വാഷിങ്‌ടൺ
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപിനുനേരെ വെടിവയ്പുണ്ടായി അഞ്ചുദിവസം കഴിഞ്ഞിട്ടും ആക്രമണകാരണം കണ്ടെത്താനാകാതെ ഇരുട്ടിൽത്തപ്പി അമേരിക്കന്‍ അന്വേഷണ ഏജൻസികൾ. ശനിയാഴ്ച പെൻസിൽവാനിയയിലെ ബട്ട്‌ലറിൽ പൊതുയോഗത്തിൽ പ്രസംഗിക്കവെയാണ് 135 മീറ്റർ മാത്രം അകലെനിന്ന് വെടിവയ്പുണ്ടായത്. അടുത്തുള്ള കെട്ടിടത്തിനുമുകളിൽ ഒളിച്ചിരുന്ന തോമസ് മാത്യു ക്രൂക്ക്സ് എന്ന ഇരുപതുകാരനായ റിപ്പബ്ലിക്കൻ പ്രവർത്തകനാണ് നിറയൊഴിച്ചതെന്ന് പിന്നീട് കണ്ടെത്തി.
ട്രംപിന് ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന വാദം ശക്തമാണ്. അക്രമിയെ പൊലീസ് ജീവനോടെ പിടികൂടാത്തത് ആക്രമണ കാരണം പുറത്തുവരാതിരിക്കാനാണെന്ന വാദവും ശക്തമാണ്. ബെഥേൽ പാർക്കിലെ ക്രൂക്ക്‌സിന്റെ വീട് പരിശോധിച്ചിരുന്നെങ്കിലും തെളിവൊന്നും ലഭിച്ചില്ല. ആക്രമണത്തിന് തലേന്ന് ക്രൂക്ക്‌സ് പ്രാദേശിക സ്‌പോർട്‌സ് ക്ലബ്ബിൽ പോയി വെടിവയ്ക്കാൻ പരിശീലച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ, സ്ത്രീകളെ സീക്രട്ട് സർവീസിൽ എടുക്കുന്നത് കാര്യക്ഷമതയെ ബാധിക്കുമെന്ന വാദവുമായി റിപ്പബ്ലിക്കൻ എംപി ടിം ബുർഷെറ്റ് ഉൾപ്പെടെയുള്ള വലതുനേതാക്കൾ രംഗത്തെത്തി. ആക്രമണത്തെ തുടർന്ന് ട്രംപിന് മനുഷ്യകവചമൊരുക്കിയ വനിതാ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ട്രംപിനെക്കാൾ ഉയരം കുറവായിരുന്നു. സ്ത്രീകൾ ദുർബലരാണെന്നും അവർകാരണം ട്രംപിന്റെ ജീവൻ അപകടത്തിലായെന്നും ചില വലതുനേതാക്കൾ സമൂഹമാധ്യമത്തിൽ കുറിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..