കാലിഫോര്‍ണിയ> ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‌ല, സ്‌പേസ് എക്‌സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തു. 44 ബില്യണ്‍ ഡോളറിനാണ് (3.67 ലക്ഷം കോടി രൂപ) കരാര്‍ ഒപ്പുവെച്ചത്. ട്വിറ്ററിനെ ഏറ്റെടുക്കാമെന്ന ഇലോണ്‍ മസ്‌കിന്റെ വാഗ്ദാനം ട്വിറ്റര്‍ ബോര്‍ഡ് അംഗീകരിച്ചു.ഓഹരി ഒന്നിന് 54.20 ഡോളര്‍ എന്ന നിരക്കില്‍ 44 ബില്യണിനാണ് കരാര്‍. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികള്‍ ഈ മാസം ആദ്യം മസ്‌ക് സ്വന്തമാക്കിയിരുന്നു. ട്വിറ്ററിന്റെ ഓഹരിയിലെ ക്ലോസിംഗ് മൂല്യത്തേക്കാള്‍ 38 ശതമാനം കൂടുതലാണ് കരാര്‍ തുക.
തന്റെ വിമര്‍ശകരും ട്വിറ്ററില്‍ തുടരുമെന്നാണ് പ്രതീക്ഷയെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനായാണ് നിലകൊള്ളുന്നതെന്നും മസ്‌ക് പ്രഖ്യാപിച്ചു. മുമ്പില്ലാത്തവിധം മികച്ചതായി ട്വിറ്ററിനെ മാറ്റാനാണ് താന്‍ ആഗ്രഹിക്കുന്നത്. പുതിയ ഫീച്ചേഴ്സ് അവതരിപ്പിക്കാനും വിശ്വാസ്യത വര്‍ധിപ്പിക്കാനുള്ള മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുമെന്നും ഏറ്റെടുക്കലിന് ശേഷം മസ്‌ക് അറിയിച്ചു.
അടുത്തിടെയാണ് അദ്ദേഹം ട്വിറ്ററില്‍ ഓഹരി പങ്കാളിയായത്. അഭിപ്രായ സ്വാതന്ത്ര്യമുള്ള യഥാര്‍ഥ പ്ലാറ്റ്‌ഫോമായി മാറണമെങ്കില്‍ ട്വിറ്റര്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതാവണം എന്നാണ് മസ്‌കിന്റെ നിലപാട്. നിലവില്‍ ടെസ്‌ല, സ്‌പേസ് എക്‌സ് കമ്പനികളുടെ സിഇഒയാണ് ഇലോണ്‍ മസ്‌ക്. ഫോബ്‌സ് പട്ടികയില്‍ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഇലോണ്‍ മസ്‌ക്.
ട്വിറ്ററില്‍ ഒന്‍പത് ശതമാനത്തിലേറെ ഇലോണ്‍ മസ്‌ക് ഓഹരി സ്വന്തമാക്കിയതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിനെ മുഴുവനായി വാങ്ങാനുള്ള താത്പര്യം ഇലോണ്‍ മസ്‌ക് അറിയിച്ചത്. തുടക്കത്തില്‍ ഇതിനെ തമാശയായി കരുതിയ ട്വിറ്റര്‍ മാനേജ്‌മെന്റ് ഇലോണ്‍ മസ്‌ക് പൊന്നുംവില പ്രഖ്യാപിച്ചതോടെ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..