വാഷിങ്ടൺ > പാം ബോണ്ടിയെ അറ്റോർണി ജനറലായി ശുപാർശ ചെയ്ത് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിൽനിന്നുള്ള യുഎസ് കോൺഗ്രസ് അംഗം മാറ്റ് ഗേറ്റ്സി(41)നെ അറ്റോർണി ജനറലായി നിയമിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. എന്നാൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടത്തി, ലഹരി മരുന്ന് ഉപയോഗിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങൾ മാറ്റ് ഗേറ്റ്സിനെതിരെ ഉയർന്നിരുന്നു. ഈ കേസിൽ യുഎസ് കോൺഗ്രസിലെ ഹൗസ് എത്തിക്‌സ് കമ്മിറ്റി അന്വേഷണം നടത്തി വരികയായിരുന്നു. നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന ഗേറ്റ്സിന്റെ നിയമനത്തിന് അംഗീകാരം നൽകുന്നതിൽ റിപ്പബ്ലിക്കൻ സെനറ്റർമാർക്കും വിയോജിപ്പുണ്ടായിരുന്നു. ഇതേ തുടർന്നാണ് പാം ബോണ്ടിയെ അറ്റോർണി ജനറലായി ശുപാർശ ചെയ്‌തത്.
പ്രതിരോധ സെക്രട്ടറിയായി ട്രംപ് നാമനിർദേശം ചെയ്തിട്ടുള്ള പീറ്റ് ഹെഗ്‌സെത്തിനെതിരായും ലൈംഗിക പിഡന പരാതി ഉയർന്നിരുന്നു. ഫോക്‌സ് ന്യൂസ് അവതാരകനും സൈനിക വിദഗ്‌ധനുമായ പീറ്റ് ഹെഗ്‌സെത്ത് തന്നെ ഹോട്ടൽ റൂമിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്ന കാലിഫോർണിയ സ്വദേശിയായ യുവതി നൽകിയ പരാതിയുടെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ട്രംപ് തന്റെ വിശ്വസ്‌തരെ ഉൾപ്പെടുത്തി കൊണ്ട് പുതിയ ക്യാബിനറ്റ് പ്രഖ്യാപിച്ചത് ദിവസങ്ങൾക്ക് മുമ്പാണ്. എന്നാൽ കാബിനറ്റ് അധികാരത്തിലെത്തും മുമ്പേ തന്നെ വിവാദങ്ങളിലും വിമർശനങ്ങളിലും നിറയുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..