06 November Wednesday

ചാഞ്ചാട്ട സംസ്ഥാനങ്ങളെ കൂടെ നിർത്തി ഡോണൾഡ് ട്രംപ് മുന്നേറുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണ ഉറപ്പാക്കി ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്‍റ്  പദവിയിലേക്ക് മുൻതൂക്കം ഉറപ്പാക്കി മുന്നേറുന്നതായി എക്സിറ്റ് പോൾ ഫലങ്ങൾ. 538 ഇലക്ടറല്‍ കോളേജ് വോട്ടുകളില്‍ 94-ഉം ഏഴ് സ്വിങ് സ്റ്റേറ്റുകളില്‍ലാണ്. ഇവയിൽ ആറിടത്തും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണൾഡ് ട്രംപ് മുന്നിട്ട് നില്‍ക്കുന്നുവെന്ന സൂചനകളാണ്‌ എക്‌സിറ്റ് പോളുകൾ പുറത്തു വിട്ടത്.  

സ്വിങ് സ്റ്റേറ്റുകളില്‍ നോര്‍ത്ത് കരോലിന ഒഴികെയുള്ള ആറും കഴിഞ്ഞതവണ ജോ ബൈഡനൊപ്പമായിരുന്നു. 16 വോട്ടുകളുള്ള ജോര്‍ജിയ പിടിക്കാനായാല്‍ അത് റിപ്പബ്ലിക്കന്‍സിന് പ്രതീക്ഷയാവും. 11 ഇലക്ടറല്‍ വോട്ടുകളുള്ള അരിസോണയിലും 15 ഇലക്ടറല്‍ വോട്ടുകളുള്ള മിഷിഗണിലും വാശിയേറിയ പോരാട്ടമാണ്. ഇവിടെയാണ് ട്രംപിന് മുൻതൂക്കം പ്രവചിച്ചിരിക്കുന്നത്. ഈ സൂചനകള്‍ ഇതേ നില തുടര്‍ന്നാല്‍ ട്രംപിന് തിരിച്ചുവരവിനുള്ള സാധ്യതകള്‍ തെളിയും. വിസ്‌കോണ്‍സിനിലും റിപ്പബ്ലിക്കന്‍സിന് മുന്‍തൂക്കമുള്ള സംസ്ഥാനമാണ്.

 

ട്രംപിന് 24 സ്റ്റേറ്റുകളില്‍ മുന്‍തൂക്കം; 19 സ്റ്റേറ്റുകളിൽ കമല ഹാരിസ്



വ്യോമിങ്, വെസ്റ്റ് വെര്‍ജീനിയ, ഉറ്റാഹ്, ടെക്‌സാസ്, ടെന്നസീ, സൗത്ത് ഡക്കോട്ട, സൗത്ത് കരോലിന, ഒക്‌ലാഹോമ, ഓഹിയോ, നബ്രാസ്‌ക, നോര്‍ത്ത് ഡക്കോട്ട, നോര്‍ത്ത് കരോലിന, മൊണ്ടാന, മിസിസിപ്പി, മിസൗറി, ലൂസിയാന, കെന്റകി, കന്‍സാസ്, ഇന്ത്യാന, ഇദാഹോ, ലോവ, ഫ്‌ളോറിഡ, അര്‍കന്‍സാസ്, അലബാമ സ്‌റ്റേറ്റുകളാണ് ട്രംപിനൊപ്പം.

വാഷിങ്ടണ്‍, വെര്‍മൗണ്ട്, വെര്‍ജീനിയ, റോഡ് ഐലന്‍ഡ്, ഒറിഗോണ്‍, ന്യൂയോര്‍ക്ക്, ന്യൂമെക്‌സിക്കോ, ന്യൂജേഴ്‌സി, നെബ്രാസ്‌ക, മെയ്‌നെ, മെറിലാന്‍ഡ്, മസാച്യുസെറ്റ്‌സ്, ഇല്ലിനോയിസ്, ഹവായ്, ഡെലാവെയര്‍, ഡി.സി, കണക്ടികട്, കൊളറാഡോ, കാലിഫോര്‍ണിയ എന്നീ സ്‌റ്റേറ്റുകളിലാണ് കമല ഹാരിസ് നില ഭദ്രമാക്കിയിട്ടുള്ളത്.


അലാസ്‌കയിലും നവേഡയിലും ചിത്രം വ്യക്തമായിട്ടില്ല. ജോര്‍ജിയ, നോര്‍ത്ത് കരോലിന എന്നീ സ്വിങ് സ്‌റ്റേറ്റുകളില്‍ ട്രംപ് മുന്നിലാണ്. അരിസോണ, പെന്‍സില്‍വേനിയ, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍, നവേഡ എന്നിവിടങ്ങളില്‍ നേരിയ മുന്നേറ്റം നിലനിർത്തുന്നു. അലാസ്‌കയില്‍ ഇനിയും ചിത്രം വ്യക്തമായിട്ടില്ല.

അമേരിക്കന്‍ ഭരണഘടന അനുസരിച്ച് ഇലക്ടര്‍മാരാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. 50 സംസ്ഥാനങ്ങള്‍ക്കും തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയ്ക്കും ജനസംഖ്യാനുപാതികമായി കോണ്‍ഗ്രസ്, സെനറ്റ് അംഗങ്ങള്‍ക്ക് തുല്യമായ എണ്ണം ഇലക്ടര്‍മാരുണ്ടാകും.

എല്ലാ സംസ്ഥാനങ്ങള്‍ക്കും കുറഞ്ഞത് മൂന്ന് ഇലക്ടര്‍മാരെങ്കിലും ഉണ്ടാകുമെന്ന് ഭരണഘടന ഉറപ്പുനല്‍കുന്നു. ഈ തിരഞ്ഞെടുപ്പിന്‍ 538 ഇലക്ടറല്‍ വോട്ടുകളാണ് ഉള്ളത്. കേവല ഭൂരിപക്ഷത്തിന് വേണ്ട 270 പേരോ അതില്‍കൂടുതലോ ഇലക്ടര്‍മാര്‍ വോട്ടുചെയ്താല്‍ കേവല ഭൂരിപക്ഷം നേടുന്നയാള്‍ പ്രസിഡന്റാകും. വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതും ഈ രീതിയില്‍ തന്നെയാണ്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേധാവിത്വമുള്ള ഫ്‌ളോറിഡ, ടെക്‌സസ്‌, ഇന്ത്യാന, കെന്റക്കി സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പമാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കോട്ടയായ വെര്‍മോണ്ട്, വാഷിങ്ടണ്‍, കലിഫോര്‍ണിയ സംസ്ഥാനങ്ങള്‍ കമലയ്ക്കുമൊപ്പമാണ്. തുടര്‍ച്ചയായ മൂന്നാം തിരഞ്ഞെടുപ്പിലും ടെക്‌സസിലെ നാല്‍പ്പത് ഇലക്ടറല്‍ കോളേജ് വോട്ടുകളും ട്രംപ് ഉറപ്പാക്കികഴിഞ്ഞു. ഒഹിയോയിലെ 17 വോട്ടുകളും ട്രംപിന് അനുകൂലമാകും. അതേസമയം ന്യൂയോര്‍ക്കിലെ 28 ഇലക്ടറല്‍ കോളേജ് വോട്ടുകളും കമലയ്ക്കാണ് ലഭിച്ചത്.
 



 ചാഞ്ചാട്ട സംസ്ഥാനങ്ങൾ



പെന്‍സല്‍വേനിയ, വിസ്‌കോണ്‍സന്‍, മിഷിഗന്‍, നെവാദ, ജോര്‍ജിയ, നോര്‍ത് കരോലൈന, അരിസോണ എന്നീ സംസ്ഥാനങ്ങളുടെ വോട്ടുനിലയായിരിക്കും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുക. ഇവയാണ് ചാഞ്ചാട്ട സംസ്ഥാനങ്ങൾ അഥവാ സ്വിങ് സ്റ്റേറ്റുകൾ എന്നറിയപ്പെടുന്നത്. ഇരുവശത്തേക്കും മാറാവുന്നതാണ് ഈ സംസ്ഥാനങ്ങളിലെ വോട്ടുകൾ.

 പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം ജനപ്രതിനിധി സഭയിലേക്കും 34 സെനറ്റ് സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.ന്യൂഹാംപ്ഷെയറിലെ ഡിക്സൻ വില്ലയിലെ വോട്ടർമാരാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത് . തൊട്ടുപിന്നാലെ തന്നെ വെർമൗണ്ട് സ്റ്റേറ്റിലും വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ത്യന്‍ സമയം രാവിലെ പതിനൊന്നര വരെയാണ് വോട്ടെടുപ്പ്. ഇന്ന് ബുധനാഴ്ച വൈകിട്ടോടെ തന്നെ വ്യക്തമായ ഫലസൂചന പുറത്തുവരും. ഒപ്പത്തിനൊപ്പം പോരാട്ടമാണെങ്കില്‍ ഫലം വൈകും. സ്വിങ് സ്റ്റേറ്റുകളിലെ നേരിയ വോട്ട് വ്യത്യാസം പോലും വോട്ടുകളുടെ റീകൗണ്ടിങ് എന്ന ആവശ്യം ഉയരാനിടയാക്കും.



ഇലക്ട്രർമാരും അവരുടെ വോട്ട് വരുന്ന വഴിയും
 



ജനങ്ങളുടെ വോട്ടിനെക്കാള്‍ ഇലക്ടറല്‍ കോളേജ് എന്ന സംവിധാനത്തെയാണ് പ്രസിഡന്റിനെ നിശ്ചയിക്കാന്‍ അമേരിക്ക ആശ്രയിക്കുന്നത്. ഓരോ സംസ്ഥാനത്തെയും പാര്‍ട്ടിഘടകങ്ങളാണ് അതാതിടത്തെ ഇലക്ടറല്‍ കോളേജ് അംഗത്തെ (ഇലക്ടര്‍) നിശ്ചയിക്കുക. ഓരോ സംസ്ഥാനത്തിനും അവിടത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് തുല്യമായ ഇലക്ടര്‍മാരുണ്ടാവും.
ഓരോ സംസ്ഥാനത്തെയും ജനപ്രതിനിധികളുടെ എണ്ണം ജനസംഖ്യാനുപാതികമായി ഓരോ പത്തുവര്‍ഷവും മാറിക്കൊണ്ടിരിക്കും. ഇതുപ്രകാരം ഇത്തവണ 538 ഇലക്ടര്‍മാരാണ് വരുന്നത്. 54 പേരുള്ള കാലിഫോര്‍ണിയയിലാണ് ഏറ്റവുമധികം.

ആകെയുള്ള 538 ഇലക്ടര്‍മാരില്‍ 94 എണ്ണം വോട്ടുകളാണ് ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ നിന്നുള്ളത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോട്ടകളെല്ലാം ഒപ്പംനിന്നാലും കേവലഭൂരിപക്ഷമായ 270-ന് ഡൊണാള്‍ഡ് ട്രംപിന് 51 ഇലക്ടറല്‍ വോട്ടിന്റെ കുറവുവരും. ഡെമോക്രാറ്റിക് സംസ്ഥാനങ്ങളെല്ലാം പിടിച്ചാലും കമലാ ഹാരിസിന് 44 വോട്ടിന്റെ കുറവുമുണ്ടാകും. അവിടെയാണ് ഈ ഏഴു സംസ്ഥാനങ്ങളുടെ പ്രസക്തി.

2016-ല്‍ നെവാഡ ഒഴികെ എല്ലാം ട്രംപിനു കിട്ടി. 2020-ല്‍ നോര്‍ത്ത് കരോലൈന ഒഴികെ എല്ലാ സംസ്ഥാനങ്ങളും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോബൈഡനൊപ്പം നിന്നു. 1980- നുശേഷം ഒരിക്കലേ നോര്‍ത്ത് കരോലൈന ഡെമോക്രാറ്റുകളെ കനിഞ്ഞിട്ടുള്ളൂ; 2008-ല്‍ ആഫ്രോ-അമേരിക്കന്‍ വംശജനായ ബരാക് ഒബാമ മത്സരിച്ചപ്പോള്‍.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top