26 December Thursday

ഗാസ അധിനിവേശനീക്കത്തെ തള്ളി ബെെഡൻ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 17, 2023

ഗാസ > സൈനിക പിന്തുണ നൽകുമ്പോൾത്തന്നെ ഇസ്രയേലിന്റെ ഗാസ അധിനിവേശനീക്കത്തെ തള്ളി അമേരിക്ക. ഗാസ വീണ്ടും പിടിച്ചെടുക്കുന്നത്‌ വലിയ തെറ്റാകുമെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ പറഞ്ഞു. ഇസ്രയേൽ ഗാസയിൽ പലസ്തീൻകാരെ വംശീയ ഉന്മൂലനം നടത്താനുള്ള അന്തിമ ഒരുക്കത്തിലേക്ക്‌  കടക്കവെയാണ്‌ ബൈഡന്റെ ചുവടുമാറ്റം. ഇതിനിടെ ഗാസയിലേക്ക്‌  ഇസ്രയേലിന്റെ ബോംബാക്രമണം ഇടതടവില്ലാതെ തുടരുകയാണ്‌. കൂടുതൽ സൈനികസന്നാഹങ്ങളെയും വിന്യസിച്ചു.

ഇസ്രയേലിന്‌ പിന്തുണ അറിയിക്കാൻ ബൈഡൻ അടുത്ത ദിവസംതന്നെ ടെൽ അവീവിൽ എത്തും. ജർമൻ ചാൻസലർ ഒലാഫ്‌ ഷോൾസും ഇസ്രയേൽ സന്ദർശിക്കും. അറബ്‌ രാജ്യങ്ങളിൽ സന്ദർശനം പൂർത്തിയാക്കി ഇസ്രയേലിൽ തിരിച്ചെത്തിയ അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, പ്രസിഡന്റ്‌ ഇസ്സാക്‌ ഹെർസോഗ്‌ എന്നിവരുമായി ഗാസയിൽ മാനവിക ഇടനാഴി തുറക്കുന്നത്‌ സംബന്ധിച്ച്‌ ചർച്ച നടത്തി. റാഫ അതിർത്തി തുറക്കുന്നത്‌ സംബന്ധിച്ചും ചർച്ച പുരോഗമിക്കുന്നു.

നെതന്യാഹു, പലസ്തീൻ പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസ്‌, ഈജിപ്ത്‌ പ്രസിഡന്റ്‌ അബ്‌ദേൽ ഫത്താ അൽസിസി എന്നിവരുമായി റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിൻ ഫോണിൽ ചർച്ച നടത്തും. സിറിയ പ്രസിഡന്റ്‌ ബാഷർ അൽ അസദ്‌, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി എന്നിവരുമായും അദ്ദേഹം സംസാരിച്ചിരുന്നു. തുർക്കിയ പ്രസിഡന്റ്‌ റജെബ്‌ തയ്യിപ്‌ എർദോഗനും റെയ്‌സിയുമായി ചർച്ച നടത്തി.

ഹമാസിന്റെ ആക്രമണങ്ങളെ മഹ്‌മൂദ്‌ അബ്ബാസും തള്ളി. ഹമാസല്ല, പലസ്‌തീൻ ലിബറേഷൻ ഓർഗനൈസേഷനാണ്‌ പലസ്തീൻകാരുടെ ഏക പ്രതിനിധിയെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിൽ ഇതുവരെ 2866 പലസ്തീൻകാരും 1400 ഇസ്രയേൽകാരും കൊല്ലപ്പെട്ടു. വൻദുരന്തത്തിന്‌ 24 മണിക്കൂർ മാത്രം അകലെയാണ്‌ ഗാസയെന്ന്‌ ലോകാരോഗ്യ സംഘടന റിപ്പോർട്ട്‌ ചെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top