19 December Thursday
പേടകത്തിന്റെ 
 12 കഷണം കണ്ടെത്തി

വിഫലമായി കാത്തിരിപ്പ്‌, കണ്ണീരിലാണ്ട്‌ ടൈറ്റൻ, സുരക്ഷയിൽ മുമ്പും ആശങ്ക

വെബ് ഡെസ്‌ക്‌Updated: Friday Jun 23, 2023


ബോസ്റ്റൺ
സമയത്തെയും വെല്ലുവിളിച്ച്‌ നടത്തിയ, ലോകം വീർപ്പടക്കി കണ്ട, രക്ഷാപ്രവർത്തനം വിഫലം. ടൈറ്റാനിക്‌ അവശിഷ്ടങ്ങൾ കാണാൻ പോയ ചെറു അന്തർവാഹിനി ടൈറ്റനിലെ അഞ്ചു യാത്രക്കാരും മരിച്ചു. പേടകത്തിന്റെ ഉടമസ്ഥരായ ഓഷ്യൻ ഗേറ്റ്‌ സാഹസികസഞ്ചാര കമ്പനിയും അമേരിക്കൻ നാവികസേനയുമാണ്‌ വിവരം സ്ഥിരീകരിച്ചത്‌. വടക്കൻ അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളിൽ പേടകം പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാൽ, എപ്പോഴാണ്‌ പേടകം പൊട്ടിത്തെറിച്ചത്‌ എന്നതിനെക്കുറിച്ച്‌ കൃത്യമായ വിവരങ്ങളില്ല. കാണാതായ ആദ്യദിനംതന്നെ അമിതമർദം കാരണം പൊട്ടിത്തെറിച്ചിരിക്കാമെന്നാണ്‌ വിദഗ്‌ധരുടെ അനുമാനം.

വ്യാഴം രാത്രിയാണ്‌ തിരച്ചിൽ നടത്തിയ വിക്ടർ 6000 അണ്ടർവാട്ടർ റോബോട്ട്‌ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾക്കും 1600 അടി താഴ്ചയിൽ പേടകത്തിന്റെ അവശിഷ്ടങ്ങൾ  കണ്ടെത്തിയത്‌. പൊട്ടിത്തെറിച്ച പേടകത്തിന്റെ 12 കഷണം കണ്ടെത്തിയതായി ഓഷ്യൻ ഗേറ്റിന്റെ പ്രസ്താവനയിൽ പറയുന്നു. തിരച്ചിൽ തുടരുമെന്നും, എന്നാൽ, യാത്രികരുടെ മൃതദേഹങ്ങളോ ശരീരാവശിഷ്ടങ്ങളോ കണ്ടെത്താനാകുമെന്ന്‌ ഉറപ്പിക്കാനാകില്ലെന്നും അമേരിക്കൻ നാവികസേന വ്യക്തമാക്കിയിട്ടുണ്ട്‌.

കറാച്ചി ആസ്ഥാനമായ വമ്പൻ ബിസിനസ്‌ ഗ്രൂപ്പ്‌ ‘എൻഗ്രോ’യുടെ ഉടമ ഷെഹ്‌സാദാ ദാവൂദ്‌ (48), മകൻ സുലേമാൻ (19) (ഇരുവരും ബ്രിട്ടീഷ്‌ പൗരർ), ബ്രിട്ടീഷ്‌ വ്യവസായി ഹാമിഷ്‌ ഹാർഡിങ്‌ (58), ഫ്രഞ്ച്‌ ഡൈവർ പോൾ ഹെൻറി നാർജിയോലെറ്റ്‌ (77), ഓഷ്യൻ ഗേറ്റ്‌ സിഇഒ സ്‌റ്റോക്‌ടൺ റഷ്‌ (61) എന്നിവരാണ്‌ ടൈറ്റനിൽ ഉണ്ടായിരുന്നത്‌. അഞ്ചുപേർക്ക്‌ 96 മണിക്കൂറത്തേക്ക്‌ ആവശ്യമായ ഓക്സിജനുമായി ഞായർ രാവിലെയാണ്‌ പേടകം കടലിന്റെ അടിത്തട്ടിലേക്ക്‌ യാത്ര തിരിച്ചത്‌. ഏഴുമണിക്കൂറിൽ തിരിച്ചെത്തേണ്ടിയിരുന്നു. പുറപ്പെട്ട്‌ 1.45 മണിക്കൂറിൽത്തന്നെ മാതൃകപ്പലായ പോളാർ പ്രിൻസുമായി ബന്ധം വിച്ഛേദിക്കപ്പെട്ടെങ്കിലും ഞായർ രാത്രി മാത്രമാണ്‌ അമേരിക്കൻ നാവികസേനയ്ക്ക്‌ വിവരം കെമാറിയത്‌. ഇതുൾപ്പെടെ നിരവധി പുകമറകളാണ്‌ ലോകത്തെ ഞെട്ടിച്ച ദുരന്തത്തെ ചുറ്റിപ്പറ്റി ഇപ്പോഴും നിലനിൽക്കുന്നത്‌. സമഗ്രമായ അന്വേഷണം വേണമെന്ന്‌ ഹാമിഷ്‌ ഹാൻഡിങ്ങിന്റെ ബന്ധു ആവശ്യപ്പെട്ടു.

സുരക്ഷയിൽ മുമ്പും ആശങ്ക
പലതവണ പേടകത്തിന്റെ സുരക്ഷാസംവിധാനം സംബന്ധിച്ച ആശങ്ക ഉന്നയിക്കപ്പെട്ടിരുന്നെന്ന മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ ചർച്ചയായിരുന്നു. സമുദ്രാടിത്തട്ടിലേക്കുള്ള സാഹസികയാത്രകൾ സംബന്ധിച്ച നിയമങ്ങൾ കർശനമാക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്‌. അമേരിക്ക, ക്യാനഡ, ഫ്രാൻസ്‌, ബ്രിട്ടൻ എന്നിവ സംയുക്തമായാണ്‌ തിരച്ചിൽ നടത്തിയത്‌. വിമാനങ്ങളും കപ്പലുകളും അണ്ടർവാട്ടർ റോബോട്ടുകളും ഉപയോഗിച്ച്‌ 17,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ്‌ തിരച്ചിൽ നടത്തിയത്‌. അമേരിക്കൻ നാവികസേന ഞായറാഴ്ചതന്നെ സ്‌ഫോടനശബ്ദം പിടിച്ചെടുത്തിരുന്നതായും റിപ്പോർട്ടുണ്ട്‌.


 

ദുരന്തമുണ്ടായത്‌ ടൈറ്റാനിക്കിന്റെ അതേവഴിയിൽ : ജയിംസ്‌ കാമറൂൺ
ടൈറ്റാനികിനെ ദുരന്തത്തിലേക്ക്‌ നയിച്ച കാരണമാണ്‌ ടൈറ്റൻ അന്തർവാഹിനിയുടെ തകർച്ചയ്ക്ക്‌ പിന്നിലുമെന്ന്‌ വിഖ്യാത സംവിധായകൻ ജയിംസ്‌ കാമറൂൺ. മുന്നറിയിപ്പ്‌ അവഗണിച്ചതാണ്‌ ഇരു ദുരന്തത്തിനും ഇടയാക്കിയത്‌. മുന്നറിയിപ്പ്‌ വകവയ്‌ക്കാതെപോയി മഞ്ഞുമലയിൽ ഇടിച്ച്‌ തകർന്ന ടൈറ്റാനിക്‌ കപ്പലിന്റെ കഥ 1997ൽ കാമറൂൺ സിനിമയാക്കിയിരുന്നു. ടൈറ്റണിന്റെ സുരക്ഷ സംബന്ധിച്ച്‌ ആശങ്കകൾ മുമ്പുതന്നെ പുറത്തുവന്നിരുന്നു.    2018 മാർച്ചിൽ മറൈൻ ടെക്‌നോളജി സൊസൈറ്റി (എംടിസി) അന്തർവാഹിനിയുടെ ഉടമസ്ഥരായ ഓഷ്യൻഗേറ്റിന്‌ അയച്ച കത്തിൽ കമ്പനി സ്വീകരിക്കുന്ന പരീക്ഷണാത്മക സമീപനം പ്രതികൂല ഫലത്തിന്‌ കാരണമായേക്കാം എന്ന മുന്നറിയിപ്പ്‌ നൽകിയിരുന്നു–-ജയിംസ്‌ കാമറൂൺ പറഞ്ഞു. 

യാത്ര അച്ഛന്റെ സന്തോഷത്തിന്‌
തന്റെ അച്ഛനുള്ള ‘ഫാദേഴ്‌സ്‌ ഡേ’ സമ്മാനമായാണ്‌ സുലേമാൻ ദാവൂദ്‌ ടൈറ്റൻ അന്തർവാഹിനിയിലെ യാത്രയ്ക്ക്‌ തയ്യാറായതെന്ന്‌ വെളിപ്പെടുത്തിൽ. സുലേമാന്‌ താൽപ്പര്യമില്ലെന്ന കാര്യം ബന്ധുവിനെ അറിയിച്ചിരുന്നതായും അച്ഛന്റെസഹോദരി അസ്‌മേ ദാവൂദ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. തന്റെ അച്ഛനെ സന്തോഷിപ്പിക്കാനാണ്‌ സുലേമാൻ  യാത്രയിൽ പങ്കെടുത്തത്‌. തകർന്ന ടൈറ്റൻ അന്തർവാഹിനിയിൽനിന്ന്‌ തിരികെ ജീവിതത്തിന്റെ തീരത്ത്‌ എത്തിയിരുന്നെങ്കിൽ ബ്രിട്ടീഷ്‌ വ്യവസായി ഹാമിഷ്‌ ഹാർഡിങ്ങിന്‌ ശനിയാഴ്‌ച 59 വയസ്സാകുമായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top