ന്യൂയോർക്ക് > റിപ്പബ്ലിക്കൻ പാർടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി ഡൊണാൾഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാർടിയുടെ ദേശീയ കൺവെൻഷനിലായിരുന്നു പ്രഖ്യാപനം. ഒഹിയോവിൽ നിന്നുള്ള സെനറ്റർ ജെ ഡി വാൻസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാകും.
സാധ്യതപ്പട്ടികയിലുണ്ടായിരുന്ന ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോ, നോർത്ത് ഡക്കോട്ട ഗവർണർ ഡഗ് ബേർഗം എന്നിവരെ പിന്തള്ളിയാണ് വാൻസ് സ്ഥാനാർഥിയാകുന്നത്. നീണ്ട ആലോചനകൾക്ക് ശേഷമാണ് വാൻസിനെ താൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി തെരഞ്ഞെടുത്തതെന്ന് ഡൊണാൾഡ് ട്രംപ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. രാഷ്ട്രീയ എതിരാളികൾക്ക് നേരെ കടുത്ത പരാമർശങ്ങൾ നടത്തി ശ്രദ്ധനേടിയിട്ടുള്ള വാൻസ് തുടക്കത്തിൽ ട്രംപിന്റെയും വിമർശകനായിരുന്നു. എന്നാലിപ്പോൾ ഇരുവരും അടുപ്പക്കാരാണ്.
വാൻസിന്റെ ‘ഹിൽബില്ലി എലജി’ എന്ന ഓർമക്കുറിപ്പ് യുഎസിൽ ബെസ്റ്റ്സെല്ലറായിരുന്നു. യുഎസ് സൈനികനായി ഇറാഖിൽ ഉൾപ്പെടെ പ്രവർത്തിച്ചിട്ടുണ്ട്. ബിസ്നസ് രംഗത്തും ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യൻ വംശജ ഉഷ ചിലുകുരിയാണ് ഭാര്യ. വൈസ് പ്രസിഡന്റ് എന്ന നിലയിൽ വാൻസ് രാജ്യത്തിന്റെ ഭരണഘടനയ്ക്കുവേണ്ടി പോരാടുന്നത് തുടരുമെന്നും സൈനികർക്കൊപ്പം നിൽക്കുമെന്നും ഉറപ്പുണ്ടെന്ന് ട്രംപ് പറഞ്ഞു. വെടിവയ്പിൽ നിന്ന് രക്ഷപെട്ട ട്രംപ് ചെവിയിൽ ബാൻഡേജ് ധരിച്ചാണ് കൺവെൻഷനിൽ പങ്കെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..