വാഷിങ്‌ടൺ
അമേരിക്കയെ വീണ്ടും മികവിലേക്ക് ഉയർത്താൻ സഹായിക്കുന്ന മഹത്തായ വിജയമാണ് ജനങ്ങൾ റിപ്പബ്ലിക്കൻ പാർടിയ്‌ക്ക് നൽകിയതെന്ന് ഡോണൾഡ് ട്രംപ്. വിജയം ഉറപ്പിച്ച ശേഷം അനുയായികളെ അഭിസംബോധ ചെയ്‌ത ട്രംപ് ജെ ഡി വാൻസിനെ വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചു. ഭാര്യ മെലാനിയ അടക്കം ഒട്ടുമിക്ക കുടുംബാംഗങ്ങളും ട്രംപിനൊപ്പമുണ്ടായിരുന്നു. ജെ ഡി വാൻസിനെയും ഇന്ത്യൻ വംശജയായ ഭാര്യ ഉഷ വാൻസിനെയും ട്രംപ് അനുമോദിച്ചു.
അനധികൃത കുടിയേറ്റം എന്തുവിലകൊടുത്തും തടയുമെന്ന തെരഞ്ഞെടുപ്പ് വാഗ്‌ദാനം ട്രംപ് ആവർത്തിച്ചു. സെനറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനായത് നേട്ടമാണ്. അസാധ്യമെന്ന് എല്ലാവരും കരുതിയ വിജയമാണ് എല്ലാ വെല്ലുവിളികളും മറികടന്ന് റിപ്പബ്ലിക്കൻ പാർടി നേടിയത്. അമേരിക്ക ഒരിക്കലും കണ്ടിട്ടില്ലാത്ത രാഷ്ട്രീയ വിജയമാണിത്–- ട്രംപ് പറഞ്ഞു.
ടെസ്ല, സ്പേസ് എക്‌സ് സ്ഥാപകനായ ശതകോടീശ്വരന്‍ ഇലോൺ മസ്‌കിനും ട്രംപ് നന്ദി പറഞ്ഞു. യുഎസിനെ ബിറ്റ്കോയിന്റെയും ക്രിപ്റ്റോ കറൻസിയുടെയും തലസ്ഥാനമായി മാറ്റുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..