19 December Thursday

ചെങ്കടലില്‍ രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം

അനസ് യാസിന്‍Updated: Tuesday Oct 1, 2024

മനാമ > യെമന്‍ തീരത്തിന് സമീപം ചെങ്കടലില്‍ രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം. അല്‍ ഹുദയ്ദ തുറമുഖത്തിന് വടക്ക് പടിഞ്ഞാറ് 64 നോട്ടിക്കല്‍ മൈല്‍ അകലെ നടന്ന ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളില്‍ രണ്ട് കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ബ്രിട്ടീഷ് സമുദ്ര സുരക്ഷാ ഏജന്‍സി (യുകെഎംടിഒ) ചൊവ്വാഴ്ച അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ ആദ്യ സംഭവത്തില്‍ ഡ്രോണ്‍ ബോട്ട് ഇടിച്ചാണ് കപ്പലിന് സാരമായി കേടുപാട് പറ്റിയത്. ക്രൂവില്ലാത്ത ഉപരിതല കപ്പലില്‍ ഇടിച്ച് ആറാം നമ്പര്‍ പോര്‍ട്ട് ബാലസ്റ്റ് ടാങ്ക് തകര്‍ന്നു. എല്ലാ കപ്പല്‍ ജീവനക്കാരും സുരക്ഷിതരാണെന്നും അടുത്ത തുറമുഖത്തേക്ക് നീങ്ങുകുകയാണെന്നും ബ്രിട്ടീഷ് ഏജന്‍സി അറിയിച്ചു.

ഈ സംഭവം കഴിഞ്ഞ് മൂന്ന് മണിക്കൂറിനകമാണ് അടുത്ത ആക്രമണം. മിസൈല്‍ പതിച്ച് വ്യാപാര കപ്പല്‍ തകര്‍ന്നു. കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഏജന്‍സി അറിയിച്ചു. രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ നവംബര്‍ മുതല്‍ യെമനിലെ ഹൂതികള്‍ ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നുണ്ട്. ഇസ്രയേല്‍ ബന്ധമുള്ള ഏത് കപ്പലും ആക്രമിക്കുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top