്ട് ചെയ്ത 55 കേസുകളിൽ, 26 എണ്ണം ബലൂചിസ്ഥാനിൽ നിന്നാണ്. ഖൈബർ പഖ്തൂൺഖ്വയിൽ നിന്ന് 14ഉം,സിന്ധിൽ നിന്ന് 13 ഉം, പഞ്ചാബിൽ നിന്നും ഇസ്ലാമാബാദിൽ നിന്നും ഓരോ കേസുകളുമാണ് സ്ഥിരീകരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..