14 October Monday

ഡെമോക്രാറ്റിക്‌ പാർടിയുടെ സ്ഥാനാർഥിത്വം അംഗീകരിച്ച്‌ ടിം വാൾസ്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024


ഷിക്കാഗോ
അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ പാർടിയുടെ ‘വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാർഥിത്വം’ ഔദ്യോഗികമായി അംഗീകരിച്ച്‌ ടിം വാൾസ്‌. പ്രസിഡന്റ്‌ സ്ഥാനാർഥിയായ കമല ഹാരിസിന്റെ റണ്ണിങ്‌ മേറ്റായത്‌ തന്റെ പൊതുജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകരമാണെന്ന്‌ മിനെസൊട്ട ഗവർണർകൂടിയായ ടിം പറഞ്ഞു.

അമേരിക്കയെ മുന്നോട്ടുനയിക്കാൻ കമലയ്ക്കാകുമെന്നും ഡോണൾഡ്‌ ട്രംപ്‌ വീണ്ടും ഭരണത്തിലെത്തിയാൽ രാജ്യം വളരെയേറെ പിന്നോട്ട്‌ പോകുമെന്നും ടിം പറഞ്ഞു. പാർടിയുടെ ദേശീയ കൺവൻഷന്റെ മൂന്നാംദിവസം സംസാരിച്ച മുൻ പ്രസിഡന്റ്‌ ബിൽ ക്ലിന്റൺ, മുൻ സ്പീക്കർ നാൻസി പെലോസി ഉൾപ്പെടെയുള്ളവരും ട്രംപിനെതിരെ രൂക്ഷ വിമർശങ്ങളാണ്‌ നടത്തിയത്‌.

ബുള്ളറ്റ്‌ പ്രൂഫ്‌ 
കൂട്ടിനുള്ളിൽനിന്ന്‌ 
ട്രംപിന്റെ പ്രസംഗം
നോർത്ത്‌ കാരലിനയിലെ ആഷ്‌ബറോയിൽ ബുള്ളറ്റ്‌ പ്രൂഫ്‌ കൂട്ടിനുള്ളിൽനിന്ന്‌ ഡോണൾഡ്‌ ട്രംപിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണം. ജൂലൈ 13ന്‌ പെൻസിൽവാനിയയിലെ ബട്ട്‌ലറിൽവച്ച്‌ വെടിയേറ്റതിനുശേഷമുള്ള ട്രംപിന്റെ ആദ്യത്തെ വലിയ പൊതുപരിപാടിയായിരുന്നു ബുധനാഴ്ചത്തേത്‌.  ബൈഡൻ ഭരണത്തിൽ അമേരിക്കയിലെ ക്രമസമാധാനനില തകർന്നെന്ന വാദത്തിന്‌ ശക്തി പകരാൻകൂടിയാണ്‌ ബുള്ളറ്റ്‌ പ്രൂഫ്‌ കൂട്ടിനുള്ളിൽനിന്നുള്ള പ്രസംഗമെന്നും വിലയിരുത്തപ്പെടുന്നു. കമല പ്രസിഡന്റായാൽ മൂന്നാം ലോകയുദ്ധം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ട്രംപിനുനേരേ വെടിയുതിർത്ത ഇരുപതുകാരൻ തോമസ്‌ ക്രൂക്ക്‌സ്‌, പരിപാടി ആരംഭിക്കുന്നതിന്‌ രണ്ട്‌ മണിക്കൂർ മുമ്പ്‌ വേദിക്ക്‌ സമീപത്തുകൂടി നടക്കുന്ന വീഡിയോ പുറത്തുവന്നു.  ആക്രമണം നടത്തിയ ഉടൻ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച്‌ കൊന്നിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top