വാഷിങ്ടൺ > വാക്‌സിൻ വിരുദ്ധൻ റോബർട്ട് എഫ് കെന്നഡി ജൂനിയറിനെ ആരോഗ്യ സെക്രട്ടറിയായി നിയമിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആരോഗ്യ മനുഷ്യ സേവന വകുപ്പ് (എച്ച്എച്ച്എസ്) സെക്രട്ടറിയായാണ് കെന്നഡി ജൂനിയറെ നിയമിക്കുന്നത്. രണ്ടാം ട്രംപ് മന്ത്രിസഭയിൽ കെന്നഡി ജൂനിയറിന് സുപ്രധാന സ്ഥാനമുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രഖ്യാപനം.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്തിയായി മത്സരിക്കാനിരുന്നയാളാണ് റോബർട്ട് എഫ് കെന്നഡി ജൂനിയർ. പിന്നീട് സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി ട്രംപിനെ പിന്തുണയ്ക്കുകയായിരുന്നു. വർഷങ്ങളായി അമേരിക്കയിലെ വാക്‌സിൻ വിരുദ്ധ സൈദ്ധാന്തികരിലൊരാളാണ് കെന്നഡി. പരിസ്ഥിതി പ്രവർത്തകനായ കെന്നഡി ജൂനിയറോട് അതിൽനിന്നു മാറിനിൽക്കാനും നല്ല ദിവസങ്ങൾ ആസ്വദിക്കാനും തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷമുള്ള പ്രസംഗത്തിൽ ട്രംപ് ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തെ ആരോഗ്യ പ്രതിസന്ധിക്ക് കാരണമാകുന്ന ഹാനികരമായ രാസവസ്തുക്കൾ, മലിനീകരണം, കീടനാശിനികൾ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, ഭക്ഷ്യ അഡിറ്റീവുകൾ എന്നിവയിൽ നിന്ന് എല്ലാവരെയും സംരക്ഷിക്കുമെന്ന് ഉറപ്പാക്കുന്നതിൽ എച്ച്എച്ച്എസ് പ്രധാന പങ്ക് വഹിക്കുമെന്ന് ട്രംപ് പറഞ്ഞു. വാക്സിനുകളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായി കെന്നഡിയുടെ പേരിൽ നിരവധി ആരോപണങ്ങളുണ്ടായിട്ടുണ്ട്. യുഎസ് മുൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ അനന്തരവനും മുൻ സെനറ്റർ റോബർട്ട് എഫ് കെന്നഡിയുടെ മകനുമാണ് റോബർട്ട് ജൂനിയർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..